ശബരിമലയിലെ അരവണ നിർമാണത്തിനായി നെയ്യ് വാങ്ങിയതിലും സന്നിധാനത്ത് എത്തിച്ചതിലും നടന്നതായി കണ്ടെത്തിയ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ്.
Thiruvananthapuram, 12 ഓഗസ്റ്റ് (H.S.) ശബരിമലയിലെ അരവണ നിർമാണത്തിനായി നെയ്യ് വാങ്ങിയതിലും സന്നിധാനത്ത് എത്തിച്ചതിലും നടന്നതായി കണ്ടെത്തിയ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ്. തിരുവിതാംകൂർ ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടില
Sabarimala


Thiruvananthapuram, 12 ഓഗസ്റ്റ് (H.S.)

ശബരിമലയിലെ അരവണ നിർമാണത്തിനായി നെയ്യ് വാങ്ങിയതിലും സന്നിധാനത്ത് എത്തിച്ചതിലും നടന്നതായി കണ്ടെത്തിയ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ്. തിരുവിതാംകൂർ ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിലെ മുഴുവൻ വസ്തുതകളും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.

അരവണ നിർമാണത്തിനായി മിൽമ വഴി നെയ്യ് ശേഖരിച്ചതിലും ഗുണനിലവാര പരിശോധനയിലും ഗുരുതര ക്രമക്കേടുകൾ നടന്നതായാണ് ചീഫ് വിജിലൻസ് ഓഫിസറുടെ കണ്ടെത്തൽ. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണ പരിധിയിൽ വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

നെയ്യ് വാങ്ങിയതിലെ തിടുക്കം

2025 ജൂൺ 13ന് ലിറ്ററിന് 510 രൂപ നിരക്കിൽ നെയ്യ് നൽകാൻ തയാറാണെന്ന് മിൽമ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ അറിയിച്ചിരുന്നു. ദേവസ്വം കമ്മിഷണർ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അന്നുതന്നെ മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇത്രയും തിടുക്കത്തിൽ തീരുമാനമെടുക്കാൻ ഇടയായ സാഹചര്യം വിശദമായി പരിശോധിക്കണമെന്നാണ് വിജിലൻസ് റിപ്പോർട്ടിലെ പ്രധാന നിർദേശം.

കരിമ്പട്ടികയിലുള്ളയാൾക്ക് ഗതാഗത കരാർ

പത്തനംതിട്ട മിൽമ ഡെയറിയിൽനിന്ന് സന്നിധാനത്തേക്ക് 1.50 ലക്ഷം ലിറ്റർ നെയ്യ് എത്തിക്കുന്നതിനുള്ള ഗതാഗത കരാർ നൽകിയതിലും വിജിലൻസ് സംശയം ഉന്നയിക്കുന്നുണ്ട്. ദേവസ്വം ബോർഡ് മുൻപ് കരിമ്പട്ടികയിൽപ്പെടുത്തിയ എസ് എസ് ബിനു എന്നയാൾക്കാണ് കരാർ നൽകിയത്. 1.80 ലക്ഷം രൂപയ്ക്കാണ് ഗതാഗത കരാർ നൽകിയതെങ്കിലും ഇതിന് ഏകദേശം 2.96 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിജിലൻസിൻ്റെ കണക്ക്. ഇത്രയും കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ കഴിഞ്ഞത് എങ്ങനെയെന്നും മിൽമയിൽനിന്ന് കയറ്റിയ അതേ നെയ്യാണോ സന്നിധാനത്ത് എത്തിച്ചതെന്നും പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെയ്യ് കൊണ്ടുപോയ വാഹനങ്ങളെയും ഡ്രൈവർമാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നുണ്ട്.

പരിശോധനയില്ലാതെ ടിന്നുകൾ

2025 ഒക്ടോബർ എട്ട് മുതൽ 2026 ജനുവരി അഞ്ച് വരെയുള്ള കാലയളവിൽ 11 ദിവസങ്ങളിലായി 26 ലോഡ് നെയ്യാണ് പമ്പയിലെത്തിയത്. ഇതിൽ ആറ് ലോഡുകളിലുണ്ടായിരുന്ന 2,210 ടിന്നുകളിലെ നെയ്യ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നില്ല. പരിശോധന ഒഴിവാക്കുന്നതിനായി പത്തനംതിട്ട മിൽമ ഡെയറി 3,604 ടിന്നുകൾക്ക് ഒരൊറ്റ ബാച്ച് നമ്പർ നൽകിയതാണോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

പുണെയിൽനിന്ന് നെയ്യ് എത്തിച്ചു

ദേവസ്വം ബോർഡിൻ്റെ ഓർഡർ ലഭിച്ചതിനു പിന്നാലെ പത്തനംതിട്ട മിൽമ പുണെയിലെ സൊനായി കോഓപ്പറേറ്റീവ് ഡെയറിയിൽനിന്ന് 24,970 കിലോഗ്രാം നെയ്യ് വാങ്ങിയതും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2023ലും 2024ലും മിൽമ ഇത്തരത്തിൽ നെയ്യ് വാങ്ങിയിരുന്നില്ല. അതിനാൽ പുണെയിൽനിന്ന് വാങ്ങിയ ഈ നെയ്യ് ശബരിമലയിലേക്ക് എത്തിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നാണ് ആവശ്യം.

വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായി പരിശോധിക്കുന്നതിലൂടെ നെയ്യ് സംഭരണം, ഗുണനിലവാര പരിശോധന, ഗതാഗതം, വിതരണം എന്നിവയിലെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നും ക്രമക്കേടിന് ആരൊക്കെ ഉത്തരവാദികളാണെന്നും വ്യക്തത വരുത്താനാകുമെന്നാണ് വിലയിരുത്തൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News