കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട കപ്പലില് പൊട്ടിത്തെറി
Kollam, 12 ഓഗസ്റ്റ് (H.S.) കൊല്ലം: കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ എഞ്ചിനീയര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശ് സ്വദേശി സത്യപ്രകാശിനാണ് പരിക്കേറ്റത്. കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ഐഒഎല്‍ സഫയര്‍ എന്ന കപ്പലിലെ ജനറേറ്റര്‍ റൂമിലാണ് പൊ
ship


Kollam, 12 ഓഗസ്റ്റ് (H.S.)

കൊല്ലം: കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ എഞ്ചിനീയര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശ് സ്വദേശി സത്യപ്രകാശിനാണ് പരിക്കേറ്റത്. കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ഐഒഎല്‍ സഫയര്‍ എന്ന കപ്പലിലെ ജനറേറ്റര്‍ റൂമിലാണ് പൊട്ടിത്തെറി ഉണ്ടായത്. ആന്ധ്രാപ്രദേശില്‍ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോകുംവഴി കപ്പലിലെ ജനറേറ്റര്‍ കേടായതുമൂലം ഈ വര്‍ഷം ജൂണ്‍ 23ആം തിയ്യതി അറ്റകുറ്റപണിയ്ക്കായി അനുമതി വാങ്ങി കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പല്‍.

ഇന്ന് ഉച്ചയ്ക്ക് 1:20ന് എഞ്ചിനീയര്‍ സത്യപ്രകാശ് കപ്പലില്‍ വെല്‍ഡിങ് പണി ചെയ്തുകൊണ്ടിരിക്കവെ തീപ്പിടിച്ച് മുഖത്തും ശരീരത്തും പൊള്ളലേറ്റു. വിവരം അറിഞ്ഞ് കടലില്‍ ബോഡി സേര്‍ച്ചിങ് നടത്തിവന്നിരുന്ന തീരദേശ പൊലീസിന്റെ യുദ്ധ ബോട്ട് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇയാളെ ആംമ്പുലന്‍സില്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. സത്യപ്രകാശ് അപകട നില തരണം ചെയ്തിട്ടുണ്ട്. തീരദേശ പൊലീസ് സ്റ്റേഷന്‍ എസ് ഐ. ജോസ്, സിപിഒമരായ സുകേഷ്, സജു പോള്‍, ബോട്ടു സ്റ്റഫ് രാജന്‍ പിള്ള, മനുവല്‍, ടൈറ്റസ് എന്നിവരാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

കപ്പലില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ സുരക്ഷാ ഉപകരണങ്ങളായ ഹെല്‍മെറ്റ്, സേഫ്റ്റി ബെല്‍റ്റ്, ഗ്ലൗസ്, കണ്ണ് സംരക്ഷിക്കുന്ന കണ്ണടകള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കണം. വെല്‍ഡിങ് അല്ലെങ്കില്‍ കട്ടിങ് ജോലികള്‍ ചെയ്യുമ്പോള്‍ സമീപത്ത് അഗ്‌നിശമന ഉപകരണങ്ങള്‍ കരുതണം. അടഞ്ഞ മുറികളിലോ ടാങ്കുകളിലോ ജോലി ചെയ്യുമ്പോള്‍ ശുദ്ധവായു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കപ്പലുകളില്‍ പൊട്ടിത്തെറിയും തീപിടുത്തവും ഒഴിവാക്കാന്‍ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ (IMO) നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാതക ചോര്‍ച്ച തടയുക, അപകടകരമായ ചരക്കുകള്‍ സൂക്ഷിക്കുക, കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തുക, മികച്ച അഗ്‌നിശമന സംവിധാനങ്ങള്‍ സജ്ജീകരിക്കുക എന്നിവ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. കത്തുന്നതും അപകടകരമായതുമായ വസ്തുക്കള്‍, കാത്സ്യം കാര്‍ബൈഡ് പോലെയുള്ള രാസവസ്തുക്കള്‍ എന്നിവ വെള്ളവുമായോ മറ്റ് വസ്തുക്കളുമായോ സമ്പര്‍ക്കത്തില്‍ വരാത്ത രീതിയില്‍ സുരക്ഷിതമായി സീല്‍ ചെയ്ത് സൂക്ഷിക്കണം.

---------------

Hindusthan Samachar / Sreejith S


Latest News