Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ഓഗസ്റ്റ് (H.S.)
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പ്രവർത്തനം കൂടുതൽ ചിട്ടപ്പെടുത്തുന്നതിനും ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനുമായി പെരുമാറ്റച്ചട്ടവും പ്രവർത്തന മാർഗരേഖയും നിലവിൽ വരുന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നിർദേശപ്രകാരം 12 ഇനങ്ങളടങ്ങിയ മാർഗരേഖ തയാറായി. പൊതുഭരണവകുപ്പ് ഉടൻ ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കും. തുടർന്ന് ഓരോ വകുപ്പിലെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ചുമതലകൾ തരംതിരിച്ച് മന്ത്രിമാർ പ്രത്യേക ഉത്തരവിറക്കും.
ഓഫിസിൻ്റെ ചുമതല പ്രൈവറ്റ് സെക്രട്ടറിക്ക്
മന്ത്രിയുടെ ഓഫിസിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനച്ചുമതല പ്രൈവറ്റ് സെക്രട്ടറിക്കായിരിക്കും. പേഴ്സണൽ സ്റ്റാഫിൻ്റെ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വവും പ്രൈവറ്റ് സെക്രട്ടറിക്കാണ്. സർക്കാർ നിശ്ചയിച്ച ശമ്പളം ലഭിക്കുന്ന തസ്തികകളിലുള്ളവർക്ക് കേരള സർവീസ് റൂൾസും കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടവും ബാധകമാകും. മറ്റ് മന്ത്രിമാരുമായും വകുപ്പുകളുമായും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കി ആശയവിനിമയം പ്രൈവറ്റ് സെക്രട്ടറി മുഖേനയാക്കണമെന്ന നിർദേശവും മാർഗരേഖയിലുണ്ട്.
ബിസിനസ് ബന്ധങ്ങൾക്ക് വിലക്ക്
പേഴ്സണൽ സ്റ്റാഫിൽ പ്രവേശിച്ചശേഷം സർക്കാരിൽനിന്ന് സ്വത്ത് വാങ്ങുകയോ സർക്കാരിന് സ്വത്ത് വിൽക്കുകയോ ചെയ്യാൻ പാടില്ല. സ്റ്റാഫ് അംഗങ്ങളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങൾ മന്ത്രിയുടെ കീഴിലുള്ള വകുപ്പിനോ സ്ഥാപനങ്ങൾക്കോ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന സാഹചര്യം ഒഴിവാക്കണം.
സ്റ്റാഫിൽ ചേരുന്നതിന് മുമ്പ് ബിസിനസിൽ ഉടമസ്ഥതയോ പങ്കാളിത്തമോ ഉണ്ടായിരുന്നെങ്കിൽ അത് അവസാനിപ്പിക്കണം. മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽനിന്ന്, ചാരിറ്റബിൾ ട്രസ്റ്റുകളിൽനിന്നുപോലും, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സംഭാവന സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും.
വിദേശയാത്രയ്ക്കും സമൂഹമാധ്യമ ഇടപെടലിനും നിയന്ത്രണം
മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ ഔദ്യോഗികമോ സ്വകാര്യമായോ വിദേശയാത്ര നടത്താനും പാടില്ല. സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതിനും വിലക്കുണ്ടാകും.
പേഴ്സണൽ സ്റ്റാഫിൻ്റെ ഔദ്യോഗിക ഇടപെടലുകൾക്ക് വ്യക്തമായ പരിധി നിശ്ചയിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാർഗരേഖ കൊണ്ടുവരുന്നത്. ഇതോടെ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ഭരണപരമായ ഉത്തരവാദിത്വങ്ങൾക്കും ആശയവിനിമയത്തിനും കൂടുതൽ വ്യക്തതയുണ്ടാകും.
10 പേരിൽനിന്ന് 25 പേരിലേക്ക്
കേരള സെക്രട്ടേറിയറ്റ് ഓഫിസ് മാന്വലിൽ മന്ത്രിമാരെ സഹായിക്കാൻ പ്രൈവറ്റ് സെക്രട്ടറിയും ഇവരുടെ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറിയും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന കാര്യത്തിൽ വിശദമായ വ്യവസ്ഥകൾ നിലവിലില്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടവും പ്രവർത്തന മാർഗരേഖയും കൊണ്ടുവരുന്നത്.
ആദ്യ സംസ്ഥാന മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്നത് പ്രധാനമായും വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു. അന്ന് ഒരു മന്ത്രിക്ക് പരമാവധി പത്തോളം സ്റ്റാഫ് അംഗങ്ങളുണ്ടായിരുന്നെങ്കിൽ നിലവിൽ എണ്ണം 25 വരെ ഉയർന്നിട്ടുണ്ട്. സ്റ്റാഫിൻ്റെ എണ്ണം വർധിച്ചതോടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവചിക്കേണ്ട സാഹചര്യം ഉണ്ടായതായാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
കാബിനറ്റ് നോട്ടിനും ഏകീകൃത മാതൃക
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പ്രവർത്തനത്തിന് മാർഗരേഖ കൊണ്ടുവരുന്നതിനൊപ്പം മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി വകുപ്പുകൾ സമർപ്പിക്കുന്ന കാബിനറ്റ് നോട്ടുകളിലും ഏകീകൃത രീതി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.
ഓരോ വകുപ്പും മന്ത്രിസഭാ പരിഗണനയ്ക്കായി സമർപ്പിക്കുന്ന വിഷയങ്ങൾ കൃത്യതയോടെയും ഒരേ ഫോർമാറ്റിലും തയാറാക്കണം. ആവശ്യമായ വിവരങ്ങളും വസ്തുതകളും ക്രമബദ്ധമായി ഉൾപ്പെടുത്തി പുതിയ രീതിയിലായിരിക്കണം സെക്രട്ടറിമാർ അടുത്ത മന്ത്രിസഭാ യോഗത്തിനുള്ള വിഷയങ്ങൾ സമർപ്പിക്കേണ്ടത്.
പേഴ്സണൽ സ്റ്റാഫിൻ്റെ പ്രവർത്തനത്തിന് വ്യക്തമായ ചട്ടക്കൂട് ഒരുക്കുന്നതിനും മന്ത്രിമാരുടെ ഓഫിസുകളുടെ പ്രവർത്തനത്തിൽ ഏകീകൃത രീതി ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പെരുമാറ്റച്ചട്ടവും കാബിനറ്റ് നോട്ടിനുള്ള ഏകീകൃത മാതൃകയും കൊണ്ടുവരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR