സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചുരിയുടെ ജൻമദിനം മറന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ.
Thiruvananthapuram, 12 ഓഗസ്റ്റ് (H.S.) സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചുരിയുടെ ജൻമദിനം മറന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ യെച്ചൂരിയെ മറന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാത്
SITARAM YECHURY BIRTHDAY


Thiruvananthapuram, 12 ഓഗസ്റ്റ് (H.S.)

സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചുരിയുടെ ജൻമദിനം മറന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ യെച്ചൂരിയെ മറന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാത്രമാണ് അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.

സുഹൃത്തായ യെച്ചൂരിയെ അദ്ദേഹത്തിൻ്റെ ജൻമദിനത്തിൽ ഓർക്കുകയാണെന്നും ബൗദ്ധിക ചർച്ചകളുടെ അഭാവം അനുഭവപ്പെടുന്നെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഓഗസ്റ്റ് 12ന് ജനിച്ച സീതാറാം യെച്ചൂരിയെക്കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വവും പാർട്ടി അനുകൂല പ്ലാറ്റ്ഫോമുകളും യാതൊന്നും കുറിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാവിലെ വാർത്താസമ്മേളനം നടത്തിയെങ്കിലും യെച്ചൂരിയെക്കുറിച്ച് യാതൊന്നും പരാമർശിച്ചതുമില്ല.

സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ സമൂഹ മാധ്യമ പേജുകളിൽ നിറഞ്ഞുനിന്നത് കഴിഞ്ഞ ദിവസം നിര്യാതനായ എം പി പരമേശ്വരനെക്കുറിച്ചുള്ള അനുസ്മരണങ്ങൾ മാത്രമാണ്. നാലാം ലോകസിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ എം പി പരമേശ്വരനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ പരമേശ്വരനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച നേതാക്കളാരും തന്നെ മൂന്നുവട്ടം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ ഓർത്തില്ല. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യെച്ചൂരിയെ മറക്കുകയായിരുന്നു.

സെൻ്റ് സ്റ്റീഫൻസിൽ കത്തിപ്പടർന്ന വിപ്ലവം

വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിൻ്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണു യെച്ചൂരി ജനിച്ചത്. അച്ഛൻ്റെ അച്ഛൻ യെച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കൻ ഗോദാവരിയിൽ തഹസിൽദാരായിരുന്നു. അമ്മയുടെ അച്ഛൻ കന്ധ ഭീമ ശങ്കരറാം ചെന്നൈയിൽ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയും. ഗുണ്ടൂരിൽ പ്രവർത്തിച്ച ഹൈക്കോടതി പിന്നീട് ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലാണു യെച്ചൂരി സ്കൂൾ പഠനം തുടങ്ങിയത്.

സെൻ്റ് സ്റ്റീഫൻസിലാണ് യെച്ചൂരി ഇക്കണോമിക്സ് ബിരുദപഠനത്തിന് ചേർന്നത്. സ്റ്റീഫൻസിൻ്റെ ഭിത്തിയിലാണ് എസ്എഫ്ഐ രൂപീകരണത്തിൻ്റെ പോസ്റ്റർ യെച്ചൂരി വായിച്ചതും. നേരത്തേ ഒസ്മാനിയ സർവകലാശാലയിൽ ജോർജ് റെഡ്ഡിയുടെ പ്രസംഗങ്ങൾ കേട്ടിട്ടുള്ളതല്ലാതെ, രാഷ്ട്രീയവും കമ്യൂണിസവും പരിചയമില്ലായിരുന്നു. സ്റ്റീഫൻസിലെ അധ്യാപകൻ പങ്കജ് ഗാംഗുലി മാർക്സിസ്റ്റ് തത്വശാസ്ത്രത്തിലേക്കു കൈപിടിച്ചു. ബിരുദം ഒന്നാം ക്ലാസോടെ പാസായ യെച്ചൂരി ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ തുടർപഠനത്തിനെത്തി. 150 വിദ്യാർഥികളുള്ള ക്ലാസും മൈക്കിലൂടെ സംസാരിക്കുന്ന അധ്യാപകരെയും കണ്ടപ്പോൾ മടുപ്പായി. അങ്ങനെയാണു ജെഎൻയുവിൽ അപേക്ഷിച്ചത്. അവിടെ എംഎ ഇക്കണോമിക്സിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായി.

