Enter your Email Address to subscribe to our newsletters

Kollam , 13 ഓഗസ്റ്റ് (H.S.)
സുകുമാരൻ നായരും കെ ബി ഗണേഷ് കുമാറും തമ്മിലുള്ള പോരു മുറുകുന്നു. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേടുകൾ ജനം അറിയണമെന്നും തനിക്കെതിരെ അദ്ദേഹം നടത്തിയ പരാമർശത്തിൽ കേസ് കൊടുക്കാൻ താത്പര്യമില്ലെന്നും മുൻ മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരൻ നായർ അത്രക്ക് മാന്യൻ ഒന്നുമല്ല. എൻഎസ്എസിനെ രക്ഷിക്കാൻ സുകുമാരൻ നായർ അംഗമായ കരയോഗത്തിൽ ഉള്ളവർ ഒരുമിക്കണം. കരാളഹസ്തങ്ങളിൽ നിന്ന് എൻഎസ്എസിനെ രക്ഷിച്ചെ മതിയാകുവെന്നും കെ ബി ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രാത്രിയുടെ മറവിൽ താലൂക്ക് യൂണിയനുകൾ പിരിച്ചുവിടുന്ന ഹുങ്കിനെ ചോദ്യം ചെയ്യും. എൻഎസ്എസ് പിടിച്ചെടുക്കാൻ ഒന്നും ഞാനില്ല. എൻ്റെ വായ് തുറക്കാൻ ആരും നോക്കരുത്. സുകുമാരൻ നായരുടെ മകളും മകനും കൊച്ചു മക്കളുമൊക്കെ നടത്തിയ കാര്യങ്ങളെ കുറിച്ച് വാ തുറപ്പിക്കരുതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ലോകത്തെങ്ങുമുള്ള നായർമാരുടെ ആഗ്രഹം ദർശനത്തിനായി മന്നംസമാധി തുറന്നുകൊടുക്കണം എന്നാണ്. അതിന് വേണ്ടി പോരാട്ടം തുടരുമെന്നും സമുദായംഗങ്ങൾ മുന്നിട്ടു വന്നാൽ ഞാനും കൂടെയുണ്ടാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സുകുമാരൻ നായരെ ഇറക്കിവിടാനുള്ള മാർഗങ്ങൾ ഉണ്ട്. അത് ചങ്ങനാശ്ശേരിയിലെ സുകുമാരൻ നായർ ഉൾപ്പെട്ട കരയോഗ അംഗങ്ങൾ തീരുമാനിച്ചാൽ തീരുന്നതെയുള്ളു എന്നും ഗണേഷ് പറഞ്ഞു.
അനീതി ചെയ്യുന്നവർ പിടിക്കപ്പെടണം. ധനലക്ഷ്മി ബാങ്കുമായി നടന്ന ക്രമക്കേടുകൾ അന്വേഷിക്കണം. സുകുമാരൻ നായർക്കെതിരെ ഇപ്പോൾ നടക്കുന്ന കേസ് 89 തവണയാണ് കോടതിയിൽ മാറ്റിവപ്പിച്ചത്. അന്തസ് ഉണ്ടെങ്കിൽ കേസ് വാദിക്കാൻ അഭിഭാഷകൻ തയാറാകണം. ഇത്രയും തവണയൊക്കെ ഒരു കേസ് മാറ്റിവപ്പിക്കുന്നത് ജുഡിഷ്യറിയോട് കാണിക്കുന്ന മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.
വക്കീലിന് ഇപ്പോഴും എൻഎസ്എസിൻ്റെ പണമാണ് നൽകികൊണ്ടിരിക്കുന്നത്. അങ്ങനെ എൻഎസ്എസിൻ്റെ പണം ധൂർത്ത് അടിക്കാൻ സുകുമാരൻ നായർ നോക്കണ്ട. അതുകൊണ്ട് ഇപ്പോൾ ഞാൻ കേസുമായി മുന്നോട്ട് പോകുന്നില്ല. പോയി കേസു കൊടുക്കട്ടെയെന്ന സുകുമാരൻ നായരുടെ പ്രതികരണത്തിന് മറുപടിയായി ഗണേഷ്കുമാർ പറഞ്ഞു.
സ്വന്തം കൈയിൽ നിന്ന് വക്കീൽ ഫീസ് കൊടുക്കാൻ സുകുമാരൻ നായർ തയാറായെങ്കിൽ കേസ് കൊടുക്കാൻ താൻ തയാറാണെന്നും ഗണേഷ്കുമാർ കൂട്ടി ചേർത്തു. ഇനി പറയാനുള്ളത് ജനകീയ കോടതിയിൽ പറയും. മകനും മകളുമൊക്കെ ചെയ്ത കാര്യങ്ങളുടെ തെളിവ് തൻ്റെ കൈയിൽ ഉണ്ടെന്നും ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കൊഞ്ഞനം കുത്തുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR