Enter your Email Address to subscribe to our newsletters

Kottayam , 14 ഓഗസ്റ്റ് (H.S.)
സഭാതർക്കവുമായി ബന്ധപ്പെട്ട വിവിധ പള്ളികളെ സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്ന് ഓര്ത്തഡോക്സ് സഭ. പാലക്കാട് ജില്ലയിലെ ചെറുകുന്നം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, മംഗലം ഡാം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എരിക്കുംചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ആട്ടിൻകുന്ന് കുരിശുപള്ളി, കൊല്ലം ജില്ലത്തെ മുഖത്തല സെന്റ് സ്റ്റീഫൻസ് എന്നീ പള്ളികള് സംബന്ധിച്ചാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രമുഖ മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസിന്റെ പ്രസ്താവന. ഹൈക്കോടതി വിധി 5 പള്ളികളുടെയും ഒരു കുരിശുപള്ളിയുടെയും പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്.
മലങ്കരസഭയുടെ പള്ളികൾക്ക് 1934ലെ സഭാ ഭരണഘടനയാണ് ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ വിധി പ്രസ്താവിച്ച പള്ളികളുടെ കാര്യത്തിൽ സിവിൽക്കോടതിയിലൂടെ ഉത്തരവ് നടപ്പാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. കോടതി മുഖേന നിയമം നടപ്പാകണമെന്ന് മാത്രമാണ് സഭയുടെ നിലപാടും.അതേസമയം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ എക്കാലത്തും മലങ്കരസഭ സ്വാഗതം ചെയ്തിട്ടുള്ളതാണ്. പുതിയ സർക്കാരിന്റെ നിലപാടിനോടും അതേ സമീപനം തുടരും. സഭാക്കേസിൽ തീർപ്പ് കൽപ്പിച്ച 2017 ജൂലൈ 3ലെ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ നടത്തുന്ന ചർച്ചകളുമായി മലങ്കരസഭ സഹകരിക്കുമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഇന്നലെയാണ് മലങ്കര സഭയിലെ പള്ളികളുടെ പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയുണ്ടായത്. ആറ് പള്ളികളുടെ പൊലീസ് സംരക്ഷണം ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കുകയായിരുന്നു. സിംഗിള് ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭ നല്കിയ അപ്പീലുകളാണ് ജസ്റ്റിസ് എകെ നമ്പ്യാര് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചത്.
പള്ളികളിലെ ഇത്തരത്തിലുള്ള അധികാര തര്ക്കത്തില് പരിഹാരം കാണാന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില് ചര്ച്ച നടത്താനും നീക്കവും കോടതി അംഗീകരിച്ചു. അതോടൊപ്പം മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില് സര്ക്കാര് ഇടപെടലിന് പരിമിതികളുണ്ടെന്ന് ഡിവിഷന് ബെഞ്ച് ഓര്മിപ്പിച്ചു.
സര്ക്കാരിന് സാധിക്കുമെന്ന് പ്രതീക്ഷ
പള്ളികളുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന തര്ക്കങ്ങളില് സര്ക്കാരിന് തക്കതായ പരിഹാരം കാണാന് സാധിക്കുമെന്നാണ് പ്രതീക്ഷ. ക്രമസമാധാന പ്രശ്നം ഉണ്ടായാല് പരിഹരിക്കാന് സര്ക്കാരിന് ഇടപെടലുകള് നടത്താം. പൊതു സമൂഹത്തില് സമാധാനം നിലനിര്ത്താന് ആവശ്യമെങ്കില് സര്ക്കാരിന് നിയമ നിര്മാണം നടത്താമെന്നും ഹൈക്കോടതി നീരിക്ഷിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR