Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 ഓഗസ്റ്റ് (H.S.)
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ജില്ലാതല ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നു. ഇതിന്റെ രൂപരേഖ തയാറായിക്കൊണ്ടിരിക്കുകയാണെന്നും 14 ജില്ലകളിലും ഈ സംവിധാനം നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓരോ ജില്ലകളിലെയും ഒഴിവുകള്‍ സംയോജിപ്പിച്ച് അര്‍ഹമായ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ് നികത്തും. കോടതി നിര്‍ദേശ പ്രകാരമുള്ള അനുപാതത്തിനനുസരിച്ച് നിയമനങ്ങള്‍ സുഗമമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഭിന്നശേഷി അധ്യാപക നിയമനം ജില്ലാ തല സമിതികള്‍ വഴി നടപ്പിലാക്കുന്നതിലൂടെ നിയമന നടപടികള്‍ സുതാര്യമാകുകയും വര്‍ഷങ്ങളായി തുടരുന്ന നിയമന പ്രതിസന്ധികള്‍ക്ക് ഇതിലൂടെ ശാശ്വത പരിഹാരമാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപ്രകാരമുള്ള നാല് ശതമാനം ഭിന്നശേഷി സംവരണം കൃത്യമായി പാലിക്കപ്പെടും. ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വീടിനോട് ഏറ്റവും അടുത്തുള്ള സ്‌കൂളുകളില്‍ ജോലി ലഭിക്കാന്‍ മുന്‍ഗണന ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള കൃത്യമായ ലിസ്റ്റ് ഉപയോഗിക്കുന്നതിനാല്‍ കോഴ വാങ്ങിയുള്ള നിയമനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനും കഴിയും.
ജില്ലാ സമിതികള്‍ നേരിട്ട് യോഗ്യത പരിശോധിക്കുന്നതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് അതിവേഗം നിയമന ശുപാര്‍ശ നല്‍കാനാകും. ഭിന്നശേഷി സംവരണ തസ്തികകള്‍ നികത്താത്തതിനാല്‍ വര്‍ഷങ്ങളായി തടസ്സപ്പെട്ടിരുന്ന മറ്റ് പൊതുവിഭാഗം അധ്യാപകരുടെ നിയമന അംഗീകാരവും സ്ഥിരപ്പെടുത്തലും വേഗത്തിലാകും.
ജില്ലാ ക്ലസ്റ്റര്‍ വഴി പരമാവധി ശ്രമിച്ചിട്ടും രണ്ട് വര്‍ഷമായിട്ടും ഭിന്നശേഷി വിഭാഗത്തില്‍ നിന്നും ആളുകളെ ലഭിച്ചില്ലെങ്കില്‍, ആ തസ്തികകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി നിയമനം നടത്താന്‍ മാനേജര്‍മാര്‍ക്ക് അവസരം ലഭിക്കും. അധ്യാപക ഒഴിവുകള്‍ കൃത്യസമയത്ത് നികത്തപ്പെടുന്നതിലൂടെ സ്‌കൂളുകളിലെ അധ്യയനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
മുന്‍പ് മാനേജ്മെന്റുകള്‍ നേരിട്ട് നടത്തിയിരുന്ന നിയമനങ്ങളില്‍ സാമ്പത്തിക ഇടപാടുകളോ സ്വാധീനങ്ങളോ വഴി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ആളുകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടായിരുന്നു. പുതിയ രീതിയില്‍ പ്രത്യേക എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് നല്‍കുന്ന മുന്‍ഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ജില്ലാ സമിതികളാണ് അര്‍ഹരായവരുടെ റാങ്ക് പട്ടിക തയാറാക്കുന്നത്. അതിനാല്‍ മാനേജര്‍മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകിക്കയറ്റാന്‍ കഴിയില്ല. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, റവന്യൂ/എംപ്ലോയ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഔദ്യോഗിക സമിതിയാണ് അപേക്ഷകരുടെ രേഖകള്‍ പരിശോധിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സംവിധാനമായ യുഡിഐഡി കാര്‍ഡുകളും ഓണ്‍ലൈന്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കുന്നതിലൂടെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ എളുപ്പമാകും. ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ 'സമന്വയ' സോഫ്റ്റ്വെയര്‍ പോര്‍ട്ടല്‍ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഡിജിറ്റല്‍ മുന്‍ഗണനാ ക്രമം കര്‍ശനമായി പാലിക്കുന്നതിനാല്‍ യോഗ്യത മറികടന്ന് മറ്റൊരാള്‍ക്ക് നിയമനം നല്‍കുന്നത് തടയാന്‍ ഈ സുതാര്യത സഹായിക്കും.
ജില്ലാ ക്ലസ്റ്റര്‍ സംവിധാനം നിയമന പ്രക്രിയയെ സുതാര്യമാക്കുമെങ്കിലും, വ്യാജ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ മുന്‍കൂട്ടി സമ്പാദിച്ച് അപേക്ഷിക്കുന്നവരെ തിരിച്ചറിയുക എന്നത് ഈ സമിതിക്ക് എത്രമാത്രം എളുപ്പമാകും എന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ജില്ലാ സമിതികളുടെ പരിശോധനയ്ക്ക് പുറമെ, നിയമന ശുപാര്‍ശ ലഭിക്കുന്ന ഉദ്യോഗാര്‍ഥികളെ വീണ്ടുമൊരു സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നേരിട്ടുള്ള പുനഃപരിശോധനയ്ക്ക് കൂടി വിധേയമാക്കേണ്ടി വരും. വ്യാജ ഭിന്നശേഷിക്കാര്‍ നിരവധിയായി കടന്നു കൂടുന്നു എന്ന പരാതി അതിശക്തമായതോടെ വരും നാളുകളിലെങ്കിലും പരിശോധന കര്‍ശനമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Sreejith S