Enter your Email Address to subscribe to our newsletters

Idukki, 12 ഓഗസ്റ്റ് (H.S.)
ആദിവാസി സമൂഹത്തിൻ്റെ അറിവുകള് വന്യജീവി ആക്രമങ്ങൾ കുറയ്ക്കാൻ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോണ്. ആദിവാസി സമൂഹത്തോളം കാടിനെ അറിയുന്ന മറ്റാരുമില്ലെന്നും ഈ അറിവ് മനുഷ്യ- വന്യജീവി സംഘര്ഷം ലഘൂകരിക്കാനും വനപരിപാലനത്തിനും ഉപയോഗപ്പെടുത്തുമെന്നും ഷിബു ബേബി ജോണ് പറഞ്ഞു. 'ഊർ ഉണർവ്' പദ്ധതി മന്നാന്, പളിയ ഊരുകളിലെ നിവാസികളെ സന്ദർശിക്കുകയും ചെയ്തു.
മുടങ്ങിപ്പോയ ടൈഗര് മ്യൂസിയം പുനരുദ്ധീകരിക്കുന്നതിന് 20 കോടി ഉള്പ്പെടെ കുമളി ഇക്കോ ടൂറിസം വികസനത്തിന് 50 കോടിയുടെ പ്രൊപ്പോസല് കേന്ദ്ര സര്ക്കാരിന് സമര്പ്പിക്കുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെടുത്തി ആദിവാസി സമൂഹത്തിന് കൂടുതല് വരുമാനം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. പരമ്പരാഗത അറിവുകള് ആദിവാസ സമൂഹത്തില് നിന്നു തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവ ഡോക്യുമെൻ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനവുമായും വനം വകുപ്പിൻ്റെ ഇക്കോ ടൂറിസം പദ്ധതിയുമായും ബന്ധപ്പെട്ട് ആദിവാസി സമൂഹത്തിലെ യുവജനങ്ങള്ക്ക് തൊഴില് ഉറപ്പാക്കും. ഓരോ ഊരും സന്ദര്ശിച്ച് വ്യത്യസ്തമായ പ്രശ്നങ്ങള് എന്തൊക്കെ എന്ന് മനസിലാക്കി അതിന് പരിഹാരം തേടുക എന്നതാണ് സര്ക്കാര് നയം. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള വൈല്ഡ് ലൈഫ് ബോര്ഡില് ആദ്യമായി ആദിവാസി സമൂഹത്തില് നിന്ന് മന്നാന് സമൂഹത്തിലെ രാജാവ് രാമന് രാജ മന്നാന്, നിലമ്പൂര് ചോലനായ്ക്ക സമൂഹത്തിലെ വിനോദ് എന്നിവരെ ഉള്പ്പെടുത്തിയ വിവരവും മന്ത്രി അറിയിച്ചു.
ഊരുകളില് ചിലയിടങ്ങളില് കുടിവെള്ള പ്രശ്നം നിലനില്ക്കുന്നുണ്ട്. ഇതിന് പരിഹാരം കാണും. ഊരുകളിലേക്കുള്ള റോഡുകള് അറ്റകുറ്റപ്പണി ചെയ്യുമെന്നും വഴിവിളക്കുകള് നിര്മിക്കുമെന്നും ഊരുനിവാസികളുടെ ആവശ്യങ്ങള്ക്ക് മറുപടിയായി ഷിബു ബേബി ജോൺ പറഞ്ഞു. മുളയുടെ കുറവുമൂലം ചങ്ങാടങ്ങള് നിര്മിക്കാന് കഴിയാത്ത സാഹചര്യത്തില് മത്സ്യബന്ധന ഇഡിസികള്ക്ക് ഫൈബര് ബോട്ട് നല്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഊരുണര്വിൻ്റെ ഭാഗമായുള്ള മന്ത്രിയുടെ രണ്ടാമത്തെ ഊരു സന്ദര്ശനമാണിത്.
''ആദ്യം നടത്തിയ നിലമ്പൂര് യാത്ര അനന്തമായ സാദ്ധ്യതകളാണ് തുറന്നു നല്കിയത്. വനസംരക്ഷണത്തെ പറ്റിയുള്ള അറിവ് ആദിവാസി സമൂഹത്തിലെ പോലെ മറ്റാര്ക്കുമില്ല. ഔദാര്യമല്ല, അവകാശമാണ് ആദിവാസി സമൂഹത്തിൻ്റെ ആവശ്യങ്ങള്,'' എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
തേക്കടിയില് വിവിധ ഇഡിസികള് വഴി 200ത്തോളം പേര്ക്ക് താത്കാലിക തൊഴിലും 43 പേര്ക്ക് വാച്ചര്മാരായി സ്ഥിരം ജോലിയും ലഭിച്ചിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘര്ഷം ഈ മേഖലകളില് കുറവാണെന്നും ഇഡിസികള് രൂപീകരിച്ചതു മുതല് ഇടനിലക്കാരുടെ ചൂഷണം പൂര്ണമായും ഇല്ലാതായെന്നും വനം വകുപ്പ് വലിയ കൈത്താങ്ങാണ് നല്കുന്നതെന്നും മാന്നാന് സമുദായത്തെ പ്രതിനിധീകരിച്ച് ഷാജി പനയന്, ബിജു ടി എന്നിവര് അറിയിച്ചു.
