പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കാൻ എൽഡിഎഫ് യോഗം 17ന്
Thiruvananthapuram, 13 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ഇടതുമുന്നണി യോഗം ഓഗസ്റ്റ് 17ന് ചേരും. വൈകിട്ട് നാലിന് എ കെ ജി സെൻ്ററില
OPPOSITION DEPUTY LEADER DISPUTE


Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ഇടതുമുന്നണി യോഗം ഓഗസ്റ്റ് 17ന് ചേരും. വൈകിട്ട് നാലിന് എ കെ ജി സെൻ്ററിലാണ് യോഗം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ നിർബന്ധത്തിന് മുന്നിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് യോഗം ചേരാനാവാതെ നീണ്ടുപോയത്. 17ലെ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടാനാണ് സിപിഐ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു തവണ മാത്രമാണ് എൽഡിഎഫ് യോഗം ചേർന്നത്. ഇടതുമുന്നണി യോഗം തീരുമാനിച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് കൂടും.

കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് മുന്നണി യോഗം ചേരാൻ നിർദേശിച്ചത്. സിപിഐയുമായും മറ്റു പാർട്ടികളുടെ നേതാക്കളുമായും ചർച്ച നടത്തിയാണ് മുന്നണി യോഗം ചേരാനുള്ള തീയതി നിശ്ചയിച്ചത്. സർക്കാരിനെതിരായി യോജിച്ച പ്രക്ഷോഭത്തിന് പോലും മുന്നണി നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതി ഘടകകക്ഷികൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് യോഗം വിളിക്കുന്നത്. ഉപനേതാവ് വിഷയത്തിൽ വിശദമായ ചർച്ച യോഗത്തിലുണ്ടായേക്കും. ഉപനേതാവ് സ്ഥാനം വിട്ടുകൊടുക്കാനാവില്ലെന്നാണ് സിപിഎം നിലപാട്. അതിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം തയാറാവണമെന്ന നിലപാടാണ് ഘടകകക്ഷികൾക്കുള്ളത്. ഇടതുമുന്നണി യോഗം കൂടാൻ തടസമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിയമസഭാ ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന മുന്നണി യോഗം തെരഞ്ഞെടുപ്പ് അവലോകനത്തിന് ജൂൺ 15നകം പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചാണ് പിരിഞ്ഞത്. എന്നാൽ, പിന്നീട് യോഗം വിളിക്കാനായിട്ടില്ല. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും എൽഡിഎഫിന് പാർലമെൻ്ററി പാർട്ടി യോഗം ചേരാനുമായില്ല. പ്രതിപക്ഷ ഉപനേതാവ് പദവി വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിനെതിരെ രാഷ്ട്രീയമായി ഒട്ടേറെ വിഷയങ്ങൾ ഉയർന്നിട്ടും എൽഡിഎഫിന് കൂട്ടായ തീരുമാനമെടുത്ത് മുന്നോട്ടുപോകാനാകുന്നില്ല. ഇത് പ്രതിപക്ഷം ദുർബലമാകുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതായാണ് ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ മുന്നണിയുടെ പ്രവർത്തനത്തിൽ മാറ്റം വേണമെന്നാണ് സിപിഐ ആവശ്യം. അതിനാണ്, പ്രതിപക്ഷ ഉപനേതാവ് പദവി പാർട്ടി ആവശ്യപ്പെടുന്നത്.

അതിനിടെ, പാർട്ടി പ്രവർത്തന ഫണ്ടിനായി സിപിഎം പ്രഖ്യാപിച്ച ബക്കറ്റ് പിരിവ് അടുത്ത മാസത്തേക്ക് മാറ്റി. കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പിനെ തുടർന്നാണ് നടപടി. കേന്ദ്ര കമ്മിറ്റി നിർദേശപ്രകാരം ഈ മാസം 16 മുതൽ ആരംഭിക്കാനിരുന്ന പിരിവാണ് നീട്ടിയത്. രസീത് നൽകാതെയുള്ള പിരിവിനെതിരെയും ടാർഗറ്റ് തുക ഉയർത്തിയതിനെതിരെയുമാണ് പ്രതിഷേധം ശക്തമായത്. കാലവർഷക്കെടുതിയും ഓണക്കാലവും ഒത്തുവന്ന ഘട്ടത്തിൽ ജനങ്ങളെ ഫണ്ട് പിരിവിനായി സമീപിക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലാണ് ബ്രാഞ്ച് യോഗങ്ങളിൽ ഉയർന്നത്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ക്ഷീണത്തിലായ പാർട്ടിക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നു.

ഇന്ന് കൂടുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് ചർച്ച ചെയ്യും. ദേശീയ നേതൃത്വം ഉൾപ്പെടെ പദവിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേ നിലപാട് മുന്നണി യോഗത്തിലും സിപിഐ ആവർത്തിക്കണമെന്ന ആവശ്യം സെക്രട്ടേറിയറ്റിലും ഉയരാനാണ് സാധ്യത. അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ലെന്നും രാഷ്ട്രീയമാണ് വലുതെന്നും ബിനോയ് അഭിപ്രായപ്പെട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News