Enter your Email Address to subscribe to our newsletters

Kozhikode , 12 ഓഗസ്റ്റ് (H.S.)
മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിൽ കട്ടിൽ ഇല്ലാത്തതിനെ തുടർന്ന് നിലത്തു രോഗികൾ കിടക്കുന്ന സംഭവത്തിന് പരിഹാരമാകുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളാണ് ഏറെയും ഇങ്ങനെ കിടക്കേണ്ടി വരുന്നത്. ഈ വിഭാഗത്തിലേക്കു മാത്രമായി 120 സ്റ്റീൽ കട്ടിലുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ഇവ നാളെ എത്തിത്തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് എംപി ശ്രീജയൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. ഇതോടെ രോഗികൾ നേരിടുന്നൊരു വലിയ പ്രശ്നമാണ് പരിഹരിക്കപ്പെടുന്നത്.
മെഡിസിൻ വിഭാഗത്തിൽ വിവിധ വാർഡുകളിലായി 420 കട്ടിലുകളാണ് നിലവിലുള്ളത്. എന്നാൽ അഞ്ഞൂറിലേറെ രോഗികളാണ് മെഡിസിൻ വിഭാഗത്തിൽ ഓരോ ദിവസവും കിടത്തി ചികിത്സയ്ക്ക് വിധേയമാകുന്നത്.
പഴയ അത്യാഹിത വിഭാഗത്തിൽ ഇനി പൂർണമായും രോഗികളെ കിടത്തും. അത്യാഹിത വിഭാഗത്തിനോടു ചേർന്ന ഐസിയുവിനു മുകളിലെ വാർഡ് മെഡിസിൻ വിഭാഗത്തിനു കൈമാറി. പഴയ അത്യാഹിത വിഭാഗത്തിലെ കുറച്ചു ഭാഗങ്ങളും ഈ ഐസിയുവിനോട് ചേർന്ന വാർഡും മെഡിസിൻ വിഭാഗത്തിനു നേരത്തെ നൽകിയിരുന്നു. എന്നിരുന്നാലും രോഗികളുടെ തിരക്ക് വർധിക്കുന്ന സന്ദർഭങ്ങളിൽ പ്രായമായവരടക്കം നിരവധി പേർ ആശുപത്രിയിലെ പ്രധാന വരാന്തയോട് ചേർന്നു നിലത്തു പായ വിരിച്ചു കിടക്കേണ്ട സാഹചര്യമായിരുന്നു.
പരാതികൾ ശക്തമായതിനെ തുടർന്നാണ് കൂടുതൽ സൗകര്യമൊരുക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗികൾ നിലത്തു കിടക്കുന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസ് എടുത്തിരുന്നു. രോഗികളെ നിലത്തു കിടത്തുന്നതിൽ അടിയന്തര പരിഹാരം കാണാനും അദ്ദേഹം നിർദേശിച്ചിരുന്നു. 21നു ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനിരിക്കേയാണ് പ്രശ്നപരിഹാരത്തിന് അധികൃതർ നടപടി ആരംഭിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരും നിലത്ത് കിടക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ലെന്ന് ആശുപത്രി സന്ദർശിച്ചതിനു ശേഷം ആരോഗ്യ മന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിൻ്റെ നടപടിക്രമങ്ങൾ തുടരുകയാണെന്നും വേഗം തന്നെ പരിഹാരം ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആശുപത്രി സൂപ്രണ്ട് എം പി ശ്രീജയൻ വ്യക്തമാക്കിയിരുന്നു. സാധാരണ ഉണ്ടായിരുന്നതിനേക്കാളും കൂടുതലായിട്ട് നാല് മെഡിക്കൽ വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 800 മുതൽ 1000 രോഗികളാണ് ഒരോ ദിവസവും അത്യാഹിത വിഭാഗത്തിൽ വരുന്നത്. 100 മുതൽ 150 വരെ അനിമൽ ബൈറ്റ്സ്, പൂച്ച മാന്തിയത്, നായ കടിച്ചത് തുടങ്ങിയ കേസുകളായി ഒരോ ദിവസവും വരുന്നത്. ഇതിൻ്റെയെല്ലാം പിരിമുറുക്കം കുറച്ച് വേണ്ടപോലെ കാര്യങ്ങൾ സജ്ജമാക്കുന്നുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR