14 അവയവങ്ങൾ ദാനം ചെയ്യാൻ പ്രതിജ്ഞയെടുത്ത് എല്ലാവർക്കും മാതൃകയായി നിഷ ജോസ് കെ മാണി.
Kottayam , 12 ഓഗസ്റ്റ് (H.S.) ‘എൻ്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ’, 14 അവയവങ്ങൾ ദാനം ചെയ്യാൻ പ്രതിജ്ഞയെടുത്ത് എല്ലാവർക്കും മാതൃകയാവുകയാണ് രാജ്യസഭാ എംപി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. മരണാനന്തരം തൻ്റെ ശരീരത്തിലെ
Nisha Jose K Mani


Kottayam , 12 ഓഗസ്റ്റ് (H.S.)

‘എൻ്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ’, 14 അവയവങ്ങൾ ദാനം ചെയ്യാൻ പ്രതിജ്ഞയെടുത്ത് എല്ലാവർക്കും മാതൃകയാവുകയാണ് രാജ്യസഭാ എംപി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. മരണാനന്തരം തൻ്റെ ശരീരത്തിലെ 14 അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയാണ് അവർ ഏവർക്കും പ്രചോദനമാകുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഓർഗനൈസേഷനിലാണ് (NOTTO) അവർ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

'എൻ്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...' അവര് കുറിച്ചു. തൻ്റെ മരണം 14 പേർക്ക് പുതിയൊരു തുടക്കമാകുമെന്നും, അതുകൊണ്ട് 14 ജീവിതസാധ്യതകളാണ് തുറക്കപ്പെടുന്നതെന്നും നിഷ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് മറ്റൊരാൾക്ക് മോചനം നൽകുന്ന വൃക്ക, പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്ന കരൾ, ശ്വാസകോശം എന്നിങ്ങനെ തൻ്റെ ശരീരഭാഗങ്ങളിലൂടെ 14 പേർക്കാണ് പുതുജീവൻ ലഭിക്കുക.

ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ എന്നാണ് അവർ കുറിച്ചത്. മക്കളോടും പ്രിയപ്പെട്ടവരോടുമായി വളരെ വൈകാരികമായ ഒരു സന്ദേശവും ഈ കുറിപ്പിലുണ്ട്. താൻ വിടവാങ്ങുമ്പോൾ അചേതനമായ ശരീരത്തെ പിടിച്ചുവയ്ക്കാതെ സ്നേഹത്തെ ചേർത്തുപിടിക്കണമെന്നും, ശരീരം ആവശ്യമുള്ളവരിലേക്ക് എത്താൻ അനുവദിക്കണമെന്നുമാണ് അവർ പറയുന്നത്. വലിയ സ്വത്തോ പണമോ അല്ല, മറിച്ച് കുറച്ചു പേർക്കെങ്കിലും പുതിയൊരു 'ജീവൻ' സമ്മാനിച്ചാണ് അമ്മ മടങ്ങിയതെന്ന് മക്കൾ ഓർക്കണമെന്നും നിഷ ആഗ്രഹിക്കുന്നു.

അവയവദാനത്തിൻ്റെ മഹത്വം പൊതുസമൂഹത്തെ ഓർമിപ്പിക്കുന്നതിനൊപ്പം, ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കായി നോട്ടോയുടെ (NOTTO) രജിസ്ട്രേഷൻ ലിങ്കും അവർ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. ഈ ലോകത്ത് നിന്ന് വിടപറയാനുള്ള ഏറ്റവും മനോഹരമായ മാർഗ്ഗം മറ്റൊരാൾക്ക് ജീവൻ നൽകുകയാണെന്ന അവരുടെ ഈ സന്ദേശം സമൂഹത്തിന് വലിയൊരു വഴികാട്ടിയാണെന്നും അവര് കുറിച്ചു. സ്വന്തം വ്യക്തിത്വം കൊണ്ടും സാമൂഹിക ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയയായ വനിതയാണ് നിഷ ജോസ് കെ. മാണി. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുൻനിര നേതാവും രാജ്യസഭാ എം.പിയുമായ ജോസ് കെ. മാണിയുടെ ഭാര്യ എന്ന വിലാസത്തിനപ്പുറം, മികച്ചൊരു എഴുത്തുകാരി, പ്രഭാഷക, ജീവകാരുണ്യ പ്രവർത്തക എന്നീ നിലകളിൽ അവർ ജനമനസുകളിൽ ഇടംനേടിയിട്ടുണ്ട്.

'ദി അദർ സൈഡ് ഓഫ് എ സെലിബ്രിറ്റി': എഴുത്തുകാരിയുടെ വേഷത്തിൽ

ഒരു രാഷ്ട്രീയ നേതാവിൻ്റെ ഭാര്യയായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളെയും വെല്ലുവിളികളെയും തുറന്നെഴുതിയ 'ദി അദർ സൈഡ് ഓഫ് എ സെലിബ്രിറ്റി' എന്ന പുസ്തകത്തിലൂടെ നിഷ തന്നിലെ എഴുത്തുകാരിയെ അടയാളപ്പെടുത്തി. ഒരു സെലിബ്രിറ്റിയുടെ നിഴലിൽ ജീവിക്കുന്ന സ്ത്രീയുടെ യഥാർത്ഥ ജീവിതം, യാത്രകൾ, കണ്ടുമുട്ടിയ മനുഷ്യർ, നേരിട്ട സൈബർ ആക്രമണങ്ങൾ എന്നിവയെല്ലാം വളരെ ലളിതവും മനോഹരവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവർ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളുടെ സ്വയംതൊഴിൽ പദ്ധതികൾക്കും അവകാശ സംരക്ഷണങ്ങൾക്കും വേണ്ടി അവർ നിരന്തരം ശബ്ദമുയർത്തുന്നു. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആതുരസേവന രംഗത്തും അവർ സജീവമായി ഇടപെടുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News