സംസ്ഥാന വ്യാപകമായി ലഹരിവേട്ട ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി നിരവധി പേർ പിടിയിൽ
Wayanad , 12 ഓഗസ്റ്റ് (H.S.) സംസ്ഥാന വ്യാപകമായി ലഹരിവേട്ട ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി നിരവധി പേർ പിടിയിലായി. വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലായി നടന്ന പരിശോധനയില
Operation thooffan


Wayanad , 12 ഓഗസ്റ്റ് (H.S.)

സംസ്ഥാന വ്യാപകമായി ലഹരിവേട്ട ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി നിരവധി പേർ പിടിയിലായി. വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലായി നടന്ന പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.

കർണാടക അതിർത്തി വഴി കേരളത്തിലേക്ക് വാണിജ്യ അളവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവിനെയും യുവതിയെയും ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് ഇവർ പിടിയിലായത്. മലപ്പുറം തെറ്റമ്മൽ പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ (31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്ലാന (21) എന്നിവരാണ് അറസ്റ്റിലായത്. കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെഎൽ 10 ബിബി 2213 നമ്പർ കാറിലാണ് ഇരുവരും സഞ്ചരിച്ചത്.

ചെക്ക്പോസ്റ്റിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ മുഹമ്മദ് റസീലിൻ്റെ പാൻ്റ് പോക്കറ്റിൽ നിന്ന് 41.56 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. വിപണിയിൽ വലിയ വിലവരുന്ന മയക്കുമരുന്ന് വിഭാഗമായ എംഡിഎംഎ കൈവശം വച്ച കേസിന് ഗുരുതര സ്വഭാവമാണെന്ന് പൊലീസ് വ്യക്തമാക്കി. ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടിച്ചെടുത്ത മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിച്ചതെന്നും കേരളത്തിൽ ആരെ ലക്ഷ്യമിട്ടാണ് കടത്താൻ ശ്രമിച്ചതെന്നും സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കർണാടക അതിർത്തി വഴി കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പരിശോധന നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് ഇരുവരെയും പിടികൂടിയതെന്നും വയനാട്ടിലെ അതിർത്തി മേഖലകളിൽ ലഹരിവിരുദ്ധ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി ശൃംഖലകളെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്ത്

സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ താംബരം മംഗളൂരു എക്സ്പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സ്ലീപ്പർ കോച്ചിൽ നടത്തിയ പരിശോധനയിൽ ശുചിമുറിക്ക് സമീപത്തുനിന്നുള്ള ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് പരിശോധന കണ്ട് പ്രതി കഞ്ചാവ് ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയിൽവേ എസ്ഐ അനിൽ മാത്യു, ഡാൻസാഫ് എഎസ്ഐ എം. മണികണ്ഠൻ, ടി.സി അനിൽകുമാർ, സിപിഒ എം. മകനീഷ്, അബ്ദുൽ കലാം, ആർപിഎഫ് എസ്ഐ ബാലസുബ്രഹ്മണ്യൻ, ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് പാലക്കാട് എഎസ്ഐ കെ.എം ഷിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വരും ദിവസങ്ങളിലും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ആർപിഎഫും റെയിൽവേ പൊലീസും അറിയിച്ചു.

കോട്ടയം നഗരമധ്യത്തിൽ എംഡിഎംഎ വേട്ട

കോട്ടയം നഗരമധ്യത്തിൽ വൻ ലഹരി വേട്ട. ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറ് ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. സംഭവത്തിൽ നാല് പ്രതികൾ പിടിയിലായി. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശികളായ സുലൈമാൻ (44), നിസാർ വിളങ്ങിൽ (35), മുഹമ്മദ് നിസാർ കെ. (34), അമീറുദീൻ കാവുങ്കൽ (46) എന്നിവരെയാണ് കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. അഖിലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

എംഡിഎംഎ കടത്താൻ ഇവർ ഉപയോഗിച്ച ഇന്നോവ കാറും എക്സൈസ് സംഘം പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പത്തനംതിട്ട സ്വദേശി അതുൽ അശോകൻ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ സുനിൽ പി.ജെ, ഗ്രേഡ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ നിസാം ഐ, സന്തോഷ് കുമാർ ബി, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ ബിജു വി.കെ, സിവിൽ എക്സൈസ് ഓഫിസർ പ്രവീൺകുമാർ എ.ജി, വനിത സിവിൽ എക്സൈസ് ഓഫിസർ ടി. വീണ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News