Enter your Email Address to subscribe to our newsletters

Ernakulam , 13 ഓഗസ്റ്റ് (H.S.)
എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായി. വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി 16 പ്രതികളോടും നേരിട്ടെത്താൻ കോടതി കർശന നിർദേശം നൽകിയിരുന്നു.
കേസിൽ പുതുതായി ഉൾപ്പെടുത്തിയ വകുപ്പുകൾ കോടതി പ്രതികളെ വായിച്ചു കേൾപ്പിച്ചെങ്കിലും, പ്രതികൾ എല്ലാവരും കുറ്റം നിഷേധിക്കുകയാണുണ്ടായത്. പ്രോസിക്യൂഷൻ്റെ പ്രത്യേക അപേക്ഷ പരിഗണിച്ച്, ബോധപൂർവം പരിക്കേൽപ്പിക്കൽ എന്ന ഐപിസി 323-ാം വകുപ്പ് കൂടി നിലവിലെ കുറ്റപത്രത്തിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്. കേസ് കൂടുതൽ വിചാരണയ്ക്കായി ഓഗസ്റ്റ് 17-ലേക്ക് മാറ്റിയിട്ടുണ്ട്. അന്നേദിവസം വിചാരണ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
മാധ്യമശ്രദ്ധയുള്ള കേസായതിനാൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു. നാളെ വിചാരണ വേളയിൽ നിങ്ങൾ എന്ത് ചെയ്യും? എന്ന് ചോദ്യമുന്നയിച്ച കോടതി, എല്ലാ പ്രതികളും നിർബന്ധമായും എറണാകുളം പ്രിന്സിപ്പൽ സെഷൻസ് കോടതിയിൽ എത്തണമെന്ന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒരു പ്രതി പോലും കോടതിയിൽ എത്താതിരുന്നതിൽ ജഡ്ജി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ ഹാജരായിട്ടുള്ളത്.
കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ അമ്മ ഭൂപതി നൽകിയ ഹരജി പരിഗണിച്ചുകൊണ്ട്, നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കി അന്തിമ വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇതിനുള്ള സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്.
2018 ജൂലൈ രണ്ടിനാണ് കേരളത്തെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. മഹാരാജാസ് കോളജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള 16 പ്രതികൾക്കെതിരെയാണ് ഇപ്പോൾ അന്തിമ വിചാരണ ആരംഭിക്കുന്നത്.
മുഖ്യപ്രതികളെ സമയബന്ധിതമായി പിടികൂടാൻ കഴിയാത്തതും വിചാരണ കോടതിയുടെ കസ്റ്റഡിയിലിരുന്ന സുപ്രധാന രേഖകൾ കാണാതായതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊലപാതകം നടന്ന് എട്ടു വർഷത്തോളം വിചാരണ നീണ്ടുപോയത് കടുത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് ഈ രേഖകൾ പുനഃസൃഷ്ടിച്ചാണ് കോടതി നടപടികൾ വീണ്ടും തുടങ്ങിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR