Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ഓഗസ്റ്റ് (H.S.)
കാസര്‍കോട് എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായവര്‍ക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍, അബ്ദുല്‍ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്നും എന്നാല്‍, ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് താന്‍ ആദ്യമായി വിളിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. നവകേരള സദസ്സിനിടെ പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം സ്‌കൂളിന് മുന്നില്‍വെച്ചുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ മുഹമ്മദ് ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റു പ്രവര്‍ത്തകരെ വിളിച്ചതുപോലെ ഹുസൈനെയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
ഫോണില്‍ വിളിച്ചപ്പോള്‍ എപ്പൊഴെങ്കിലും വീട്ടില്‍ വരാം എന്ന് പറഞ്ഞിരുന്നു. പിന്നീട് വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എം.എല്‍.എയുടെയും പാര്‍ട്ടി ഭാരവാഹികളുടെയും നിര്‍ദ്ദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദര്‍ശിച്ചത്. നേരത്തെ വാക്ക് നല്‍കിയിരുന്നതിനാലാണ് സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷം മൂന്നോ നാലോ തവണ പലയിടങ്ങളില്‍വെച്ച് ഹുസൈന്‍ തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും പോലീസ് മര്‍ദ്ദനമേറ്റ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഹമ്മദ് ഹുസൈന്‍ തന്റെ സോഷ്യല്‍ മീഡിയ കൈകാര്യംചെയ്യുന്ന ആളാണെന്ന ആരോപണവും സതീശന്‍ തള്ളി. തനിക്ക് നിലവില്‍ സോഷ്യല്‍ മീഡിയ ടീമോ കോര്‍ഡിനേറ്ററോ ഇല്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും സോഷ്യല്‍ മീഡിയ ടീമില്ല. ഇപ്പോഴും ഇല്ല. ഓരോരുത്തര്‍ പല ഗ്രൂപ്പുകളിലും അംഗങ്ങളാകുന്നതില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവര്‍ക്ക് ലഹരിമരുന്ന് ബന്ധമുള്ള കാര്യം പാര്‍ട്ടിക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ അറിവില്ലായിരുന്നുവെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ നഗരം രണ്ട് പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാനും തീരുമാനിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
കടലില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്നതിനായി കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ അടിയന്തരമായി തയാറാക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ആദ്യഘട്ട യോഗം ചേര്‍ന്നു. ഐഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ചുവരികയാണ്. മുതലപ്പൊഴിയില്‍ മരിച്ച മത്സ്യത്തൊഴിലാളി രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും സംരക്ഷിക്കും. കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ചുമതല നേരിട്ട് ഏറ്റെടുത്തിട്ടുണ്ടെന്നും മറ്റ് നഷ്ടപരിഹാരങ്ങള്‍ ഉള്‍പ്പെടെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S