സോഷ്യല് മീഡിയയുടെ വായ മൂടിക്കെട്ടാന് പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനല്ല; മുഖ്യമന്ത്രി വിഡി സതീശന്
Thiruvanathapuram, 13 ഓഗസ്റ്റ് (H.S.) സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന് എതിരായ പോസ്റ്റുകളും വാര്‍ത്തകളും നീക്കംചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെറ്റയ്ക്ക് കത്തെഴുതാന്‍ താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്തകള്‍ നീക്കംചെയ്യിക്കാ
VD Satheeshan,CM Kerala


Thiruvanathapuram, 13 ഓഗസ്റ്റ് (H.S.)

സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന് എതിരായ പോസ്റ്റുകളും വാര്‍ത്തകളും നീക്കംചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെറ്റയ്ക്ക് കത്തെഴുതാന്‍ താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്തകള്‍ നീക്കംചെയ്യിക്കാന്‍ തനിക്ക് മെറ്റയില്‍ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ നീക്കംചെയ്യുന്നതിന് പിന്നില്‍ താനാണെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ 'CMO Kerala' ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നല്‍കിയിട്ട് രണ്ടു മാസമായെന്നും എന്നാല്‍ മെറ്റ ഇതുവരെ അത് ശരിയാക്കി നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഞാന്‍ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലും മെറ്റ നീക്കംചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും ഇത്തരത്തില്‍ നീക്കംചെയ്യപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും നീക്കംചെയ്യപ്പെടുന്നുണ്ടെന്നും ഇത് മെറ്റയുടെ പോളിസിയില്‍ വന്ന മാറ്റമാകാമെന്നും അദ്ദേഹം പറഞ്ഞു.

താനോ തന്‍െ ഓഫീസോ പറഞ്ഞിട്ട് മെറ്റ മാധ്യമങ്ങള്‍ കൊടുക്കുന്നത് നീക്കംചെയ്യുമോയെന്നും അതിനുള്ള സ്വാധീനം തനിക്ക് മെറ്റയിലുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കംചെയ്യപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ മെറ്റയ്ക്ക് പരാതി നല്‍കണമെന്നും അത്തരം പരാതികള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 'കേരളത്തിലെ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വായ് മൂടിക്കെട്ടാന്‍ പറ്റുമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ ഞാന്‍' എന്നും അദ്ദേഹം ചോദിച്ചു.

കാസര്‍കോട് എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായവര്‍ക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍, അബ്ദുല്‍ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്നും എന്നാല്‍, ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിഞ്ഞത് ഇപ്പോഴത്തെ അറസ്റ്റോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് താന്‍ ആദ്യമായി വിളിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. നവകേരള സദസ്സിനിടെ പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം സ്‌കൂളിന് മുന്നില്‍വെച്ചുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ മുഹമ്മദ് ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റു പ്രവര്‍ത്തകരെ വിളിച്ചതുപോലെ ഹുസൈനെയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

ഫോണില്‍ വിളിച്ചപ്പോള്‍ എപ്പൊഴെങ്കിലും വീട്ടില്‍ വരാം എന്ന് പറഞ്ഞിരുന്നു. പിന്നീട് വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എം.എല്‍.എയുടെയും പാര്‍ട്ടി ഭാരവാഹികളുടെയും നിര്‍ദ്ദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദര്‍ശിച്ചത്. നേരത്തെ വാക്ക് നല്‍കിയിരുന്നതിനാലാണ് സന്ദര്‍ശനം നടത്തിയത്. ഇതിന് ശേഷം മൂന്നോ നാലോ തവണ പലയിടങ്ങളില്‍വെച്ച് ഹുസൈന്‍ തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും പോലീസ് മര്‍ദ്ദനമേറ്റ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News