Enter your Email Address to subscribe to our newsletters

Chennai, 12 ഓഗസ്റ്റ് (H.S.)
കോളജിലെ ലഹരിമരുന്ന് വില്‍പനയെക്കുറിച്ച് വിവരമറിയിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ പത്തിലധികം വരുന്ന സംഘം മര്‍ദിച്ചുകൊലപ്പെടുത്തി. കള്ളക്കുറിച്ചി സ്വദേശിയായ അമുതന്‍ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂര്‍-പൊള്ളാച്ചി റോഡിലെ പ്രീമിയര്‍ മില്‍സിന് സമീപമുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അമുതന്‍. കഴിഞ്ഞ ദിവസം രാത്രി അമുതനും സുഹൃത്തും ഈ പ്രദേശത്തുകൂടി നടന്നുപോകുമ്പോഴാണ് പത്തോളം വരുന്ന യുവാക്കളുടെ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിനിടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടതിനാല്‍ അമുതന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റത്.
ഇരുമ്പുദണ്ഡും മരത്തടികളും ഉപയോഗിച്ചാണ് അക്രമികള്‍ വിദ്യാര്‍ഥിയെ നേരിട്ടത്. പിന്നീട് മറ്റൊരാളുമായി സംഭവസ്ഥലത്ത് തിരിച്ചെത്തിയ സുഹൃത്ത് അമുതനെ രക്ഷിച്ച് ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമുതന്‍ മരിച്ചതായാണ് വിവരം.
തുടര്‍ന്ന് ചെട്ടിപാളയം പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് അമുതന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സിംഗനല്ലൂരിലെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ് അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് തീവ്രമായ അന്വേഷണം നടത്തിവരികയാണ്. ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, അമുതന്‍ യാതൊരുവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് കുടുംബം പറയുന്നു. ഒന്നാം വര്‍ഷം കോളജ് ഹോസ്റ്റലില്‍ നിന്ന അമുതന്‍, ഭക്ഷണം മോശമായതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം പുറത്ത് മുറിയെടുത്താണ് താമസിച്ചിരുന്നത്. പിന്നീട് മൂന്നാം വര്‍ഷം വീണ്ടും കോളജ് ഹോസ്റ്റലിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇതിനിടെ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് അമുതനും ഹോസ്റ്റലില്‍ താമസിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയും ഹോസ്റ്റലിന് പിന്നിലൂടെ നടന്നുപോകുമ്പോള്‍, അവിടെ പാചകക്കാരായി ജോലി ചെയ്തിരുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികളുമായി വാക്കുതര്‍ക്കമുണ്ടായി.
ഈ കാരണം ചൂണ്ടിക്കാട്ടി കോളജ് ഭരണസമിതി അമുതനെയും സുഹൃത്തിനെയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് അമുതന്‍ വീണ്ടും കോളജ് ഹോസ്റ്റലില്‍ താമസിക്കാന്‍ തിരിച്ചെത്തി. ഈ സാഹചര്യത്തിലാണ് അജ്ഞാത സംഘം വിദ്യാര്‍ഥിയെ മര്‍ദിച്ചുകൊലപ്പെടുത്തി കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൂങ്കാ നഗറിലെ ഒരു വാടക വീട്ടില്‍ അതിക്രമിച്ചുകയറിയ മുഖംമൂടി സംഘം വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണുകള്‍ കവരുകയും ചെയ്തിരുന്നു.
ഈ സംഘത്തില്‍ അമുതനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഇളവരശന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അമുതനെതിരെ ആക്രമണം ഉണ്ടായതെന്നും സൂചനകളുണ്ട്. കോളജിന് പിന്നിലുള്ള ഒഴിഞ്ഞ മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് അമുതനെ സംഘം ക്രൂരമായി മര്‍ദിച്ചത്.
മകന്റെ മരണത്തിന് ഉത്തരവാദി കോളജ് ഭരണസമിതിയാണെന്ന് അമുതന്റെ പിതാവ് കെന്നഡി പരസ്യമായി ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞതിങ്ങനെ: കോളജിലെ ലഹരിമരുന്ന് വില്‍പനയെക്കുറിച്ച് അവന്‍ അടുത്തിടെ കോളജ് ഭരണസമിതിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, കോളജ് അധികൃതര്‍ ഈ പരാതി ബന്ധപ്പെട്ട വ്യക്തികളെ നേരിട്ട് അറിയിച്ചതിന്റെ ഫലമായാണ് അജ്ഞാത സംഘം അവനെ മര്‍ദിച്ചുകൊലപ്പെടുത്തിയത്.
---------------
Hindusthan Samachar / Sreejith S