മെസ്സിയുടെ കേരള സന്ദർശനം:അവ്യക്തതകൾ പരിശോധിച്ചശേഷം നടപടിയെന്ന് മന്ത്രി ഒ ജെ ജനീഷ്
Thiruvananthapuram, 13 ഓഗസ്റ്റ് (H.S.) കേരളത്തിലേക്ക് മെസ്സിയെ കൊണ്ടുവരാൻ മുൻ സർക്കാർ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിനു പിന്നിൽ നിരവധി അവ്യക്തതകൾ നിലവിലുണ്ടെന്നും കായിക സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ വിശദമായ പരിശോധനയ്ക്കുശേഷം നടപടികൾ കൈക്കൊള്
MINISTER O J JANEESH


Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)

കേരളത്തിലേക്ക് മെസ്സിയെ കൊണ്ടുവരാൻ മുൻ സർക്കാർ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിനു പിന്നിൽ നിരവധി അവ്യക്തതകൾ നിലവിലുണ്ടെന്നും കായിക സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ വിശദമായ പരിശോധനയ്ക്കുശേഷം നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഒ ജെ ജനീഷ്. മെസ്സിയെ കേരളത്തിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സ്വകര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിന് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. കരാർ രഹസ്യ സ്വഭാവമുള്ളതാണെന്ന് അറിയിച്ചിരുന്നു. കരാറിൻ്റെ വിവരങ്ങൾ സംസ്ഥാന സർക്കാരിൻ്റെ പക്കലില്ല. വിശദമായ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

മെസ്സിയെ കേരളത്തിൽ എത്തിക്കാൻ സ്വകാര്യ കമ്പനി പണം നൽകിയോ എന്നതിനേക്കാൾ ഉപരിയായി പാലിക്കപ്പെടേണ്ട കാര്യങ്ങളുണ്ട്. സ്വകാര്യ കമ്പനിക്ക് അനുകൂലമായി നടപടിക്രമങ്ങൾ എങ്ങനെ മാറിയെന്നത് പരിശോധിക്കണം. കായിക വകുപ്പിൽ അതിൻ്റെ വിശദ വിവരങ്ങൾ ലഭ്യമല്ല. പരിശോധന പൂർത്തിയായതിനുശേഷം വിശദമായി പറയാം.

2022ലാണ് അർജൻ്റീനയിൽ നിന്ന് മറുപടി വന്നതായി പറയുന്നത്. രണ്ടുവർഷക്കാലം മുൻ കായിക മന്ത്രിയുമായി കത്തിടപാടുകൾ നടന്നതായി പറയുന്നു. അതിലെല്ലാം വലിയ ലംഘനങ്ങൾ ഉണ്ടായി. എല്ലാ നടപടികളിലും വ്യക്തതക്കുറവുണ്ട്. പണമിടപാടിന് കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചതു കൊണ്ട് കരാർ സുതാര്യമാകണമെന്നില്ല. അന്വേഷണം കായിക വകുപ്പിൻ്റെ പക്കൽ മാത്രം നിൽക്കുന്നതല്ല. സ്വകാര്യ ചാനലിനോട് പക തീർക്കുന്ന വിഷയമല്ല ഇത്.

മെസ്സിയെ ക്ഷണിച്ചുകൊണ്ട് കത്തയക്കുന്നതിന് ഒരുമാസം മുൻപാണ് കമ്പനി രൂപീകരിക്കപ്പെട്ടത്. അവരുടെ മൂലധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കപ്പെട്ടിട്ടില്ല. അത്തരം പരിശോധനകളൊന്നും നടന്നിട്ടില്ല. എല്ലാം സുതാര്യമാണെങ്കിൽ അവർ ഭയപ്പെടേണ്ട കാര്യമില്ലല്ലോ. കഴിഞ്ഞ സർക്കാർ നടത്തിയതു പോലുള്ള അനധികൃത ഇടപെടൽ ഈ സർക്കാർ തുടരേണ്ട കാര്യമില്ലല്ലോ. 2018 മുതൽ 2026 വരെയുള്ള കായിക താരങ്ങൾക്ക് പ്രൈസ് മണി നൽകാതിരിക്കുന്ന സാഹചര്യത്തിലാണ് മെസ്സിയെ കൊണ്ടുവരാൻ നടപടി എടുത്തത്. മെസ്സിയെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും കത്തുകൾ വരുന്നുണ്ട്. മെസ്സിയെ കൊണ്ടുവരുന്നതിനേക്കാൾ കേരളത്തിൽ മെസ്സിമാരെ സൃഷ്ടിക്കാനാണ് കായിക വകുപ്പ് ശ്രമിക്കുന്നത്. സ്പോർട്സ് കൗൺസിലുകളിലും അസോസിയേഷനുകളിലും പൊളിച്ചെഴുത്ത് ആവശ്യമാണെന്നും മന്ത്രി ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കായിക താരങ്ങൾക്ക് സർക്കാർ പാരിതോഷികം

കോമൺവെൽത്ത് ഗെയിംസിൽ മെഡൽനേടിയ മലയാളി കായിക താരങ്ങൾക്ക് സർക്കാർ പാരിതോഷികം നൽകും. ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ മുരളിക്കും പാര അത്ലറ്റിക്സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ നൽകും. 12 വയസ്സിൽ താഴെയുള്ളവരുടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചാംപ്യനായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപയും കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4*400 മിക്സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് 5 ലക്ഷം രൂപ വീതവും ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിൻ്റെയും പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും പാരിതോഷികം നൽകും.

അമിത രാഷ്ട്രീയവത്കരണം ഒഴിവാക്കി കായിക മേഖലയെ കായിക സൗഹൃദമാക്കുക എന്നതാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയം. വിവിധ ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് 2019 മുതൽക്കുള്ള പാരിതോഷികം കുടിശ്ശികയാണ്. മുൻ സർക്കാരിൻ്റെ കാലഘട്ടത്തിലുള്ള കുടിശ്ശിക തീർക്കാനുള്ള തീവ്ര യത്നത്തിലാണ് സർക്കാർ. ഇതിനായി ആദ്യ ഘട്ടമെന്ന നിലയിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കിയുള്ള തുക ഏതാനും മാസങ്ങൾക്കകം നൽകാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News