ജെഎൻയുവിലൂടെ രാജ്യശ്രദ്ധയിലേക്ക്

ജെഎൻയു ആണു യെച്ചൂരിയിലെ സഖാവിനെ ചെത്തിമിനുക്കിയത്. പ്രകാശ് കാരാട്ടിനെ പരിചയപ്പെടുന്നത് ഇക്കാലത്താണ്. സര്വകലാശാലയിൽ കാരാട്ടിനു വോട്ടുതേടി യെച്ചൂരി തൻ്റെ കന്നി രാഷ്ട്രീയപ്രസംഗം നടത്തി. കാരാട്ട് ജെഎൻയു യൂണിയൻ അധ്യക്ഷനായതിനു പിന്നാലെ യെച്ചൂരി എസ്എഫ്ഐയിലും ചേർന്നു. പിന്നീട് മൂന്നുതവണ ജെഎൻയു യൂണിയൻ്റെ അധ്യക്ഷനുമായി. അടിയന്തരാവസ്ഥയിൽ ജെഎൻയു തിളച്ചുമറിയുന്ന കാലത്ത് പ്രക്ഷോഭത്തിൻ്റെ മുന്നിൽനിന്നു ജയിലിലുമായി. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിൽ തോറ്റിട്ടും ജെഎൻയു ചാൻസലറായി തുടരുന്നതിനെതിരെ ഇന്ദിര ഗാന്ധിയുടെ വസതിക്കു മുന്നിൽ അവരുടെ സാന്നിധ്യത്തിൽ പ്രതിഷേധിക്കുന്ന യെച്ചൂരിയുടെ ചിത്രവും പ്രശസ്തമായി.

ജനപക്ഷത്തു നിന്ന് പാർട്ടി നേതൃത്വത്തിലേക്ക്

1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡൻ്റായ യെച്ചൂരി അതേ വർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവുമായി. പിറ്റേവർഷം കാരാട്ടിനും എസ് രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ മൂവരും പൊളിറ്റ്ബ്യൂറോയിലെത്തി. 2005ൽ ബംഗാളിൽനിന്നാണു യെച്ചൂരി ആദ്യമായി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന അംഗമെന്നു പേരെടുത്തു. പോർമുഖം തുറന്നു സർക്കാരിനെ നിരന്തരം സമ്മർദത്തിലാക്കി. 2017 വരെ രാജ്യസഭാംഗമായി. പാർട്ടിയിൽ കേരളപക്ഷം പിടിമുറുക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച യെച്ചൂരി ഒരിക്കൽ പറഞ്ഞു, സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്) എന്നാണെന്ന് ആരും കരുതേണ്ട! ജനങ്ങളോടു ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തിരുത്തണം. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാർ ജനങ്ങളുമായി ഇഴുകിച്ചേരണമെന്നും വ്യക്തമാക്കി.

2015ൽ വിശാഖപട്ടണത്തു നടന്ന 21ാം പാർട്ടി കോൺഗ്രസിലാണു യെച്ചൂരി സിപിഎമ്മിൻ്റെ അഞ്ചാം ജനറൽ സെക്രട്ടറിയായത്. 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും 2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിലും പദവി നിലനിർത്തി. കലാലയകാലം മുതലുള്ള ചങ്ങാതിയായ കാരാട്ടിനെപ്പോലെ യെച്ചൂരിയും മൂന്നുവട്ടം സിപിഎമ്മിനെ നയിച്ചു. 2025ൽ തമിഴ്നാട്ടിലെ മധുരയിൽ 24-ാം പാർട്ടി കോൺഗ്രസ് നടക്കാനാരിക്കെയാണു സിപിഎമ്മിനു പടനായകനെ നഷ്ടമാകുന്നത്. 'ഉത്തമ കമ്യൂണിസ്റ്റായി ആരുമില്ല. എല്ലാവർക്കും അവരവരുടേതായ കഴിവുകളും പോരായ്മകളുമുണ്ടാവും. നല്ല കമ്യൂണിസ്റ്റ് എന്ന പ്രയോഗമാണു ശരി. നല്ല കമ്യൂണിസ്റ്റാവുകയെന്നത് ജീവിതകാലം മുഴുവനുള്ള പോരാട്ടമാണ്' യെച്ചൂരിയുടെ വാക്കുകൾ സഖാക്കൾക്ക് എന്നേക്കുമുള്ള ഓർമപ്പെടുത്തലാണ്.

സീതാറാം യെച്ചൂരി

1952 ഓഗസ്റ്റ് 12ൽ ജനനം

1975 ൽ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായി

1977- 78ൽ ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റ്

1978 ൽ എസ്എഫ്ഐ ദേശീയ ജോയിൻ്റ് സെക്രട്ടറി

1984 ൽ എസ്എഫ്ഐ ദേശീയ പ്രസിഡൻ്റ്, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം

1992 ൽ സിപിഎം പിബി അംഗം

1996 ൽ ഐക്യമുന്നണി സർക്കാരിൻ്റെ പൊതു മിനിമം പരിപാടിയുണ്ടാക്കിയവരിൽ അംഗം

2005 ൽ രാജ്യസഭാംഗം

2015-24 ൽ സിപിഎം ജനറൽ സെക്രട്ടറി

2024 സെപ്റ്റംബർ 12 - മരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News