Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ഓഗസ്റ്റ് (H.S.)
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. മുതിർന്ന അഭിഭാഷകൻ അഡ്വ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ അനുമതി നൽകി.
വിചാരണക്കോടതി മാറ്റണമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ബഷീറിൻ്റെ ഭാര്യ ജസീല നൽകിയ ഹർജി ഈ മാസം 18ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാരിൻ്റെ നടപടി. അന്ന് നിയമനം സംബന്ധിച്ച തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ജസീലയുടെ ആവശ്യം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷന് പ്രത്യേക നിയമസംവിധാനം ഒരുക്കണമെന്ന ആവശ്യം കൂടിയാണ് ഹർജിയിലൂടെ ഉന്നയിച്ചത്. തിരുവനന്തപുരത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) സംഘത്തിൻ്റെ വാഹനം ആക്രമിച്ച കേസിൽ ഹാജരാകുന്ന അഭിഭാഷകനാണ് സന്തോഷ് കുമാർ.
വിചാരണക്കോടതി മാറ്റിയതിൽ പരാതി
കേസിൻ്റെ വിചാരണ ഇപ്പോൾ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് തുടരുന്നത്. നേരത്തെ ജില്ല സെഷൻസ് അഡീഷനൽ കോടതി ഒന്നിലായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള ഹാജരാകുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള തടസ്സഹർജിയെ തുടർന്ന് കേസ് താഴത്തെ നിലയിലുള്ള നാലാം കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വിചാരണ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും രാമൻപിള്ള നേരിട്ട് കോടതിയിൽ ഹാജരായിട്ടില്ലെന്നാണ് ജസീലയുടെ ആരോപണം. സാക്ഷികളെ ഓൺലൈനായാണ് വിസ്തരിക്കുന്നത്. കോടതി മാറ്റം പ്രതിഭാഗത്തിൻ്റെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്ന് ആരോപിച്ചാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യത്തിനൊപ്പം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു.
അപകടം 2019 ഓഗസ്റ്റിൽ
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീർ വാഹനമിടിച്ച് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറാണ് ബഷീറിനെ ഇടിച്ചത്. കേസിൽ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി പിന്നീട് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്ന കേസിലാണ് ഇപ്പോൾ നിർണായക തീരുമാനങ്ങൾ ഉണ്ടാകുന്നത്.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച സർക്കാർ തീരുമാനം 18ന് ഹൈക്കോടതിയെ അറിയിക്കുന്നതോടെ ജസീലയുടെ ഹർജിയിലെ പ്രധാന ആവശ്യങ്ങളിലൊന്നിൽ സർക്കാർ നിലപാട് വ്യക്തമാകും. അതേസമയം വിചാരണക്കോടതി മാറ്റണമെന്ന ആവശ്യത്തിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാടും കേസിൻ്റെ തുടർനടപടികളിൽ നിർണായകമാകും. നീതി ഉറപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രതീക്ഷയോടെയാണ് ബഷീറിൻ്റെ കുടുംബവും നിയമലോകവും നോക്കിക്കാണുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR