കേരളത്തിൽ കാട്ടാനകളുടെയും നാട്ടാനകളുടെയും എണ്ണത്തിൽ വൻ ഇടിവ്;ഇന്ന് ലോക ആന ദിനം
Thiruvananthapuram , 12 ഓഗസ്റ്റ് (H.S.) കേരളത്തിൽ കാട്ടാനകളുടെയും നാട്ടാനകളുടെയും എണ്ണത്തിൽ വൻ ഇടിവ്. പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ ആനകളുടെ എണ്ണം പകുതിയോളം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോക ആനദിനം ആചരിക്കുന്ന വേളയിലാണ് ആശങ്കപ്പെടുത്തുന്
World elephant day


Thiruvananthapuram , 12 ഓഗസ്റ്റ് (H.S.)

കേരളത്തിൽ കാട്ടാനകളുടെയും നാട്ടാനകളുടെയും എണ്ണത്തിൽ വൻ ഇടിവ്. പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ ആനകളുടെ എണ്ണം പകുതിയോളം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോക ആനദിനം ആചരിക്കുന്ന വേളയിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ പുറത്തുവരുന്നത്.

നിലവിൽ 2785 കാട്ടാനകളും 388 നാട്ടാനകളുമടക്കം 3173 ആനകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. 2016ൽ കാട്ടാനകളുടെ എണ്ണം 5700 മുതൽ 6200 വരെയായിരുന്നു. 2021-25 കാലയളവിൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ രാജ്യത്തെ ആദ്യ ഡിഎൻഎ അധിഷ്ഠിത കണക്കെടുപ്പിലാണ് കാട്ടാനകളുടെ എണ്ണം 2785 ആണെന്ന് കണ്ടെത്തിയത്. എന്നാൽ സംസ്ഥാന വനംവകുപ്പ് 2023ൽ നടത്തിയ കണക്കെടുപ്പിൽ ബ്ലോക്ക് കൗണ്ടിൽ 1920 ആനകളെയും ഡങ് കൗണ്ടിൽ 2386 ആനകളെയുമാണ് കണ്ടെത്തിയത്. കണക്കുകളിലെ ഈ വ്യത്യാസം കാട്ടാനകളുടെ യഥാർഥ എണ്ണത്തിൽ ഇപ്പോഴും വ്യക്തതക്കുറവുണ്ടാക്കുന്നുണ്ട്.

തുടരുന്ന മനുഷ്യ-ആന സംഘർഷം

ആവാസവ്യവസ്ഥ ചുരുങ്ങുന്നതും വനനശീകരണവും മനുഷ്യ-ആന സംഘർഷവുമാണ് എണ്ണം കുറയാൻ പ്രധാന കാരണം. 2019 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ കേരളത്തിലെ വനങ്ങളിൽ 744 കാട്ടാനകൾ ചരിഞ്ഞു. 2024-25ൽ മാത്രം 150 കാട്ടാനകളാണ് ചരിഞ്ഞത്. അനധികൃത വൈദ്യുതവേലികളിൽനിന്ന് വൈദ്യുതാഘാതമേറ്റ് ആറു വർഷത്തിനിടെ 77 കാട്ടാനകൾ ചരിഞ്ഞതായും വനംവകുപ്പിൻ്റെ റിപ്പോർട്ടിലുണ്ട്. കാട്ടാനകളുടെ എണ്ണം കുറയുമ്പോഴും മനുഷ്യ-ആന സംഘർഷത്തിന് കുറവില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാന ആക്രമണങ്ങളിൽ 109 പേർ മരിച്ചു. വനമേഖലയോടു ചേർന്നുള്ള ജനവാസമേഖലകളിൽ സംഘർഷം രൂക്ഷമാകുന്നതിൻ്റെ സൂചനയാണിത്.

നാട്ടാനകളുടെ എണ്ണത്തിലും സമാനമായ ഇടിവുണ്ട്. 2010ൽ 702 നാട്ടാനകളുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം ജനുവരിയിലെ കണക്കനുസരിച്ച് ഇത് 388 ആയി കുറഞ്ഞു. പരിപാലനച്ചെലവ് ഉയർന്നതും നിയമപരമായ നിയന്ത്രണങ്ങൾ ശക്തമായതുമാണ് ഇതിന് കാരണം. രാജ്യത്ത് ഏറ്റവും കൂടുതൽ കാട്ടാനകളുള്ളത് കർണാടകയിലാണ്. 6013 ആനകളുള്ള കർണാടകയ്ക്ക് പിന്നിൽ കേരളം നാലാം സ്ഥാനത്താണ്.

ലോക ആനദിനംആനകളുടെ സംരക്ഷണത്തിനായി 2011 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 12 ആനദിനമായി ആചരിക്കുന്നു. ഏഷ്യൻ, ആഫ്രിക്കൻ ആനകളുടെ ദുരവസ്ഥ ലോകത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കനേഡിയൻ ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിൻ്റെ മൈക്കൽ ക്ലാർക്ക്, തായ്ലൻഡിലെ എലിഫൻ്റ് റീ ഇൻട്രൊഡക്ഷൻ ഫൗണ്ടഷൻ്റെ സെക്രട്ടറി ജനറൽ ശിവപോർൺ ദർദരാനന്ദ എന്നിവർ ചേർന്നാണ് ഈ ദിനം രൂപകൽപ്പന ചെയ്തത്. ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായുള്ള വേട്ടയാടലും മനുഷ്യൻ്റെ കടന്നുകയറ്റങ്ങളും കാരണം കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനകൾ ഇപ്പോൾ വംശനാശ ഭീഷണിയിലാണ്.

രസകരമായ വിവരങ്ങൾശരാശരി 70 വർഷം വരെയാണ് ആനകളുടെ ജീവിതകാലം. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ഇവയ്ക്കാണ്. 21 മുതൽ 22 മാസം വരെ നീളുന്ന 630 ദിവസമാണ് ഗർഭകാലം. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ശരീരത്തിൽ ആകെ 282 അസ്ഥികളാണുള്ളത്.

ഒരു വശത്തെ കാലുകൾ ഒരേസമയം മുൻപോട്ട് വച്ച് നടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളിൽനിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു. മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് വിളിക്കുന്നത്. പൂർണ വളർച്ചയെത്തിയ ഒരാനയ്ക്ക് ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും ആവശ്യമാണ്. കണ്ണുകൾക്കു താഴെയുള്ള മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂർ വരെയാണ് വിശ്രമ സമയം. ആഫ്രിക്കൻ ആനകൾ വിശ്രമത്തിനായി കിടക്കാറില്ല. മുപ്പത് എണ്ണം വരെയുള്ള കൂട്ടമായാണ് കാട്ടാനകൾ സഞ്ചരിക്കുക. ഒറ്റയ്ക്ക് നടക്കുന്ന ആനകൾ കൂടുതൽ ആക്രമണകാരികളാണ്. വലിയ ശരീരമാണെങ്കിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ ഇവയ്ക്ക് കഴിയും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News