കോന്നി കുളത്തുമണ്ണിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് പിതൃസഹോദരനെ അതിക്രൂരമായി മർദിച്ച ശേഷം നെഞ്ചിൽ ചവിട്ടിക്കൊന്നു.
Pathanamthitta , 13 ഓഗസ്റ്റ് (H.S.) കോന്നി കുളത്തുമണ്ണിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് പിതൃസഹോദരനെ അതിക്രൂരമായി മർദിച്ച ശേഷം നെഞ്ചിൽ ചവിട്ടിക്കൊന്നു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ (കണ്ണൻ- 45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിലിൻ്റെ
FAMILY DISPUTE ATTACK


Pathanamthitta , 13 ഓഗസ്റ്റ് (H.S.)

കോന്നി കുളത്തുമണ്ണിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് പിതൃസഹോദരനെ അതിക്രൂരമായി മർദിച്ച ശേഷം നെഞ്ചിൽ ചവിട്ടിക്കൊന്നു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ (കണ്ണൻ- 45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിലിൻ്റെ ജ്യേഷ്ഠൻ്റെ മകനായ സുധീഷിനെ (27) കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിൻ്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിൻ്റെ അവകാശത്തെയും താമസത്തെയും ചൊല്ലിയുണ്ടായ തർക്കം പിന്നീട് കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വഴക്കിനിടെ സുധീഷ് അനിലിൻ്റെ മുടിയിൽ പിടിച്ച് മർദിക്കുകയും നെഞ്ചിൽ ക്രൂരമായി ചവിട്ടിവീഴ്ത്തുകയുമായിരുന്നു. നിലത്തുവീണ അനിൽ സംഭവസ്ഥലത്തുവച്ചുതന്നെ ബോധരഹിതനായി.

ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അനിലിനെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചേറ്റ ശക്തമായ ചവിട്ടിൽ വാരിയെല്ലൊടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ

നേരത്തെ ചെങ്ങറയിൽ താമസിച്ചിരുന്ന അനിൽ നിലവിൽ തിരുവനന്തപുരത്താണ് താമസം. പത്തനംതിട്ടയിൽ ജോലി ആവശ്യങ്ങൾക്കായി എത്തുമ്പോൾ സുധീഷിൻ്റെ അച്ഛനും അനിലിൻ്റെ ജ്യേഷ്ഠനുമായ സുനിൽ കുളത്തുമണ്ണിൽ നിർമിച്ച വീട്ടിലാണ് ഇയാൾ തങ്ങിയിരുന്നത്. സുനിൽ തമിഴ്നാട്ടിലാണ് ജോലി ചെയ്യുന്നത്. അതിനാൽ ഈ വീട്ടിൽ വേറെ ആരും താമസിക്കുന്നില്ല. എന്നാൽ സുധീഷ് തൻ്റെ ഭാര്യക്കൊപ്പം കൊല്ലൻപടിയിലെ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. കുളത്തുമണ്ണിൽ എത്തുന്ന അനിൽ തൻ്റെ അച്ഛൻ നിർമിച്ച വീട്ടിൽ താമസിക്കുന്നതിൽ സുധീഷിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഈ വീട് സംബന്ധിച്ച് ഇരുവരും തമ്മിൽ മുൻപും പലതവണ വാക്കുതർക്കങ്ങൾ നടന്നിട്ടുണ്ട്. ചൊവ്വാഴ്ച അനിൽ വീണ്ടും കുളത്തുമണ്ണിലെ വീട്ടിൽ എത്തിയ വിവരം അറിഞ്ഞാണ് സുധീഷ് ഇവിടേക്ക് എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

പ്രതി സ്ഥിരം കുറ്റവാളി

അനിലിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ബന്ധുക്കൾ സുധീഷിനെ കെട്ടിയിട്ട ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൂടൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പിടിയിലായ സുധീഷ് പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുവരും തമ്മിൽ നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൻ്റെ പേരിൽ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടൽ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. അനിലിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News