Enter your Email Address to subscribe to our newsletters

Chennai, 13 ഓഗസ്റ്റ് (H.S.)
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തിയ ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരം തുറമുഖത്തുനിന്നും അനുമതി വാങ്ങി കടലില്‍ പോയവരാണ് അറസ്റ്റിലായത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ തലൈമന്നാര്‍ നാവിക ക്യാമ്പിലേക്ക് മാറ്റി. പിടിച്ചെടുത്ത യന്ത്രവല്‍കൃത ബോട്ട് IND TN 10 MM 329 തങ്കച്ചിമടം രാജ നഗര്‍ നിവാസിയായ പി വെല്ലിങ്ടണിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പ് പറഞ്ഞു. മത്സ്യബന്ധന പെര്‍മിറ്റ് ലഭിച്ച ശേഷം ഓഗസ്റ്റ് 12 ന് രാമേശ്വരം തുറമുഖത്ത് നിന്ന് പുറപ്പെട്ട 297 മത്സ്യബന്ധന ബോട്ടുകളുടെ ഭാഗമായിരുന്നു ഇവരെന്നും കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പ് പറയുന്നു .
ജെ ജനതന്‍ (45), എ ആന്റണി പിച്ചൈ (38), കെ വെള്ളായിച്ചാമി (51), എം പ്രഭു (43), ആരോഗ്യ ജെനിസ്റ്റണ്‍ (25), പി സ്റ്റീവിന്‍ (30), എം ഡോണ്‍ബോസ്‌കോ (55), വി ആരോഗ്യ ദേവിന്‍ (31), സുബ്ബയ്യ (52) എന്നിവരാണ് അറസ്റ്റിലായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍.
ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആവര്‍ത്തിച്ചുള്ള തടങ്കലുകളില്‍ സവേരിയര്‍ മത്സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റെ സഗായാം സവേരിയാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ദ്വീപ് രാഷ്ട്രത്തിന്റെ നാവികസേന പിടിച്ചെടുക്കുന്ന മൂന്നാമത്തെ ബോട്ടാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ശ്രീലങ്കന്‍ നാവികസേന ബോട്ട് തടഞ്ഞു. ഒമ്പത് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ നിസംഗത പാലിക്കുന്നത് ദുഃഖകരമാണ്' സഗായാം പറഞ്ഞു.
പിടിയിലായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും ഉടന്‍ മോചിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിലുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളി സമൂഹം അടുത്ത ഘട്ട പ്രതിഷേധങ്ങള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
നിലവിലെ തമിഴ്നാട് സര്‍ക്കാര്‍ ശ്രീലങ്കന്‍ സമുദ്ര പ്രശ്നം പരിഹരിക്കുമെന്നും അധികാരത്തില്‍ വന്നാല്‍ അറസ്റ്റ് തടയുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഏത് സര്‍ക്കാര്‍ അധികാരത്തിലാണെങ്കിലും തടങ്കലുകള്‍ തുടര്‍ച്ചയായി തുടരുകയാണെന്ന് അസോസിയേഷന്‍ നേതാവ് പറഞ്ഞു. കച്ചത്തീവ് മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരമ്പരാഗത മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുമെന്നും സഗായം അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / Sreejith S