Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ഓഗസ്റ്റ് (H.S.)
രാഷ്ട്രീയകേന്ദ്രങ്ങളിൽ വലിയ വിവാദമുയർത്തിയ ബ്രഹ്മപുരം അഴിമതിക്കേസിൽ ഒന്നാം പ്രതിയും കെഎസ്ഇബി മുൻ ചെയർമാനുമായ ആർ നാരായണനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാരിൻ്റെ അപേക്ഷയ്ക്കെതിരെ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം. പതിനൊന്ന് വർഷത്തിന് ശേഷമാണോ ഇത്തരം ഒരു അപേക്ഷ നൽകുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു.
ഹൈക്കോടതി വരെ വിചാരണ വേഗത്തിലാക്കാൻ നിർദ്ദേശിച്ച കേസിൽ, ഇത്രയും കാലത്തിനുശേഷം ഒന്നാം പ്രതിയെ മാത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് പറയുന്നില്ലെന്നും അതേസമയം ഒന്നാം പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നത് വൈരുധ്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിനകം വ്യക്തമായ മറുപടി നൽകാൻ വിജിലൻസ് പ്രോസിക്യൂട്ടർക്ക് കോടതി കർശന നിർദേശം നൽകി.
ബ്രഹ്മപുരത്ത് ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ കോടികളുടെ അഴിമതി നടന്നെന്നാണ് വിജിലൻസ് കേസ്. മുൻ വൈദ്യുതി മന്ത്രി സി വി പത്മരാജൻ, കെഎസ്ഇബി മുൻ ചെയർമാൻ ആർ നാരായണൻ, വൈ ആർ മൂർത്തി, മുൻ ചീഫ് എൻജിനീയർ സി ജെ ബർട്രാം നെറ്റോ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ ഏജൻ്റ് ദേബാശിഷ് മജുംദാർ എന്നിവരുൾപ്പെടെ 12 പേരാണ് നിലവിൽ കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
ഭരണപരവും നിയമപരവും മാനുഷികവുമായ പരിഗണനകൾ ചൂണ്ടിക്കാട്ടി 87-കാരനായ ആർ നാരായണൻ നൽകിയ നിവേദനത്തെത്തുടർന്നായിരുന്നു പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. തുടര്ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 360-ാം വകുപ്പുപ്രകാരം പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുന്നതിന് അപേക്ഷ നൽകാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് വിജിലൻസ് വകുപ്പ് നിര്ദേശം നല്കുകയായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളും മോശം ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, 87 വയസ്സുള്ള വ്യക്തിയെ നീണ്ട വിചാരണനടപടികൾക്ക് വിധേയനാക്കുന്നത് നിഷ്ഫലമായ നടപടിയും സ്വാഭാവികനീതിയുടെ ലംഘനവുമാകുമെന്നായിരുന്നു ഇതു സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട നിയമതർക്കവും സർക്കാർ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. കെഎസ്ഇബി ജീവനക്കാരനായതിനാൽ നാരായണന് സിആർപിസി 197-ാം വകുപ്പുപ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ലെന്ന് തിരുവനന്തപുരത്തെ പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ നിയമിക്കാനും നീക്കംചെയ്യാനുമുള്ള അധികാരം സംസ്ഥാന സർക്കാരിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നതെന്നായിരുന്നു സർക്കാർ നിലപാട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR