Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ഓഗസ്റ്റ് (H.S.)
ഐ ടി വകുപ്പിനെ ഉടച്ചുവാർത്ത് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ 'കേരള ടെക്' എന്ന ബ്രാൻഡുമായി വിപണിയിലെത്തി സംസ്ഥാന സർക്കാർ. എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് ഐടി പാർക്കുകൾ വിപുലീകരിച്ച് സംരംഭക സാധ്യതകൾ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 'ഐടി പാർക്ക്' എന്ന പേര് ഇൻഫോർമേഷൻ ടെക്നോളജിക്ക് ഊന്നൽ നൽകുന്നതായതിനാൽ അതിനുപകരം സമഗ്ര മേഖലയിലും വികസനം ലക്ഷ്യമിടുന്ന 'കേരള ടെക്' എന്ന ബ്രാൻഡ് പ്രചരിപ്പിക്കാനാണ് സർക്കാർ തീരുമാനം. പുത്തൻ ബ്രാൻഡിങിൻ്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിൻ്റെ പേര് 'ഐടി ഫ്യൂച്ചർ ടെക്നോളജീസ് ആൻഡ് സ്റ്റാർട്ടപ്പ്സ് വകുപ്പ്' എന്നുമാറ്റി.
ഐടി മേഖലയിലെ സമഗ്ര വികസനത്തിനു വേണ്ടി കേരള ടെക് പോർട്ടൽ രൂപീകരിക്കും. നിക്ഷേപകർ, സംരഭകൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവർക്കു വേണ്ടി സിംഗിൾ വിൻഡോ പ്ലാറ്റ്ഫോമായി പോർട്ടൽ പ്രവർത്തിക്കും. പുതിയ ഐടി നയം അഞ്ചുലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇരുപതിനായിരം സ്റ്റാർട്ടപ്പുകൾ വളർത്താനുമാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ടെക്നോപാർക്ക്, കോഴിക്കോട് സൈബർപാർക്ക്, ഡിജിറ്റൽ സർവകലാശാല, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സ്ഥാപനങ്ങളെ പുതിയ ബ്രാൻഡിങ് സഹായിക്കുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.
കേരള ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷനായി മാറ്റാനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഐടി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇലക്ട്രോണിക്സ്, ബയോ ടെക്നോളജി, ടൂറിസം, ലോജിസ്റ്റിക്സ്, ക്രിയേറ്റീവ് ഇൻഡസ്ട്രീസ് തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകിയാകും സംസ്ഥാനത്തെ ഐടി പാർക്കുകൾ നവീകരിക്കുക. വ്യവസായ മേഖലയിൽ വൻ നിക്ഷേപങ്ങൾ സാധ്യമാക്കാൻ ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ ബോർഡിൻ്റെ പ്രവർത്തനങ്ങൾ വിപുലമാക്കും. സംസ്ഥാനത്തിൻ്റെ സാങ്കേതിക മേഖലയെ കൂടുതൽ ആഗോളതലത്തിൽ അവതരിപ്പിക്കാനും നിക്ഷേപകരെയും കമ്പനികളെയും ആകർഷിക്കാനും പുതിയ ബ്രാൻഡിങ് സഹായിക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
കേന്ദ്ര സർക്കാരിൻ്റെ 'ഇന്ത്യ എഐ' പദ്ധതിയുടെ ഭാഗമായി, സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടുകൂടി തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഒരു ഇന്ത്യ എഐ മികവിൻ്റെ കേന്ദ്രം സ്ഥാപിക്കുകയാണ്. മേഖലയിൽ സംരംഭകരെ പ്രോത്സാഹിപ്പികുകയും അതിനാവശ്യമായ വിദഗ്ധരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രാഥമികലക്ഷ്യം. ഇൻഫോപാർക്ക് ഫേസ് മൂന്ന് വിഭാവനം ചെയ്തിരിക്കുന്നത് ഒരു 'എഐ നേറ്റീവ് സിറ്റി' എന്ന ആശയത്തിലൂന്നിയാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 500 ഏക്കറിൽ കുറയാത്ത ഭൂമിയിലാണ് ഈ പദ്ധതി നടപ്പാക്കുവാൻ ആലോചിക്കുന്നത്. ഈ പദ്ധതിയിൽ ഐടി തൊഴിലിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സമീപകാലത്ത് വ്യവസായ വകുപ്പും ഏകീകൃത 'കെ' ബ്രാൻഡിങ് സ്വീകരിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളെ ആധുനികവും നിക്ഷേപ സൗഹൃദവുമായ തിരിച്ചറിയലിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് 'കേരള ടെക്' രൂപീകരണത്തെ കാണുന്നത്. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെ പുതിയ ഘട്ടത്തിലേക്കാണ് കേരളം പ്രവേശിക്കുന്നതെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള സാങ്കേതിക നിക്ഷേപം, ഗവേഷണം, നവീകരണം, ഉയർന്ന മൂല്യമുള്ള തൊഴിൽ അവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് 'കേരള ടെക്' ബ്രാൻഡിനെ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR