പിതൃമോക്ഷം തേടി മലയാളികള്; കര്ക്കിടക വാവുബലി കേന്ദ്രങ്ങളില് വലിയ തിരക്ക്
Thiruvanathapuram, 12 ഓഗസ്റ്റ് (H.S.) പിതൃക്കളുടെ മോക്ഷത്തിനായി പ്രാര്‍ഥിച്ച് മലയാളികള്‍. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കര്‍ക്കടക വാവുബലി ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ തന്നെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസിക
vavubali


Thiruvanathapuram, 12 ഓഗസ്റ്റ് (H.S.)

പിതൃക്കളുടെ മോക്ഷത്തിനായി പ്രാര്‍ഥിച്ച് മലയാളികള്‍. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കര്‍ക്കടക വാവുബലി ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ തന്നെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് പിതൃബലിക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ഈ ദിവസം ബലി അര്‍പ്പിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം.

ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്താനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ആറോടെ തന്നെ മണപ്പുറം പരിസരത്ത് ഭക്തരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പുലര്‍ച്ചെ രണ്ടു മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാണ് ഇവിടെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ഇതിനായി പുലര്‍ച്ചെ നാലിന് തന്നെ ക്ഷേത്രനട തുറന്നു. ഭക്തര്‍ക്കായി 70ല്‍ അധികം ബലിപ്പുരകളാണ് ഇത്തവണ മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്.

ബലിതര്‍പ്പണത്തിനായി എത്തുന്ന വിശ്വാസികള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ, സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കായി കെഎസ്ആര്‍ടിസി 100 പ്രത്യേക സര്‍വീസ് ബസുകളും ഏര്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവ മണപ്പുറം പരിസരത്ത് മാത്രം 480ല്‍ അധികം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴക്കെടുതിയില്‍ ക്ഷേത്ര പരിസരത്ത് വെള്ളം കയറുകയും ചെളി നിറയുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ചെളിയെല്ലാം നീക്കം ചെയ്ത് കര്‍ക്കടക വാവ് ദിവസം ബലിയിടാന്‍ വരുന്ന ആളുകള്‍ക്കായി ക്ഷേത്ര പരിസരം സജ്ജമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്റെ അടക്കം നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ആലുവയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും പുഴയോരങ്ങളിലും കടല്‍ത്തീരങ്ങളിലുമെല്ലാം ബലിതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, ശംഖുമുഖം, പെരുമ്പാവൂര്‍ ചേലാമറ്റം, മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പിതൃക്കള്‍ക്ക് പ്രിയപ്പെട്ട എള്ളും പൂവും ഉണക്കലരിയും ഉള്‍പ്പെടെയുള്ള ദ്രവ്യങ്ങള്‍ അര്‍പ്പിച്ചാണ് വിശ്വാസികള്‍ മടങ്ങുന്നത്. പലയിടത്തും തിലഹോമം ഉള്‍പ്പെടെയുള്ള പ്രത്യേക വഴിപാടുകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ചാണ് ഇത്തവണ മിക്കയിടത്തും ചടങ്ങുകള്‍ പുരോഗമിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനൊപ്പം ഫയര്‍ഫോഴ്‌സിനെയും സന്നദ്ധ പ്രവര്‍ത്തകരെയും വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പുഴകളിലും കടലിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് സ്‌നാനഘട്ടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സ് സൗകര്യവും പ്രധാന കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News