Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തിൻ്റെ പേര് 'കേരളം' എന്നാക്കി മാറ്റുന്ന ബിൽ രാജ്യസഭ പാസാക്കിയപ്പോൾ സഭ ബഹിഷ്കരിച്ച കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള ജനതയ്ക്ക് വേണ്ടിയുള്ള ബില്ലായിരുന്നിട്ടും ഇരു പാർട്ടികളിലെയും എംപിമാർ പിന്തുണച്ചില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇതൊരിക്കലും ഒരു രാഷ്ട്രീയ ബില്ലല്ലെന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിൽ പാസാക്കുമ്പോൾ എൽഡിഎഫ്, യുഡിഎഫ് എംപിമാർ സഭയിലുണ്ടായിരുന്നില്ല. കേരളത്തിനായുള്ള ബില്ലാണെന്ന് അറിഞ്ഞിട്ടും അവർ സഭ ബഹിഷ്കരിക്കുകയായിരുന്നു. രാഷ്ട്രീയം നാട് നന്നാക്കാനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാകണം.
അല്ലാതെ അധികാര രാഷ്ട്രീയത്തിനും വിവാദങ്ങൾക്കും മാത്രമുള്ളതല്ലെന്നും അദ്ദേഹം വിമർശിച്ചു. കലാ സാംസ്കാരിക രംഗത്തുള്ളവർ ഉൾപ്പെടെയുള്ള സാധാരണക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തതിൽ ബിജെപിക്ക് അതിയായ സന്തോഷമുണ്ട്. ചരിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കേരളം ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ടത്താപ്പ് തുറന്നുകാട്ടി ബിജെപി
ചില കാര്യങ്ങളിൽ ഇരു പാർട്ടികളും ഒന്നിച്ച് നിൽക്കുന്നത് കാണാമെന്ന് അദ്ദേഹം പരിഹസിച്ചു. ഡൽഹി ജന്തർ മന്ദിറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ ഇരുകൂട്ടരും ഒന്നിച്ചു നിൽക്കുന്നു. അബ്ദുൽ നാസർ മഅ്ദനിയെക്കുറിച്ച് പ്രമേയം പാസാക്കാനും എസ്ഐആർ റിവിഷൻ പാസാക്കാനും ഇവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. എന്നാൽ പൊതുജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ കാണാനോ ക്ഷേമപ്രവർത്തനങ്ങൾ നടത്താനോ ഇവർക്ക് സമയമില്ല. കേരളത്തിൽ നടക്കുന്ന പിഎസ്സി സമരങ്ങൾക്ക് പരിഹാരം കാണാനോ ഉദ്യോഗാർഥികളുമായി വിപുലമായ ചർച്ചകൾ നടത്താനോ നടപടികൾ എടുക്കാനോ ഇരു കൂട്ടരും വിമുഖത കാണിക്കുകയാണ്. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനോ അതിനെക്കുറിച്ച് സംസാരിക്കാനോ അവർക്ക് സമയമില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
സഭയിൽ വാക്പോര്
കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ ബിൽ കൊണ്ടുവന്നത്. ഭരണഘടനയുടെ ഒന്നാം പട്ടികയിലാണ് ഇതുവഴി ഭേദഗതി വരുത്തുന്നത്. സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്നാക്കുന്ന ബിൽ രാജ്യസഭ രണ്ടര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് പാസാക്കിയത്. ഇതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും സഭയിൽ നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരിലാണ് ബിൽ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ അവതരിപ്പിച്ചത്.
ചർച്ചയിൽ സംസാരിക്കാൻ ആദ്യ അവസരം ലഭിച്ചത് കോൺഗ്രസ് എംപി ജെബി മേത്തറിനായിരുന്നു. 'കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ' എന്ന വള്ളത്തോളിൻ്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലായിരുന്നു ജെബി മേത്തറിൻ്റെ പ്രസംഗം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമം ചൂണ്ടിക്കാട്ടി അമിത് ഷായുടെ അസാന്നിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തിയതോടെ ഭരണപക്ഷം പ്രകോപിതരായി. തുടർന്ന് സംസാരിച്ച സി സദാനന്ദനും വള്ളത്തോളിൻ്റെ വരികളിൽ നിന്നു തന്നെയാണ് പ്രസംഗം തുടങ്ങിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR