കനത്ത മഴയെ തുടര്ന്ന് വഴി അടഞ്ഞതോടെ ഇടമലക്കുടിയില് രോഗിയായ വയോധികനെ നാട്ടുകാര് തുണിയില് പൊതിഞ്ഞ് തോളിലേറ്റി കിലോമീറ്ററുകള് കാല്നടയായി ആശുപത്രിയിലെത്തിച്ചു
Idukki , 12 ഓഗസ്റ്റ് (H.S.) കനത്ത മഴയെ തുടര്ന്ന് വഴി അടഞ്ഞതോടെ ഇടമലക്കുടിയില് രോഗിയായ വയോധികനെ നാട്ടുകാര് തുണിയില് പൊതിഞ്ഞ് തോളിലേറ്റി കിലോമീറ്ററുകള് കാല്നടയായി ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ കുടല്ലാര്കുടി സ്വദേശിയായ മലയപ്പനെയാ
EDAMALAKUDI ROAD ISSUE


Idukki , 12 ഓഗസ്റ്റ് (H.S.)

കനത്ത മഴയെ തുടര്ന്ന് വഴി അടഞ്ഞതോടെ ഇടമലക്കുടിയില് രോഗിയായ വയോധികനെ നാട്ടുകാര് തുണിയില് പൊതിഞ്ഞ് തോളിലേറ്റി കിലോമീറ്ററുകള് കാല്നടയായി ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ കുടല്ലാര്കുടി സ്വദേശിയായ മലയപ്പനെയാണ് (75) കുടി നിവാസികള് അതിസാഹസികമായി ആനക്കുളത്തെത്തിച്ച് തുടര്ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഠിനമായ പനിയും വയറുവേദനയും ശരീരവേദനയും മൂലം കഴിഞ്ഞ ഒരു ആഴ്ചയായി മലയപ്പന് കിടപ്പിലായിരുന്നു. എന്നാല് കഴിഞ്ഞ ദിവസങ്ങളില് മേഖലയില് പെയ്ത അതിശക്തമായ മഴയെ തുടര്ന്ന് വനപാതകള് തടസപ്പെടുകയും ഇദ്ദേഹത്തെ ആശുപത്രിയില് കൊണ്ടുപോകാന് സാധിക്കാതെ വരികയുമായിരുന്നു.

ഇന്ന് രാവിലെയോടെ ഇദ്ദേഹത്തിൻ്റെ ആരോഗ്യനില കൂടുതല് വഷളായതിനെ തുടര്ന്നാണ് നാട്ടുകാര് അടിയന്തരമായി തുണിയില് പൊതിഞ്ഞ് മുളങ്കഴയില് കെട്ടി തോളിലേറ്റി വനത്തിലൂടെ നടക്കാന് തീരുമാനിച്ചത്. കിലോമീറ്ററുകള് ദുര്ഘടമായ വനപാതയിലൂടെ കാല്നടയായി ചുമന്ന് ഇദ്ദേഹത്തെ അടുത്തുള്ള പട്ടണമായ ആനക്കുളത്ത് എത്തിക്കുകയായിരുന്നു. അവിടെനിന്ന് ഓട്ടോറിക്ഷയില് അടിമാലി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. വന നിയമങ്ങളും വികസന അവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്നും പൊതു പ്രവർത്തകനായ സി രേജേന്ദ്രൻ പറയുന്നു.

''ഒരു കുടിയ്ക്ക് ഒരു ഹെക്ടർ സ്ഥലം എടുക്കാമെന്നും വഴിക്കായി 75 മരം വരെ മുറിക്കാമെന്നും നിയമമാണ്. എന്നാൽ വഴിയ്ക്കായി മരം മുറിക്കാൻ തയാറാകുമ്പോള് വനം വകുപ്പ് തടയുന്നു. ഇതിന് മുൻപ് സമാന സാഹചര്യത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. അതേ തുടർന്ന് വഴി വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ട് വച്ചു. അന്നും വനം വകുപ്പ് ഒഴിവ് പറഞ്ഞ് മാറ്റി,'' പൊതു പ്രവർത്തകനായ സി രേജേന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ദുര്ഘടമായ ഭൗമസാഹചര്യങ്ങളും റോഡ് സൗകര്യങ്ങളുടെ അഭാവവും കാരണം അടിയന്തര വൈദ്യസഹായം ലഭിക്കാന് ഇടമലക്കുടിവാസികള് ഇപ്പോഴും നേരിടുന്ന ദുരിതമാണ് ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News