Enter your Email Address to subscribe to our newsletters

Ernakulam , 12 ഓഗസ്റ്റ് (H.S.)
എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതികൾ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെന്ന് സ്ഥിരീകരിച്ച് ജില്ലാ നേതൃത്വം. പ്രതിയായ പ്രാദേശിക നേതാവിനെ പുറത്താക്കിയതായി ജില്ലാ പ്രസിഡൻ്റ് മണ്ഡലം പ്രസിഡൻ്റിനെ ഔദ്യോഗികമായി അറിയിച്ച കത്ത് പുറത്തുവന്നു. കാസർകോട് മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് എംഡിഎംഎ കേസിൽ പിടിയിലായ പ്രതികൾക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്ന് നേതൃത്വം സ്ഥിരീകരിക്കുന്നതായാണ് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ്റെ കത്തിൽ വ്യക്തമാവുന്നത്.
യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ അറക്കപ്പടി മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള വലിയകുളം യൂണിറ്റ് ഭാരവാഹിയായ ഹുസൈൻ കെ എച്ച് എന്നയാളെയാണ് പുറത്താക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട ഭാരവാഹിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സംഘടനയുടെ മുഴുവൻ ചുമതലകളിൽ നിന്നും പുറത്താക്കിയതായി ജില്ലാ കമ്മിറ്റി ഔദ്യോഗികമായി മണ്ഡലം കമ്മിറ്റിയെ അറിയിച്ചു.
സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ബോധ്യപ്പെട്ടതിനാലും മണ്ഡലം കമ്മിറ്റിയിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനാലുമാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതികൾ പിടിയിലായ ഒൻപതാം തീയതി തന്നെ ഇയാളെ പുറത്താക്കിയിരുന്നുവെന്നും എറണാകുളം ജില്ലാ കമ്മിറ്റിയുടെ കത്തിൽ നിന്നും വ്യക്തമാകുന്നു.
നേതൃത്വത്തിൻ്റെ വൈരുധ്യ നിലപാടുകൾ
അറസ്റ്റിന് പിന്നാലെ പ്രതികൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ എ ജനീഷും ഡിസിസി പ്രസിഡൻ്റും സ്വീകരിച്ചിരുന്ന നിലപാട്. പ്രതികളെ നേരിട്ട് അറിയില്ലെന്നും നേതാക്കൾ വാദിച്ചിരുന്നു. എന്നാൽ പ്രതികൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ നേതൃത്വം പ്രതിരോധത്തിലാവുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് ശരിയല്ലന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ കമ്മിറ്റിയുടെ പുറത്താക്കൽ കത്ത്. അതേസമയം വിവാദങ്ങളിൽ നിന്ന് തടിയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പെട്ടെന്നുള്ള ഈ പുറത്താക്കൽ എന്നാണ് വ്യക്തമാകുന്നത്.
ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളികൾ
പിടിയിലായ നാല് പേരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇവർ മയക്കുമരുന്ന് കടത്തിന് പുറമെ മറ്റ് പല കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ നാലാം പ്രതിയായ സൈനുൽ ആബ്ദീൻ മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്. ഇയാൾക്കെതിരെ കണ്ണൂരിലും കോഴിക്കോടും വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
കൂടാതെ, പിടിയിലായവർ വിപുലമായ രീതിയിലുള്ള സൈബർ തട്ടിപ്പുകളിലും പങ്കാളികളാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ട് പോകുമ്പോൾ, പ്രാദേശിക നേതാക്കൾ ലഹരി കേസിൽ ഉൾപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR