സംസ്ഥാനത്തെ വൈദ്യുതി അപകടങ്ങളിൽ നടുക്കുന്ന കണക്ക്; പത്തു വർഷത്തിൽ പൊലിഞ്ഞത് 1919 ജീവനുകൾ.
Thiruvananthapuram, 13 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത് 1919 പേർ. കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മിഷണറുടെയും സാമ്പത്തിക ഉപദേഷ്ടാവിൻ്റെയും കാര്യാലയങ്ങൾ നൽകിയ വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2
Kseb


Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത് 1919 പേർ. കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മിഷണറുടെയും സാമ്പത്തിക ഉപദേഷ്ടാവിൻ്റെയും കാര്യാലയങ്ങൾ നൽകിയ വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2016 ഏപ്രിൽ 1 മുതൽ 2026 ജൂൺ 30 വരെയുള്ള കണക്കുകളാണിത്.

വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കാണ് ഈ വിവരങ്ങൾ ലഭിച്ചത്. വിവിധ അപകടങ്ങളിലായി 498 മൃഗങ്ങൾക്കും ഇക്കാലയളവിൽ ജീവൻ നഷ്ടമായി. വൈദ്യുതി അപകടങ്ങളിൽപ്പെട്ട് മരിച്ച 1919 പേരിൽ 66 പേർ കെഎസ്ഇബിയിലെ സ്ഥിരം ജീവനക്കാരും 99 പേർ കരാർ ജീവനക്കാരുമാണ്. ബോർഡിൻ്റെ ലൈനുകളിൽ നിന്നുള്ള അപകടങ്ങളിൽ മാത്രം 65 സ്ഥിരം ജീവനക്കാരും 99 കരാർ ജീവനക്കാരും മരിച്ചു.

കൂടാതെ 895 പൊതുജനങ്ങൾക്കും ബോർഡ് ഇൻസ്റ്റലേഷനുകളിൽ നിന്നുള്ള അപകടങ്ങളിൽ ജീവൻ നഷ്ടമായി. ഉപഭോക്താക്കളുടെ വീടുകളിലെ ഉപകരണങ്ങളിൽ നിന്നോ അറ്റകുറ്റപ്പണികൾക്കിടയിലോ ഉണ്ടായ അപകടങ്ങളിൽ 1030 പേർക്കാണ് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച വൈദ്യുതി വേലികളിൽ നിന്ന് ആഘാതമേറ്റ് 84 പേർ മരിച്ചതായും കെഎസ്ഇബിയുടെ രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.

കൂടുതൽ അപകടങ്ങൾ എറണാകുളത്ത്

ഏറ്റവും കൂടുതൽ അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തത് എറണാകുളം മേഖലയിലാണ്. ഇവിടെ 1605 അപകടങ്ങളിലായി 19 സ്ഥിരം ജീവനക്കാരും 28 കരാർ ജീവനക്കാരും 223 പൊതുജനങ്ങളും ബോർഡ് ഇൻസ്റ്റലേഷൻ വഴി മരിച്ചു. ഉപഭോക്തൃ ഇൻസ്റ്റലേഷൻ വഴി 342 പേർക്കും ജീവൻ നഷ്ടമായി. തിരുവനന്തപുരം മേഖലയിൽ 1239 അപകടങ്ങളിലായി 18 സ്ഥിരം ജീവനക്കാരും 27 കരാർ ജീവനക്കാരും 230 പൊതുജനങ്ങളും ബോർഡ് ഇൻസ്റ്റലേഷൻ വഴി മരിച്ചു. ഉപഭോക്തൃ ഇൻസ്റ്റലേഷൻ വഴി 265 പേർക്കാണ് ജീവൻ നഷ്ടമായത്.

കോഴിക്കോട് മേഖലയിൽ 1182 അപകടങ്ങൾ നടന്നു. ഇതിൽ 15 സ്ഥിരം ജീവനക്കാരും 23 കരാർ ജീവനക്കാരും 191 പൊതുജനങ്ങളും ബോർഡ് ഇൻസ്റ്റലേഷൻ വഴി മരിച്ചു. കണ്ണൂർ മേഖലയിൽ 611 അപകടങ്ങളുണ്ടായപ്പോൾ 12 സ്ഥിരം ജീവനക്കാരും 13 കരാർ ജീവനക്കാരും 92 പൊതുജനങ്ങളും ബോർഡ് ഇൻസ്റ്റലേഷൻ വഴിയാണ് മരിച്ചത്. എന്നാൽ മരിച്ചവരിൽ സ്കൂൾ കുട്ടികൾ എത്രയെന്നോ പ്രായം, ലിംഗഭേദം, വർഷം, ജില്ല എന്നിവ തിരിച്ചുള്ള കണക്കുകളോ നിലവിൽ ലഭ്യമല്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു.

ലാഭത്തിൽ കെഎസ്ഇബി

വൈദ്യുതി ബോർഡിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ കാര്യാലയം നൽകിയ മറുപടി പ്രകാരം കെഎസ്ഇബി നിലവിൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 97.66 കോടി രൂപയും 2024-25ൽ 571.22 കോടി രൂപയുമാണ് കെഎസ്ഇബിയുടെ ലാഭം. ഈ കാലയളവിൽ ലാഭത്തിലായിരുന്നിട്ടും സർക്കാരിന് യാതൊരു വിധ ലാഭവിഹിതവും നൽകിയിട്ടില്ലെന്ന് മറുപടിയിൽ പറയുന്നു. 2025-26 സാമ്പത്തിക വർഷത്തെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കി.

വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങളും മരണവും കുറയ്ക്കാൻ ബോർഡ് നടപടികൾ സ്വീകരിക്കണമെന്ന് രാജു വാഴക്കാല ഇടിവി ഭാരതിനോട് പറഞ്ഞു. മുൻകരുതലില്ലായ്മയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ബോധവത്കരണവും ജീവനക്കാർക്ക് നൽകുന്ന നിർദേശങ്ങളും മരണനിരക്ക് കുറയ്ക്കാൻ പര്യാപ്തമാണെന്നും അത് ബോർഡ് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News