കെഎസ്ആർടിസി റീഫർബിഷ്മെന്റ് പദ്ധതി; 14 ബസ്സുകൾ ഗതാഗത മന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
Kerala, 12 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വാഹനശേഷി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. നവീകര
KSRTC PENSION FUND


Kerala, 12 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വാഹനശേഷി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയ 14 ബസ്സുകളുടെ ഫ്ലാഗ് ഓഫ് നാളെ (ആഗസ്റ്റ് 13 വ്യാഴാഴ്ച) നടക്കും. തിരുവനന്തപുരം കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ ബസ്സുകൾ സർവീസിനായി നിരത്തിലിറക്കും.

പഴയ ബസ്സുകൾക്ക് പുതിയ മുഖം

കാലപ്പഴക്കം വന്നെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാൻ സാധിക്കുന്ന പഴയ ബസ്സുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ വിവിധ ഭാഗങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തി മികച്ച നിലവാരത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. നിലവിൽ ബി.എസ് മൂന്ന്, ബി.എസ് നാല് വിഭാഗങ്ങളിൽപ്പെടുന്ന ബസ്സുകളാണ് റീഫർബിഷ് ചെയ്യുന്നത്. ബസ്സുകളുടെ അകവും പുറവും കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങൾ, സീറ്റുകൾ, ലൈറ്റിങ്, തറ, ജനലുകൾ തുടങ്ങിയവയെല്ലാം പ്രത്യേകമായി പരിശോധിച്ച് നവീകരിക്കും.

മലിനീകരണം ഗണ്യമായി കുറയും

റീഫർബിഷ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സുകളുടെ എഞ്ചിന്റെ പ്രവർത്തന നിലവാരവും പ്രത്യേകം പരിശോധിക്കുന്നുണ്ട്. പ്രകടനത്തിൽ പിന്നാക്കം നിൽക്കുന്ന എഞ്ചിനുകൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി റീകണ്ടീഷൻ ചെയ്യും. ഇത്തരത്തിൽ റീകണ്ടീഷനിങ് നടത്തിയ ബസ്സുകളിൽ മലിനീകരണ തോത് 80 മുതൽ 85 ശതമാനം വരെ കുറഞ്ഞതായി പരിശോധനാ ഫലങ്ങളിൽ വ്യക്തമായിട്ടുണ്ട്. ഇത് വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മലിനീകരണം കുറയ്ക്കാനും സഹായകമാണ്.

യാത്രാസേവന നിലവാരം ഉയരും

മികച്ച സാങ്കേതിക നിലവാരമുള്ള പഴയ ബസ്സുകളെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ കാലം സർവീസിൽ നിലനിർത്താൻ പദ്ധതിയിലൂടെ സാധിക്കും. പുതിയ ബസ്സുകൾ വാങ്ങുന്നതിനൊപ്പം തന്നെ കെഎസ്ആർടിസിയുടെ നിലവിലെ വാഹനശേഷി പരമാവധി ഫലപ്രദമായി ഉപയോഗിക്കാനും ബസ്സുകളുടെ ഉപയോഗകാലം വർധിപ്പിക്കാനും ഇത് സഹായിക്കും. നവീകരിച്ച ബസ്സുകൾ ആകർഷകമായ രൂപത്തിലും മെച്ചപ്പെട്ട സൗകര്യങ്ങളിലുമാണ് നിരത്തിലിറങ്ങുന്നത്. കെഎസ്ആർടിസിയുടെ സേവന നിലവാരം കൂടുതൽ ഉയർത്താൻ ഇത് വഴിയൊരുക്കും.

നിലവിലുള്ള വാഹനശേഷിയെ പരമാവധി പ്രയോജനപ്പെടുത്തി ബസ് ഫ്ലീറ്റിന്റെ കാര്യക്ഷമത, വിശ്വാസ്യത, സുരക്ഷ, യാത്രാസൗകര്യം എന്നിവ ഉയർത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് റീഫർബിഷ്മെന്റ് പദ്ധതി. ലഭ്യമായ വിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി മികച്ച പൊതുഗതാഗതം ഉറപ്പാക്കാനുള്ള കോർപറേഷന്റെ പ്രവർത്തനങ്ങൾക്ക് ഈ പദ്ധതി കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.

---------------

Hindusthan Samachar / Sreejith S


Latest News