കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക സംസ്ഥാന സർക്കാർ വർധിപ്പിച്ചു
Thiruvananthapuram, 14 ഓഗസ്റ്റ് (H.S.) കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക സംസ്ഥാന സർക്കാർ വർധിപ്പിച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കായ
COMMONWEALTH GAMES KERALA WINNERS


Thiruvananthapuram, 14 ഓഗസ്റ്റ് (H.S.)

കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷിക തുക സംസ്ഥാന സർക്കാർ വർധിപ്പിച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കായികതാരങ്ങൾക്ക് വൻ തുക പ്രഖ്യാപിക്കാൻ തീരുമാനമായത്. കോമൺവെൽത്ത് ഗെയിംസ് ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ മുരളിക്കും പാര അത്ലറ്റിക്സ് 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.

ഇവർക്ക് പുറമെ 12 വയസ്സിൽ താഴെയുള്ളവരുടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ദിവി ബിജേഷ്, അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമംഗം സാന്ദ്ര മോൾ സാബു എന്നിവർക്കും 20 ലക്ഷം രൂപ വീതം ലഭിക്കും. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടാനായില്ലെങ്കിലും ഫൈനൽ വരെയെത്തി മികച്ച പ്രകടനം കാഴ്ചവെച്ച നീന്തൽ താരം സാജൻ പ്രകാശ്, മിക്സഡ് റിലേ താരം അൻസ ബാബു എന്നിവരെയും സർക്കാർ ആദരിക്കും. ഇവർക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡൽ ജേതാക്കളായ ശ്രീശങ്കറിന്റേയും മുഹമ്മദ് ബാസിലിന്റേയും കഠിനാധ്വാനത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും അനുവദിച്ചു.

നിലവിലെ മാനദണ്ഡപ്രകാരം കായികതാരങ്ങൾക്ക് നൽകിവരുന്ന തുക അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇപ്പോൾ വലിയ തോതിൽ തുക വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ സ്വർണ്ണ മെഡൽ ജേതാക്കൾക്ക് അഞ്ച് ലക്ഷവും വെള്ളിക്ക് മൂന്ന് ലക്ഷവും വെങ്കലത്തിന് ഒരു ലക്ഷം രൂപയുമാണ് നൽകാൻ സാധിക്കുക. കായിക മേഖലയെ അമിത രാഷ്ട്രീയവൽക്കരണത്തിൽ നിന്ന് മുക്തമാക്കി കായിക സൗഹൃദമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് ഒ.ജെ ജനീഷ് വ്യക്തമാക്കി.

വിവിധ മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്ക് 2019 മുതൽ നൽകാനുള്ള പാരിതോഷികങ്ങൾ കുടിശ്ശികയായി കിടക്കുകയാണ്. മുൻ സർക്കാരിന്റെ കാലഘട്ടത്തിലെ ഈ കുടിശ്ശികകൾ തീർക്കാനുള്ള തീവ്ര ശ്രമത്തിലാണ് നിലവിലെ സർക്കാർ. ഇതിനായി ആദ്യ ഘട്ടമെന്ന നിലയിൽ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കായികതാരങ്ങൾക്ക് വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News