വാച്ചര് ജോലികളില് വനിതകളെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. കോവില്മല ടൂറിസം പ്രോജക്ട് നടപ്പാക്കണമെന്ന് കോഴിമല രാജാവ് രാമന് രാജമന്നന് ആവശ്യപ്പെട്ടു. പീരുമേട് എംഎല്എ അഡ്വ സിറിയക് തോമസ്, അസിസ്റ്റൻ്റ് പ്രിന്സിപ്പല് ചീഫ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് ഡോ പ്രമോദ് ജി കൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംഎം വര്ഗീസ്, ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് പിപി പ്രമോദ്, ഡിഎഫ്ഒ ലക്ഷ്മി, കോഴിമല രാജാവ് രാമന് രാജ മന്നാന്, നാട്ടു മന്നാന് കാണി രാമന്, ആര് ഷാജി വിവിധ ഇഡിസി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.
ചടങ്ങില് പരിസ്ഥിതി പ്രവര്ത്തകനും വനസംരക്ഷകനുമായ അരുവിയെ മന്ത്രി ആദരിച്ചു. പതിനഞ്ച് സ്വാശ്രയ സംഘങ്ങള് നടത്തുന്ന വന് ധന് വികാസ് കേന്ദ്ര വര്ക്ക് ഷോപ്പും മന്ത്രി സന്ദര്ശിച്ചു. മന്നാക്കുടിയില് പരമ്പരാഗത പാട്ടുപാടി മന്ത്രിയെ സ്വീകരിച്ചു. പളനി നൃത്തം അവതരിപ്പിച്ച് പളനിക്കുടിയില് മന്ത്രിയെ സ്വീകരിച്ചു. തേക്കടി തുടര്ന്ന് ബാംബു ഗ്രോവില് നടന്ന ചടങ്ങില് വിവിധ ഇഡിസി അംഗങ്ങളുമായി മന്ത്രി ആശയവിനിമയം നടത്തി.
1930 നും 40 നും ഇടയില് പെരിയാര് ടൈഗര് റിസര്വിൻ്റെ ഉള്പ്രദേശങ്ങളായ മ്ലാപ്പാറ, മുല്ലത്തോട്, ഉമ്മിക്കുപ്പാന്, അരുവി, ഇരുകൂട്ടി എന്നീ സ്ഥലങ്ങളില് നിന്ന് മാറ്റി പാര്പ്പിക്കപ്പെട്ട ഗോത്ര സമൂഹമാണ് മന്നാന് വിഭാഗം. പളിയ തമിഴ് ഭാഷയോടും ആചാരങ്ങളോടും ഏറെ ബന്ധപ്പെട്ട സംസ്കാരവും ജീവിത രീതിയുമുള്ള പളിയ സമൂഹം തമിഴ്നാട്ടിലെ പളനി, മധുര എന്നീ സ്ഥലങ്ങളില് നിന്ന് കുടിയേറി പാര്ത്തവരാണ്. പെരിയാര് ടൈഗര് റിസര്വിനുള്ളിലെ വെള്ളിമല, മണലാര്, താമര, പൂവരശ്, കിഴങ്ങുപാറ, കരിഞ്ചേമ്പ് എന്നീ സ്ഥലങ്ങളില് താമസിച്ചിരുന്ന ഇവര് ഉപജീവനത്തിനായി വനത്തിനുള്ളില് നിന്നും തേന് ശേഖരണവും മത്സ്യ ബന്ധനവും കുരുമുളക് കൃഷിയും ചെയ്തിരുന്നു.
വനം വകുപ്പിൻ്റെ നേതൃത്വത്തില് നടപ്പാക്കിയ ഇഡിസി പ്രവര്ത്തനങ്ങള് ഗോത്ര ജനതയ്ക്ക് മെച്ചപ്പെട്ട സാമൂഹിക സാമ്പത്തിക ഉന്നമനം ലഭിക്കുന്നതിന് കാരണമായി. ഗോത്രവര്ഗ യുവജനങ്ങളെ ഉള്പ്പെടുത്തി നടത്തുന്ന ടൂറിസം പ്രവര്ത്തനങ്ങള് ജനങ്ങള്ക്ക് വലിയ അളവില് ഉപജീവനത്തിന് വഴിയൊരുക്കി. നിലവില് 164 കുടുംബങ്ങളിലായി 450 പേര് പളിയ ഊരുകളിലും 357 കുടുംബങ്ങളിലായി 1266 പേര് മന്നാന് ഊരുകളിലും താമസിക്കുന്നതായാണ് കണക്ക്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR