റിപ്പോട്ടർ കൊള്ള /മെസ്സി തട്ടിപ്പ്: സിബിഐ അന്വേഷണം വേണം. വി.ഡി. സതീശൻ സർക്കാർ ഒത്തുകളിക്കരുത്: ബിജെപി
Kerala, 14 ഓഗസ്റ്റ് (H.S.) റിപ്പോർട്ടർ ടിവിയുടെ ഉടമകളുമായി ബന്ധപ്പെട്ട മെസ്സി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാൻ വി.ഡി. സതീശൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. അർജന്റീന ഉൾപ്പെടെ
Adv s Suresh


Kerala, 14 ഓഗസ്റ്റ് (H.S.)

റിപ്പോർട്ടർ ടിവിയുടെ ഉടമകളുമായി ബന്ധപ്പെട്ട മെസ്സി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാൻ വി.ഡി. സതീശൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു.

അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര ബന്ധം ഉൾപ്പെടുന്ന കരാറാണ് ഇതുമായി ബന്ധപ്പെട്ടുള്ളതെന്നും എംബസികളുമായും മറ്റ് സംസ്ഥാനങ്ങളുമായും വിഷയത്തിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് 'മെസ്സി തട്ടിപ്പ്' നടന്നതെന്ന ആരോപണം സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെ അന്വേഷിക്കണം.

കേരളം ഭരിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും റിപ്പോർട്ടറുമായി ചേർന്ന് നടത്തിയ കൊള്ളയിൽ പങ്കാളികളാണെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ഏജൻസികൾക്ക് മാത്രമായി അന്വേഷണം പരിമിതപ്പെടുത്തരുത്. കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം അനിവാര്യമാണ്.

ശബരിമല ഡീലിലെന്ന പോലെ പിണറായി വിജയനെയും സിപിഎമ്മിനെയും രക്ഷിക്കാൻ വി.ഡി. സതീശൻ സർക്കാർ ഒത്തുകളിക്കരുത്. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ പേരിലും ഇൻഡി സഖ്യത്തിലെ ഘടകകക്ഷിയായ സിപിഎമ്മിനെതിരായ അന്വേഷണം ഒഴിവാക്കുന്നതിനായും കേന്ദ്ര ഏജൻസികളെ അകറ്റിനിർത്തുന്ന ഏതെങ്കിലും രാഷ്ട്രീയ ധാരണ കേരളത്തിൽ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരും. വി.ഡി. സതീശൻ പിണറായി വിജയനുമായി ഏതെങ്കിലും ഡീൽ ഉണ്ടാക്കി റിപ്പോർട്ടർ കൊള്ള അട്ടിമറിക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്യരുതെന്നും അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റക്കാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും, ആവശ്യമായ സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും വേണം.

ഇതിലെ ഇടനിലക്കാരനെതിരെ പത്തൊൻപതോളം കേസുകൾ നിലവിലുണ്ടെന്നും അതിൽ വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളും അന്താരാഷ്ട്ര ഏജൻസികളുമായുള്ള ബന്ധവും സംബന്ധിച്ച് ഗുരുതരമായ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണം അന്വേഷിക്കേണ്ടതാണ്.

അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടും നടപടി വൈകിയത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന് സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറുകയാണ് ഉചിതമായ മാർഗം.

യാതൊരു രാഷ്ട്രീയ ഡീലിനും വഴങ്ങാതെ, റിപ്പോർട്ടർ കൊള്ളയെന്ന് ആരോപിക്കപ്പെടുന്ന മുഴുവൻ ഇടപാടുകളിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണത്തിന് വി.ഡി. സതീശൻ സർക്കാർ അടിയന്തരമായി തീരുമാനിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News