ജസ്റ്റിസ് യശ്വന്ത് വര്മ കുറ്റക്കാരനെന്ന് അന്വേഷണസമിതി; റിപ്പോര്ട്ട് ലോക്സഭയില്
New delhi, 12 ഓഗസ്റ്റ് (H.S.) ഔദ്യോഗിക വസതിയില്‍ കെട്ട് കണക്കിന് പണം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം
Yashwant varma


New delhi, 12 ഓഗസ്റ്റ് (H.S.)

ഔദ്യോഗിക വസതിയില്‍ കെട്ട് കണക്കിന് പണം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന യശ്വന്ത് വര്‍മ്മയുടെ ആരോപണം അന്വേഷണസമിതി തള്ളി.

2025 മാര്‍ച്ച് 14, 15 തീയതികളിലെ രാത്രിയില്‍ ജഡ്ജിയുടെ ഔദ്യോഗിക വസതിയായ ന്യൂഡല്‍ഹിയിലെ 30, തുഗ്ലക് ക്രസന്റിലെ സ്റ്റോര്‍ റൂമിലുണ്ടായ തീപ്പിടിത്തമാണ് വിവാദത്തിന് തുടക്കമിട്ടത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് വലിയ തോതില്‍ 500 രൂപാ നോട്ടുകള്‍ കണ്ടെത്തിയിരുന്നു.

കണ്ടെത്തിയ പണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കുന്നതില്‍ ജസ്റ്റിസ് വര്‍മ പരാജയപ്പെട്ടതായും സമിതി ചൂണ്ടിക്കാട്ടി. പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ജഡ്ജിക്ക് കഴിഞ്ഞില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത് ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ധാര്‍മിക നിലവാരത്തിന് വിരുദ്ധമാണെന്ന് സമിതി കണ്ടെത്തി. തീപിടിത്തത്തിന് ശേഷം പ്രധാന തെളിവായ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിലോ സംരക്ഷിക്കുന്നതിലോ ജഡ്ജി പരാജയപ്പെട്ടു. പരിശോധനകള്‍ക്കായി സ്ഥലം സീല്‍ ചെയ്യുന്നതിന് മുമ്പ് ജഡ്ജിയുടെ ജീവനക്കാര്‍ സ്റ്റോര്‍ റൂം വൃത്തിയാക്കുകയും പണം അപ്രത്യക്ഷമാവുകയും ചെയ്തു.

ഇത് ജഡ്ജിയുടെ നിര്‍ദേശപ്രകാരമോ അറിവോടുകൂടിയോ ആണെന്ന് സമിതി വിലയിരുത്തി. അന്വേഷണത്തിലുടനീളം ജഡ്ജി നല്‍കിയ മറുപടികള്‍ ഒഴിഞ്ഞുമാറുന്നതും അപൂര്‍ണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം അവിടെ ഉണ്ടായിരുന്നു എന്ന വസ്തുത ആദ്യം നിഷേധിച്ച അദ്ദേഹം, പിന്നീട് വീഡിയോ തെളിവുകള്‍ പുറത്തുവന്നപ്പോള്‍ സാങ്കേതികമായ ന്യായങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണ സമിതി കണ്ടെത്തി. വീഡിയോ തെളിവുകള്‍ പുറത്തുവന്നതോടെ ജസ്റ്റിസ് വര്‍മ്മയുടെ പ്രതിരോധ നിലപാട് ആദ്യം നടത്തിയ പൂര്‍ണമായ നിഷേധത്തില്‍ നിന്ന് സാങ്കേതിക വാദങ്ങളിലേക്ക് മാറിയതായും സമിതി നിരീക്ഷിച്ചു.

ഭരണഘടനാപരമായ പദവി വഹിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന സുതാര്യതയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇതെന്നും സമിതി വിലയിരുത്തി. പിന്നീട് ജസ്റ്റിസ് വര്‍മ അന്വേഷണ നടപടികളില്‍ നിന്ന് പിന്മാറുകയും തന്റെ ഭാഗത്തുനിന്ന് തെളിവുകള്‍ ഹാജരാക്കാതിരിക്കുകയും ചെയ്തു.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി. ആചാര്യ എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ഉന്നതതല സമിതിയാണ് അന്വേഷണം നടത്തിയത്.

മൂന്ന് കുറ്റാരോപണങ്ങളും പൂര്‍ണമായും തെളിയിക്കപ്പെട്ടതായി കണ്ടെത്തിയതോടെ, സമിതിയുടെ റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കം ചെയ്യുന്നതിനുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വസ്തുതാപരമായ അടിത്തറയാകും.

---------------

Hindusthan Samachar / Sreejith S


Latest News