ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും ഹൈക്കോടതിയിൽ തിരിച്ചടി.
Ernakulam , 13 ഓഗസ്റ്റ് (H.S.) ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും (ഇഡി) ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ ഒന്പതാം പ്രതിയായ ഹരീഷ് കുമാറിൻ്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം സെഷന്സ്
Ed raid


Ernakulam , 13 ഓഗസ്റ്റ് (H.S.)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും (ഇഡി) ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ ഒന്പതാം പ്രതിയായ ഹരീഷ് കുമാറിൻ്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം സെഷന്സ് കോടതി വിധിയില് ഇടപെടാന് ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. കേസില് മറ്റ് 24 പ്രതികള്ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.

മറ്റ് പ്രതികള്ക്ക് ഏര്പ്പെടുത്തിയ ജാമ്യവ്യവസ്ഥകള് ഹരീഷ് കുമാറിനും കോടതി ബാധകമാക്കിയിട്ടുണ്ട്. തുടര്ന്ന് സര്ക്കാരിൻ്റെയും ഇഡിയുടെയും ഹര്ജികള് ഹൈക്കോടതി തീര്പ്പാക്കി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെങ്കിലും പരിശോധന പൂർത്തിയായിട്ടില്ല. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് നടന്നതെന്നുമായിരുന്നു സർക്കാരിൻ്റെ വാദം. കേരളത്തിൽ ഇതിനു മുൻപ് കേട്ടുകേൾവിയില്ലാത്ത ആക്രമണമാണ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്നതെന്നും ദൃശ്യങ്ങളുണ്ടെന്നും ഇഡിയും ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

ഒൻപതാം പ്രതിക്കെതിരെയുള്ള കേസ് എന്തെന്ന് കോടതി ചോദിച്ചപ്പോൾ ആക്രമത്തിൽ ഹരീഷ് കുമാറും പങ്കാളിയായിരുന്നുവെന്നായിരുന്നു സർക്കാരിൻ്റെ വാദം. 27 ദിവസം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിട്ടും എന്ത് ചെയ്യുകയായിരുന്നുവെന്നും സർക്കാരിനോട് വിമർശന രൂപേണ ഹൈക്കോടതി നേരത്തെ ചോദ്യമുന്നയിച്ചിരുന്നു. പ്രോസിക്യൂട്ടർ കോടതിയിൽ തെറ്റായ കാര്യങ്ങൾ അറിയിച്ചെന്ന സർക്കാർ വാദത്തിലും ഹൈക്കോടതി നേരത്തെ മറുപടി നൽകിയിരുന്നു. പ്രോസിക്യൂട്ടര്ക്കെതിരെ സര്ക്കാര് നടപടി സ്വീകരിക്കൂവെന്നായിരുന്നു അന്ന് ജസ്റ്റിസ് സി എസ് ഡയസിൻ്റെ മറുപടി. കോടതിയെ സഹായിക്കുകയാണ് പ്രോസിക്യൂട്ടര്മാരുടെ ചുമതലയെന്നും വിവേചനാധികാരം ഉപയോഗിച്ചാണ് ജഡ്ജിമാര് തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി പരിശോധനയ്ക്ക് എത്തിയത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചത്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ കാർ തല്ലിത്തകർക്കുകയും വനിത ഉൾപ്പെടെയുള്ള ഇഡി സംഘത്തിന് പരിക്കേൽക്കുകയും ചെയ്തു.

അക്രമം തടയാൻ ശ്രമിച്ച പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വലിയ കൈയാങ്കളിയുണ്ടായി. തുടർന്നാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അതേസമയം പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയ നടപടി രാഷ്ട്രീയ പകപോക്കലിൻ്റെ ഉദാഹരണമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News