ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചില് ഊര്ജിതമാക്കി കോസ്റ്റ് ഗാര്ഡ്
Thiruvanathapuram, 12 ഓഗസ്റ്റ് (H.S.) വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി കോസ്റ്റ് ഗാര്‍ഡ്. രണ്ട് ഹെലികോപ്ടറുകളാണ് ഇന്ന് കടലില്‍ തെരച്ചില്‍ നടത്തിയത്. അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ ഹെലിപ
FISHING BOAT ACCIDENT


Kanyakumari Boat


Thiruvanathapuram, 12 ഓഗസ്റ്റ് (H.S.)

വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി കോസ്റ്റ് ഗാര്‍ഡ്. രണ്ട് ഹെലികോപ്ടറുകളാണ് ഇന്ന് കടലില്‍ തെരച്ചില്‍ നടത്തിയത്. അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ ഒരുക്കിയ ഹെലിപ്പാഡില്‍ ഇന്ധനം നിറച്ച ശേഷമാണ് ഹെലികോപ്ടര്‍ വീണ്ടും തെരച്ചിലിനായി പറന്നത്. ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചില്‍ പതിമൂന്നാം ദിവസവും തുടരുകയാണ്.

രാവിലെ പതിനൊന്നരയോടെയാണ് കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് ഹെലികോപ്ടറുകള്‍ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിനായി കൊല്ലത്തെത്തിയത്. കടല്‍ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്ടറാണ് ആദ്യം തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് കടലിലെ രക്ഷാപ്രവര്‍ത്തനം, നിരീക്ഷണം, മെഡിക്കല്‍ എവാക്വേഷന്‍ തുടങ്ങിയ ദൗത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററായ ചേതകും തെരച്ചിലിനായി എത്തി.

അമൃതപുരി എന്‍ജിനീയറിങ് കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ ചേതക് ഹെലികോപ്റ്റര്‍ ഇറക്കി ഇന്ധനം നിറച്ച ശേഷമാണ് വീണ്ടും കടലിലേക്ക് പറന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറുകള്‍ക്ക് കൊല്ലത്ത് ലാന്‍ഡ് ചെയ്യാനും ഇന്ധനം നിറയ്ക്കാനും സൗകര്യമില്ലാതിരുന്നത് തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദ്ദേശപ്രകാരം അമൃതപുരി എന്‍ജിനീയറിങ് കോളജ് മൈതാനത്ത് അടിയന്തരമായി ഹെലിപ്പാഡ് ഒരുക്കിയത്. ഒറ്റ രാത്രി കൊണ്ടാണ് മഠത്തിലെ അന്തേവാസികളുടെ നേതൃത്വത്തില്‍ ഹെലിപ്പാഡ് നിര്‍മ്മിച്ച് കോസ്റ്റ് ഗാര്‍ഡിന് കൈമാറിയത്.

ഹെലികോപ്ടറുകള്‍ ഇറക്കി ഇന്ധനം നിറയ്ക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഏവിയേഷന്‍ ഫ്യൂവല്‍ ടാങ്കറും അമൃതപുരിയിലെ ഹെലിപ്പാഡിലെത്തി. കഴിഞ്ഞ ജൂലൈ 31നാണ് ഗൗതംകൃഷ്ണ ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച മത്സ്യബന്ധന വള്ളം നീണ്ടകരയില്‍ കടലില്‍ മറിഞ്ഞത്. അപകടത്തില്‍ ഗൗതം കൃഷ്ണയുടെ അച്ഛന്‍ രാധാകൃഷ്ണനും മുത്തച്ഛന്‍ രാജീവനും മരിച്ചു. ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. 13-ാം ദിവസവും പ്രതീക്ഷ കൈവിടാതെ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

നേരത്തെ ഗൗതം കൃഷ്ണയുടെ കുടുംബത്തിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഐജിയുമായി നേരിട്ട് സംസാരിച്ചുവെന്നും കോസ്റ്റ് ഗാര്‍ഡും നാവികസേനയുടെ സ്‌കൂബ ഡൈവിങ് സംഘവും തെരച്ചിലിനായി സജീവമായി രംഗത്തുണ്ടെന്നും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന കാര്യം വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News