ആറളത്തെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ മന്ത്രിതല സംഘം നേരിട്ടെത്തും
Thiruvananthapuram, 14 ഓഗസ്റ്റ് (H.S.) മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംയുക്ത സംഘം അടുത്ത മാസം ആറളം ഫാം സന്ദർശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിത
KERALA HUMAN WILDLIFE CONFLICT


Thiruvananthapuram, 14 ഓഗസ്റ്റ് (H.S.)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംയുക്ത സംഘം അടുത്ത മാസം ആറളം ഫാം സന്ദർശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ, വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ അഡ്വ. സണ്ണി ജോസഫ്, പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ എന്നിവരടങ്ങുന്ന സംഘമാണ് കണ്ണൂരിലെ ആറളം ഫാമിലെത്തുക. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ വനം വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്ന പ്രത്യേക മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ആനമതിൽ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുംആറളം ഫാമിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ആനമതിൽ നിർമാണം ഡിസംബറോടെ പൂർത്തിയാക്കാൻ യോഗം നിർദേശം നൽകി. ഇതിൻ്റെ മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗം വിലയിരുത്തും. ഭൂപ്രകൃതി കാരണം ആനമതിൽ നിർമാണം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ മറ്റ് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഫാമിലെ അടിക്കാട് വെട്ടുന്നതിൻ്റെയും വിസ്ത ക്ലിയറൻസിൻ്റെയും പുരോഗതി യോഗം വിലയിരുത്തി. ആറളം ഫാമിലെ പുനരധിവാസ പ്രവർത്തനങ്ങൾ പ്രദേശവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ച് സമയബന്ധിതമായി പൂർത്തിയാക്കും. ഫാമിന് ചുറ്റും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമ്പോൾ, ആനകൾ മറ്റ് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗത്തിൽ ചർച്ചയായി. മന്ത്രിമാരായ ഷിബു ബേബിജോൺ, അഡ്വ. സണ്ണി ജോസഫ്, കെ.എ തുളസി എന്നിവർക്ക് പുറമെ വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത്, പട്ടികജാതി-പട്ടികവർഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കണ്ണൂർ ജില്ലയിലെ പ്രധാന ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ കാട്ടാനശല്യം രൂക്ഷമാണ്. നിരവധി കർഷകർക്കും ആദിവാസികൾക്കുമാണ് ഇവിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കൃഷിനാശവും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി മന്ത്രിതല സംഘം നേരിട്ട് സ്ഥലത്തെത്തുന്നത്. വന്യജീവി സങ്കേതത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ശാസ്ത്രീയമായ ഇടപെടലുകൾ ആവശ്യമാണെന്ന് നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. ആറളം ഫാമിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് മന്ത്രിതല സംഘത്തിൻ്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് 10 വർഷത്തിനിടെ പൊലിഞ്ഞത് 999 ജീവനുകൾമനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ 999 ആളുകൾ മരിച്ചെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഈ കാലയളവിൽ സർക്കാർ നഷ്ടപരിഹാരമായി നൽകിയത് 138 കോടിയിൽപ്പരം രൂപയാണ്. 2016-17 വർഷത്തിൽ മാത്രം വന്യജീവി ആക്രമണത്തിൽ 144 പേർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ 2026 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 20 പേരാണ് മരിച്ചത്. 2016-17 മുതൽ 2018-19 വരെയുള്ള കാലയളവിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News