Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വടക്കന് കേരളത്തില് ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്, കാസര്കോട് ജില്ലകളില് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത് കൊണ്ട് തന്നെ ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. അതേസമയം മറ്റ് ജില്ലകളിലൊന്നും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല.
നാളെയോടെ മഴ മധ്യ, തെക്കന് മലയോര മേഖലകളിലേക്ക് നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമാകാന് സാധ്യതയുള്ളത് കൊണ്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില് നാളെ യെല്ലോ അലര്ട്ടാണുള്ളത്. മഴയും അതോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളത് കൊണ്ട് ദുരന്ത സാധ്യത മേഖലയില് താമസിക്കുന്ന സുരക്ഷിതയിടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തില് കള്ളക്കടല് പ്രതിഭാസത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്തെ ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളത്തെ മുനമ്പം മുതൽ മറുവക്കാട് വരെയും, തൃശൂരിലെ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും അതിശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും സ്ഥിതി സമാനമാണെന്നും അധികൃതര് അറിയിച്ചു.
മത്സ്യത്തൊഴിലാളികള്ക്കും തീരദേശവാസികള്ക്കുമുള്ള ജാഗ്രത നിര്ദേശം
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
- മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR