പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ സിപിഐ
Thiruvananthapuram, 13 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ സിപിഐ. ഇന്നുകൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. മുന്നണിയോഗം കൂടുന്നതിൽ എതിർപ്പില്ലെന്ന് നേരത്തെ തന്നെ സിപിഐ അറിയിച്ചി
Binoy Vishwam


Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ സിപിഐ. ഇന്നുകൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനത്തിലെത്തിയത്. മുന്നണിയോഗം കൂടുന്നതിൽ എതിർപ്പില്ലെന്ന് നേരത്തെ തന്നെ സിപിഐ അറിയിച്ചിട്ടുള്ളതാണെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. 17ന് കൂടുന്ന ഇടതുമുന്നണിയോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നും ബിനോയ് വിശ്വം അറിയിച്ചു.

ഇടതുമുന്നണിയിൽ സിപിഐയുടെ സ്ഥാനമെന്താണെന്ന് പാർട്ടിക്കറിയാം. അതുകൊണ്ടു തന്നെയാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടത്. എൽഡിഎഫിൽ ഓരോ ഘടക കക്ഷിയുമായും സിപിഐക്ക് ഉറ്റ ബന്ധമുണ്ട്. സിപിഐയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ നേതൃത്വം ഉൾപ്പെടെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേ നിലപാട് മുന്നണി യോഗത്തിലും സിപിഐ ആവർത്തിക്കണമെന്ന ആവശ്യമാണ് സെക്രട്ടറിയേറ്റിലും ഉയർന്നത്. ഇടതുമുന്നണി യോഗത്തിൽ സിപിഐയുടെ സമ്മർദത്തിന് സിപിഎം വഴങ്ങാനാണ് സാധ്യത.

അതിനിടെ, ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഈമാസം 28ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. സിപിഐ നൽകിയ അഡ്വാൻസ് തുകയായ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി. ട്രെയിനിലെ തിരക്ക് മൂലം യാത്ര പ്രതിസന്ധിയിലായതോടെ ഒരു ട്രെയിൻ തന്നെ വാടകയ്ക്കെടുക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡെപ്റ്റംബർ ഒന്നിന് രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്താനായിരുന്നു സിപിഐയുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കേരളത്തിൽ നിന്ന് വലിയ തോതിൽ നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ എത്തിക്കാനായിരുന്നു സിപിഐ ശ്രമിച്ചത്.

20 ബോഗികളിലായി ഏകദേശം 1400ലധികം പ്രവർത്തകരും വോളൻ്റിയർമാരും കർഷക- തൊഴിലാളി സംഘടനാ പ്രതിനിധികളും ഡൽഹിയിൽ എത്തിച്ചേരുമെന്നായിരുന്നു സിപിഐയുടെ അനുമാനം. സമരത്തിന് ശേഷം സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ നാലാം തീയതി തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. 18 തേർഡ് ക്ലാസ് എസി കമ്പാർട്ട്മെൻ്റുകളും രണ്ട് നോൺ എസി ബോഗികളുമുള്ള ട്രെയിനാണ് പാർട്ടി നേതൃത്വം ബുക്ക് ചെയ്തത്. തമിഴ്നാട്ടിൽ നിന്നുള്ള ആളുകളെ എത്തിക്കാൻ മറ്റു രണ്ട് ട്രെയിനുകളും സിപിഐ ബുക്ക് ചെയ്തിരുന്നു. നിലവിൽ ഇവയെല്ലാം റദ്ദാക്കിയെന്നാണ് വിവരം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News