ഫോസ്റ്റർ കെയറിൽ കഴിഞ്ഞിരുന്ന രണ്ട് സഹോദരങ്ങൾക്ക് കുടുംബജീവിതവും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കി
Kozhikode , 12 ഓഗസ്റ്റ് (H.S.) മാതാപിതാക്കളെ നഷ്ടപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഫോസ്റ്റർ കെയർ സ്ഥാപനത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന രണ്ട് സഹോദരങ്ങൾക്ക് കുടുംബാന്തരീക്ഷവും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്നതിനുള്ള ദത്തെടുക്കൽ നടപടികൾ വിജയകരമായി പൂർത
Bindhu Krishna


Kozhikode , 12 ഓഗസ്റ്റ് (H.S.)

മാതാപിതാക്കളെ നഷ്ടപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഫോസ്റ്റർ കെയർ സ്ഥാപനത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന രണ്ട് സഹോദരങ്ങൾക്ക് കുടുംബാന്തരീക്ഷവും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്നതിനുള്ള ദത്തെടുക്കൽ നടപടികൾ വിജയകരമായി പൂർത്തിയാക്കിയതായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

2023-ൽ കുടുംബാന്തരീക്ഷം ഒരുക്കുന്നതിനായി കുട്ടികൾക്ക് ഫോസ്റ്റർ കെയർ നൽകുകയായിരുന്നു. തുടർന്ന്, നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ഫോസ്റ്റർ കെയറിൽ കഴിയുന്ന കുട്ടികളെ ദത്തെടുക്കലിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു.

വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ദത്തെടുക്കൽ മേഖലയിലെ കർത്തവ്യവാഹകരുടെയും കൂട്ടായ ഇടപെടലിലൂടെയാണ് നടപടികൾ പൂർത്തിയാക്കാനായത്.

മുതിർന്ന കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ദത്തെടുക്കൽ നടപടികൾ വിജയകരമായി പൂർത്തിയായത്. ഇതിലൂടെ രണ്ട് കുട്ടികൾക്കും ഒരു കുടുംബവും സ്വന്തം എന്ന് വിളിക്കാവുന്ന വീടും സ്നേഹവും സുരക്ഷയും ലഭിക്കുന്നതിനൊപ്പം ദത്തെടുക്കലിലൂടെ ലഭിക്കേണ്ട നിയമപരമായ അവകാശങ്ങളും ഉറപ്പാക്കാൻ സാധിച്ചു.

“ഇത് ഒരു ദത്തെടുക്കൽ നടപടി പൂർത്തിയാക്കൽ മാത്രമല്ല. സ്ഥാപനത്തിന്റെ ചുവരുകൾക്കപ്പുറം രണ്ട് കുട്ടികൾക്ക് കുടുംബത്തിന്റെ സുരക്ഷയും സ്നേഹവും അവകാശങ്ങളും ഉറപ്പാക്കാൻ നമ്മുടെ ശിശുസംരക്ഷണ സംവിധാനം ഒരുമിച്ച് പ്രവർത്തിച്ചതിന്റെ വിജയമാണ്.

കുട്ടികൾ സ്ഥാപനങ്ങളിൽ വളരേണ്ടവരല്ല; കഴിയുന്നിടത്തോളം അവർ കുടുംബങ്ങളിൽ വളരേണ്ടവരാണ്,” മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി കഴിയുന്ന 228 കുട്ടികളെ ദത്തെടുക്കലിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളുടെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഫോസ്റ്റർ കെയറും ദത്തെടുക്കലും സംയോജിപ്പിച്ചുള്ള ഇടപെടലിന്റെ ഭാഗമായി നാളിതുവരെ 25 കുട്ടികളുടെ ഫോസ്റ്റർ അഡോപ്ഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ട്.

കുടുംബാന്തരീക്ഷം ലഭിക്കേണ്ട ഓരോ കുട്ടിക്കും അത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ശിശു വികസന വകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കുട്ടിയെ സ്വന്തം കുടുംബത്തിലെ ഒരാളായി ചേർത്തുപിടിക്കാൻ മനസ്സുള്ളവർക്ക് ഫോസ്റ്റർ കെയറിലൂടെ ഈ വലിയ മാറ്റത്തിന്റെ ഭാഗമാകാം. ഫോസ്റ്റർ കെയറിനെക്കുറിച്ച് കൂടുതൽ അറിയാനും താൽപര്യം അറിയിക്കാനും ചൈൽഡ് ഹെൽപ്ലൈൻ 1098-ൽ വിളിക്കുകയോ 8281899479 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ചെയ്യാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News