ടാറ്റാ സണ്സ് ചെയര്മാന് പദവി ഒഴിഞ്ഞ് എന്. ചന്ദ്രശേഖരന്
Mumbai, 12 ഓഗസ്റ്റ് (H.S.) ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് എന്‍ ചന്ദ്രശേഖരന്‍. 2027 ഫെബ്രുവരി 20-ന് തന്റെ നിലവിലെ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും അപേക്ഷ നല്‍കില്ലെന്ന് അദ്ദേ
chandra


Mumbai, 12 ഓഗസ്റ്റ് (H.S.)

ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് എന്‍ ചന്ദ്രശേഖരന്‍. 2027 ഫെബ്രുവരി 20-ന് തന്റെ നിലവിലെ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും അപേക്ഷ നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ ടാറ്റാ ഗ്രൂപ്പിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള മാസങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.

ടാറ്റാ സണ്‍സിലെ ഭൂരിപക്ഷം ഓഹരി ഉടമകളായ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റും തന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ ഏകകണ്ഠമായി ശിപാര്‍ശ ചെയ്തിരുന്നുവെന്നും പിന്നീട് ടാറ്റാ സണ്‍സ് നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയും ബോര്‍ഡും ഈ നിര്‍ദ്ദേശം രേഖപ്പെടുത്തി ശിപാര്‍ശ ചെയ്തിരുന്നുവെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഫെബ്രുവരി 24ന് നടന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചെങ്കിലും ഒരു ബോര്‍ഡ് അംഗത്തിന്റെ പിന്തുണ ലഭിക്കാത്തതിനാല്‍ നിര്‍ദ്ദേശം നടപ്പിലാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഏകകണ്ഠമായ പിന്തുണ ലഭിക്കാത്തതിനാല്‍, നിര്‍ദ്ദേശം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി' അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു. ബോര്‍ഡ് യോഗം കഴിഞ്ഞ് ആറ് മാസമായിട്ടും ഒരു തീരുമാനത്തിലും എത്തിയിട്ടില്ലെന്നും നിര്‍ണായക ഘട്ടങ്ങളില്‍ ടാറ്റാ സണ്‍സ് നിരവധി തന്ത്രപരമായ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാല്‍ നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തത പ്രധാനമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. 'ഈ സാഹചര്യത്തില്‍, 2027 ഫെബ്രുവരി 20ന് എന്റെ കാലാവധി അവസാനിക്കുമ്പോള്‍ പുനര്‍നിയമനത്തിന് എന്നെത്തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചതായി ഇന്ന് രാവിലെ ടാറ്റ സണ്‍സ് ബോര്‍ഡിനെ അറിയിച്ചിരുന്നു' അദ്ദേഹം പറഞ്ഞു.

സുഗമമായ നേതൃമാറ്റം ഉറപ്പുവരുത്തുന്നതിനായി തന്റെ പിന്‍ഗാമിയെ ഉടന്‍ തീരുമാനിക്കണമെന്ന് അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ ടിസിഎസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ടാറ്റ പവര്‍ തുടങ്ങിയ വിവിധ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടു.

2017 ജനുവരി മുതല്‍ ടാറ്റാ സണ്‍സിന്റെയും ടാറ്റാ ഗ്രൂപ്പിന്റെയും തലപ്പത്ത് പ്രവര്‍ത്തിച്ചുവരികയാണ് എന്‍. ചന്ദ്രശേഖരന്‍. ചന്ദ്രശേഖരന്റെ പുനര്‍നിയമനം സംബന്ധിച്ച് ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഈ തീരുമാനം എടുത്തത് എന്നതും ശ്രദ്ധേയമാണ്. ടാറ്റ ട്രസ്റ്റുകളുടെ ഉടമസ്ഥതയിലാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്സ്, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ 30 ലധികം ഗ്രൂപ്പ് കമ്പനികളെ ഇത് നിയന്ത്രിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News