ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിലുള്ള വിരോധത്തെ തുടർന്ന് അഭിഭാഷകൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം
Ernakulam , 14 ഓഗസ്റ്റ് (H.S.) ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിലുള്ള വിരോധത്തെ തുടർന്ന് അഭിഭാഷകൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം പുതുവൈപ്പ് മുരിക്കുംപാടം തോണ്ടുങ്ങൽ വീട്ടിൽ മോഹൻദാസിനാണ് ആക
ACCUSED ATTACKED LAWYER FAMILY


Ernakulam , 14 ഓഗസ്റ്റ് (H.S.)

ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിലുള്ള വിരോധത്തെ തുടർന്ന് അഭിഭാഷകൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം പുതുവൈപ്പ് മുരിക്കുംപാടം തോണ്ടുങ്ങൽ വീട്ടിൽ മോഹൻദാസിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മുരുക്കുംപാടം സ്വദേശികളായ ഡാസ്റ്റർ, സഹോദരൻ ഡൈനാസ്റ്റർ എന്നിവർക്കെതിരെ ഞാറക്കൽ പൊലീസ് കേസെടുത്തു.

കേസിലെ ഒന്നാം പ്രതിയായ ഡാസ്റ്ററിൻ്റെ ഭാര്യ ഭർത്താവിനും കുടുംബത്തിനുമെതിരെ നൽകിയ ഗാർഹിക പീഡന പരാതിയിൽ മോഹൻദാസിൻ്റെ മകനും അഭിഭാഷകനുമായ ടി എം ഡോൾഗോ ഹാജരായിരുന്നു. ഈ കേസ് ഏറ്റെടുത്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. അഭിഭാഷകനെയും കുടുംബത്തെയും വകവരുത്തണമെന്ന പൂർവവൈരാഗ്യത്തോടെയാണ് പ്രതികൾ വീടാക്രമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ആക്രമണം വീട്ടിൽ അതിക്രമിച്ചു കയറി

ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകിട്ട് 5.30നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുതുവൈപ്പ് വില്ലേജിലെ മുരിക്കുംപാടത്തുള്ള തോണ്ടുങ്കൽ വീട്ടിൽ ഡാസ്റ്ററും ഡൈനാസ്റ്ററും അതിക്രമിച്ചു കയറുകയായിരുന്നു. ഈ സമയം വീടിൻ്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന മോഹൻദാസിനോട് അഭിഭാഷകനായ മകൻ എവിടെയെന്ന് ചോദിച്ച് പ്രതികൾ ഭീഷണി മുഴക്കി. കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചുകൊണ്ട് ഇവർ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് പുറത്തുവന്ന മോഹൻദാസിൻ്റെ ഭാര്യ എന്തിനാണ് വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കുന്നതെന്നും അവിടെനിന്നും ഇറങ്ങിപ്പോകണമെന്നും പ്രതികളോട് ആവശ്യപ്പെട്ടു.

തുടർന്ന് ആക്രോശത്തോടെ മുന്നോട്ടടുത്ത പ്രതികൾ സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന മോഹൻദാസിനെ പിടിച്ച് വലിച്ച് പുറത്തേക്ക് തള്ളിയിടുകയും നിലത്ത് വീണ അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് നിലത്തു കിടന്ന മോഹൻദാസിൻ്റെ കഴുത്ത് അറുക്കാനും വയറ്റിൽ കുത്തി പരിക്കേൽപ്പിക്കാനും ശ്രമിച്ചു. ആക്രമണത്തിൽ കഴുത്തിലും വയറ്റിലും മാരകമായി പരിക്കേറ്റ മോഹൻദാസ് രക്തം വാർന്ന് നിലത്തു വീഴുകയായിരുന്നു. കൃത്യം നടത്തുന്നതിൽ ഇരുപ്രതികളും പരസ്പരം സഹായിക്കുകയും ഒരുമിച്ച് അക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതികൾക്കായി അന്വേഷണം ഊർജിതം

അക്രമത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടന്ന മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മോഹൻദാസിൻ്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞാറക്കൽ പൊലീസ് വധശ്രമം, അതിക്രമിച്ച് കയറൽ തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഒരു അഭിഭാഷകൻ കേസ് ഏറ്റെടുത്തതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് നേരെയുണ്ടായ ക്രൂരമായ ആക്രമണം വലിയ പ്രതിഷേധത്തിനും പരിഭ്രാന്തിക്കും വഴിവച്ചിട്ടുണ്ട്. കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരായ തങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് മോഹൻദാസിൻ്റെ മകളും അഭിഭാഷകയുമായ അഡ്വ. ലിനി ചോദിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിയമസംവിധാനത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന അഭിഭാഷകർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കുറ്റവാളികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News