Enter your Email Address to subscribe to our newsletters

Thiruvananthapuram, 14 ഓഗസ്റ്റ് (H.S.)
ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്ണ്ണാടകയില് നിന്ന് കേരളത്തിലേക്ക് കൂടുതല് ബസ്സ് സര്വീസ് നടത്തണമെന്ന കെസി വേണുഗോപാല് എംപിയുടെ നിര്ദ്ദേശം അനുസരിച്ച് 150 സര്വീസ് നടത്താന് ഉത്തരവ് നല്കി ഗതാഗത മന്ത്രി ബിഎസ് ബൈരതി സുരേഷ്.
ബാംഗ്ലൂരില് നിന്ന് 60 ബസുകളാണ് ആദ്യം ഷെഡ്യൂള് ചെയ്തിരുന്നത്. എന്നാല് ട്രെയിനില് ടിക്കറ്റ് കിട്ടാത്ത സാഹചര്യവും സ്വകാര്യബസ്സുകളുടെ അമിത ടിക്കറ്റ് നിരക്കും കേരളത്തിലേക്കുള്ള യാത്രക്കാര്ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് ബസ് സര്വീസിന്റെ എണ്ണം വര്ധിപ്പിക്കാന് കെസി വേണുഗോപാല് ആവശ്യപ്പെട്ടത്. കോഴിക്കോട്,കോട്ടയം, പാലക്കാട്,തൃശ്ശൂര്, എറണാകുളം, ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം, കാസര്ഗോഡ് എന്നീ ജില്ലകളിലേക്ക് ബസ് സര്വീസ് നടത്തുക. ഓണം ആഘോഷിക്കാനെത്തുന്നവര്ക്ക് ഈ സര്വീസുകള് ഏറെ ഗുണം ചെയ്യും. ഈ മാസം 21 മുതല് 25 വരെയാണ് അവിടെ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്വീസ് ഷെഡ്യൂള് ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് കര്ണ്ണാടകയിലേക്കുള്ള മടക്ക സര്വീസുകള് 27 മുതല് 30 വരെയുള്ള ദിവസങ്ങളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള് അപര്യാപ്തമായതിനാല് കേരളത്തിലേക്ക് കൂടുതല് ഓണം സ്പെഷ്യല് ട്രെയിനുകള് അനുവദിക്കണമെന്ന് പി.എ.സി. ചെയര്മാനും എ.ഐ.സി.സി. ജനറല് സെക്രട്ടറിയുമായ കെ.സി. വേണുഗോപാല് എം.പി. ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയില്വേ മന്ത്രി അശ്വനി വൈഷ്ണവുമായി അദ്ദേഹം ചര്ച്ച നടത്തി.
ഡല്ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില് നിന്ന് കേരളത്തിലെ പ്രധാന റെയില്വേ സ്റ്റേഷനുകളിലേക്ക് ഓഗസ്റ്റ് 23, 24 തീയതികളില് അധിക ട്രെയിനുകള് അടിയന്തരമായി അനുവദിക്കണമെന്നാണ് കെ.സി. വേണുഗോപാല് ആവശ്യപ്പെട്ടത്.
പ്രധാന നഗരങ്ങളില് നിന്ന് കേരളത്തിലേക്ക് സര്വീസ് നടത്തുന്ന സ്ഥിരം ട്രെയിനുകളിലെ സീറ്റുകളെല്ലാം ഇതിനകം നിറഞ്ഞിരിക്കുകയാണ്. പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള് പോലും ലഭ്യമല്ല. ഇതുമൂലം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന മലയാളി തൊഴിലാളികള്, വിദ്യാര്ഥികള്, കുടുംബങ്ങള് എന്നിവര്ക്ക് ഓണക്കാലത്ത് നാട്ടിലെത്താന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത് കടുത്ത യാത്രാദുരിതത്തിനും കാരണമാകുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയം പല ഘട്ടങ്ങളിലായി കേന്ദ്ര റെയില്വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാല് ഓര്മിപ്പിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മന്ത്രിക്ക് കത്തും നല്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR