Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ഓഗസ്റ്റ് (H.S.)
അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ചതായും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തെ വാണിജ്യ ചരക്കുനീക്കം, കേന്ദ്ര സർക്കാരിൻ്റെ ഖനന നിയമഭേദഗതി, വയനാട് ദുരന്തബാധിതർക്കുള്ള സഹായം തുടങ്ങിയ സുപ്രധാന വിഷയങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.
മെസിയുടെ സന്ദർശനവും ഇമെയിൽ വിവാദവും
അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (എഎഫ്എ) ആശയവിനിമയത്തിനായി സംസ്ഥാന സർക്കാർ ഔദ്യോഗിക സംവിധാനങ്ങൾ ഒഴിവാക്കി സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. പൊന്നാനി എംഇഎസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും തൃശൂർ ചെറുതുരുത്തി സ്വദേശിനിയുമായ അമീറ ആയിഷ ബീഗമാണ് സർക്കാരിന് വേണ്ടി എഎഫ്എയ്ക്ക് ഇമെയിൽ തയാറാക്കി നൽകിയത്. കായിക മുൻ മന്ത്രി വി. അബ്ദുറഹിമാൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ സുഹൃത്തിൻ്റെ ഭാര്യയാണ് ഇവർ.
എഎഫ്എ ഇൻ്റർനാഷണൽ റിലേഷൻസ് ഡയറക്ടർ പാബ്ലോ ഡയസ്, മാർക്കറ്റിങ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ എന്നിവരുമായാണ് ഇവർ ആശയവിനിമയം നടത്തിയത്. സർക്കാരിൻ്റെ ഔദ്യോഗിക സംവിധാനങ്ങളും ഉദ്യോഗസ്ഥരും നിലനിൽക്കെ, ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കർശന നടപടിയെന്ന് മുഖ്യമന്ത്രി
വിഷയത്തിൽ കായിക വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സമഗ്രമായ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. എഎഫ്എയുമായുള്ള കരാർ സ്വകാര്യ സ്ഥാപനത്തിന് നൽകിയതിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. റിപ്പോർട്ടിലെ ആരോപണങ്ങൾ ഗുരുതരമാണ്. ജിഎസ്ടി വെട്ടിപ്പ് നടന്നുവെന്നതിൻ്റെ പ്രാഥമിക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നേരത്തെ മരവിപ്പിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കുമെന്നും നഷ്ടപ്പെട്ട തുക ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രാഥമികമായി സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്തും.
കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം
ലോക്സഭ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ 2026-നെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റിൽ പതിനെട്ടാമത്തെ ഇനമായി വരുന്ന ഭൂമിയുടെ അധികാരവും അവകാശവും കേന്ദ്ര സർക്കാരിൻ്റെ അധികാര പരിധിയിൽ കൊണ്ടുവരാനുള്ള നീക്കമാണിത്. തീരദേശവും വനവും പോലും ഒഴിവാക്കാതെ 'മിനറൽ ബെയറിങ് ലാൻഡ്' എന്ന നിർവചനത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കേന്ദ്രം കടന്നുകയറുകയാണ്. ഇത് ഫെഡറൽ വ്യവസ്ഥിതിക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തിൻ്റെ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തബാധിതർക്ക് അധിക സഹായം
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ നഗരം രണ്ട് പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാനും തീരുമാനിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കി.
വിഴിഞ്ഞത്ത് വാണിജ്യ ചരക്കുനീക്കം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി (എക്സിം) ചരക്കുനീക്കം 2026 ഓഗസ്റ്റ് പതിനെട്ടിന് ആരംഭിക്കും. ഇതുവരെ ട്രാൻസ്ഷിപ്പ്മെൻ്റ് മാത്രമായിരുന്നു ഇവിടെ നടന്നിരുന്നത്. തുറമുഖത്തിൻ്റെ നേരിട്ടുള്ള ഗുണഫലങ്ങൾ സംസ്ഥാനത്തിന് ലഭ്യമാക്കുന്ന ആദ്യത്തെ പ്രധാന ചുവടുവയ്പ്പാണിത്. ഇതിനാവശ്യമായ പബ്ലിക് നോട്ടിസുകൾ കസ്റ്റംസ് കമ്മിഷണറേറ്റ് പുറപ്പെടുവിച്ചു. ദേശീയപാതാ അതോറിറ്റിയുടെ നിർദേശപ്രകാരം തുറമുഖ റോഡിൽ നിന്ന് ദേശീയപാത 66-ലേക്ക് താത്കാലിക റോഡ് സംവിധാനവും പൂർത്തിയാക്കി. തിരുവനന്തപുരത്ത് സിഎഫ്എസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ തുറമുഖത്തിനുള്ളിൽ തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.
മുതലപ്പൊഴി: കുടുംബത്തെ സർക്കാർ സംരക്ഷിക്കും
കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നതിനായി കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) അടിയന്തരമായി തയാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ആദ്യഘട്ട യോഗം ചേർന്നു.
ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകളും പരിശോധിച്ചുവരികയാണ്. മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളി രാജേഷിൻ്റെ കുടുംബത്തെ സർക്കാർ പൂർണ്ണമായും സംരക്ഷിക്കും. കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള ചുമതല നേരിട്ട് ഏറ്റെടുത്തിട്ടുണ്ടെന്നും മറ്റ് നഷ്ടപരിഹാരങ്ങൾ ഉൾപ്പെടെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR