Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ഓഗസ്റ്റ് (H.S.)
ലയണൽ മെസ്സിയെയും അർജൻ്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന മുൻ എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപനത്തിന് പിന്നിൽ വൻ അഴിമതിയെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ സർക്കാർ സംവിധാനങ്ങളെ പൂർണമായും ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും കമ്പനിയുടെ പശ്ചാത്തലം പോലും പരിശോധിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു സ്വകാര്യ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിക്ക് വേണ്ടി സർക്കാരിൻ്റെ ഔദ്യോഗിക സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തു എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി മുതൽ ജില്ല കലക്ടർ, പൊലീസ്, ജിസിഡിഎ ഉൾപ്പെടെയുള്ള ഭരണയന്ത്രത്തെ ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഇതിലൂടെ അവർക്ക് വലിയ രീതിയിൽ സാമ്പത്തിക ലാഭമുണ്ടാക്കാൻ അവസരമൊരുക്കിയ ശേഷം സർക്കാരിന് പണം നഷ്ടമായിട്ടില്ല എന്ന് പറയുന്നതിൽ യാതൊരു അർഥവുമില്ല. മുൻ സർക്കാരിൻ്റെ കാലത്ത് പാലിക്കേണ്ട യാതൊരു നടപടിക്രമങ്ങളും ഈ വിഷയത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിയുടെ പശ്ചാത്തലം പരിശോധിച്ചില്ല
ഗോൾട്ടാർഡ് എന്ന പരസ്യ കമ്പനിയുടെ ഭാഗത്ത് നിന്നാണ് ആദ്യത്തെ ഇമെയിൽ സന്ദേശം അന്നത്തെ കായിക മന്ത്രിക്ക് ലഭിക്കുന്നത്. ഈ ഇമെയിൽ അയക്കുന്നതിന് വെറും ഇരുപത് ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയാണിത്. കേവലം ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള ഒരു സ്ഥാപനത്തിന് ലയണൽ മെസ്സിയെപ്പോലെ ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോൾ താരത്തെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാൻ കഴിയുമോ എന്ന് അന്ന് പരിശോധിച്ചില്ല. ഇവർക്ക് ഇതിന് മുൻപ് ഇത്തരം പരിപാടികൾ നടത്തി പരിചയമുണ്ടോ എന്നോ സാമ്പത്തിക ഭദ്രതയുണ്ടോ എന്നോ അന്വേഷിക്കാൻ മുൻ സർക്കാർ തയാറായില്ല. മന്ത്രിയുടെ ഓഫിസിലേക്ക് വരുന്ന ഒരു പ്രൊപ്പോസൽ കൈകാര്യം ചെയ്യേണ്ട യാതൊരു രീതിയും ഇവിടെ പാലിക്കപ്പെട്ടില്ല. ഫയലുകൾ രജിസ്റ്റർ ചെയ്യുകയോ നമ്പർ നൽകുകയോ ചെയ്യാതെ രണ്ട് വർഷത്തോളം ഈ ആശയവിനിമയം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
സത്യപ്രതിജ്ഞാ ലംഘനവും സാമ്പത്തിക നഷ്ടവും
അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി മന്ത്രി നേരിട്ട് നടത്തിയ ആശയവിനിമയങ്ങളിൽ അമീറ ആയിഷ ബീഗം എന്ന സ്ത്രീക്കും ഇമെയിൽ പകർപ്പ് നൽകിയിട്ടുണ്ട്. കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പോലും അറിയാത്ത ഈ വ്യക്തി ആരാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറിയതിലൂടെ കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ് നടന്നിരിക്കുന്നത്. സ്പോൺസറെ കണ്ടെത്തിയതിലും യാതൊരു സുതാര്യതയും ഉണ്ടായിരുന്നില്ല. സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന വാദം തികച്ചും തെറ്റാണ്. സ്പെയിൻ യാത്രയ്ക്ക് ഉൾപ്പെടെ സർക്കാരിൻ്റെ 14 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. ഇത് നഷ്ടമായിത്തന്നെ കണക്കാക്കണം. കൂടാതെ, സ്പോൺസർ നൽകിയ 126 കോടി രൂപ നഷ്ടപ്പെട്ടുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഈ പണം എവിടേക്ക് പോയി എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
'മെസ്സി വരും കേട്ടോ' എന്ന് പറഞ്ഞ പിണറായി ഈ വിവാദം കേട്ടോ?ഫിഫ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവരെ ഒന്നും അറിയിക്കാതെയാണ് ഒരു അന്താരാഷ്ട്ര മത്സരത്തിനായി മുൻ സർക്കാർ ശ്രമങ്ങൾ നടത്തിയത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ വലിയൊരു വേദിയിൽ വച്ച് 'മെസ്സി വരും കേട്ടോ' എന്ന് വളരെ ആവേശത്തോടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വൻ അഴിമതിയുടെയും ക്രമക്കേടുകളുടെയും വിവാദങ്ങൾ അദ്ദേഹം അറിഞ്ഞോ എന്ന് വ്യക്തമാക്കണമെന്ന് ഒ.ജെ. ജനീഷ് ചോദിച്ചു.
ഫുട്ബോൾ പ്രേമികളുടെ വികാരം ചൂഷണം ചെയ്ത് നടത്തിയ ഈ നീക്കത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. യാതൊരു സുതാര്യതയുമില്ലാതെ, ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിയെ മുൻനിർത്തി നടത്തിയ ഈ ഇടപാടുകളെക്കുറിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മറുപടി പറയണമെന്നും കായിക മന്ത്രി ആവശ്യപ്പെട്ടു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR