Enter your Email Address to subscribe to our newsletters

New delhi, 12 ഓഗസ്റ്റ് (H.S.)
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. 'കാണാനില്ല', 'ഓടിപ്പോയി' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇന്ത്യയുടെ പാര്‍ലമെന്ററില്‍ വര്‍ദ്ധിച്ചുവരുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതുമുതല്‍ താന്‍ കൃത്യമായി സഭയില്‍ എത്തുന്നുണ്ടെന്നും എന്നാല്‍ പ്രതിപക്ഷം ഇരുസഭകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു നേരത്തെതന്നെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ചര്‍ച്ചയ്ക്കായി സമയം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷേ, അവര്‍ ചര്‍ച്ചയില്‍ നിന്ന് പിന്തിരിയുകയാണെന്നും അമിത് ഷാ ആരോപിച്ചു.
ചര്‍ച്ച വേണമെന്നുണ്ടെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുന്‍പായി സ്പീക്കര്‍ക്ക് കത്ത് നല്‍കാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അങ്ങനെയാണെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തന്നെ ചര്‍ച്ച ആരംഭിക്കാം. നാളെ ഉച്ചയ്ക്ക് മൂന്നുമണി വരെ ചര്‍ച്ച നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമാണെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ ചോദ്യോത്തര വേള റദ്ദാക്കി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ സഭയില്‍ തന്നെ ഇരിക്കും. എല്ലാവരും പറയുന്നത് കേള്‍ക്കുകയും ഓരോ പോയിന്റിനും മറുപടി നല്‍കുകയും ചെയ്യും. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല.'- അമിത് ഷാ പറഞ്ഞു. ഗൗരവകരമായ ഒരു വിഷയം വെറുമൊരു പ്രസ്താവനയിലൂടെ ഒതുക്കിത്തീര്‍ക്കാന്‍ കഴിയില്ലെന്നും പാര്‍ലമെന്ററി ചട്ടങ്ങള്‍ അനുസരിച്ചുള്ള വിശദമായ ചര്‍ച്ചയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടണമെന്നും ചര്‍ച്ച വേണോ അതോ ബഹളം വെക്കണോ എന്ന് പ്രതിപക്ഷം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന് ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് മടിയില്ലെന്നും എന്നാല്‍ അതിനായി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Sreejith S