Enter your Email Address to subscribe to our newsletters

Kozhikode , 14 ഓഗസ്റ്റ് (H.S.)
രാജ്യത്തിൻ്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ 10,000 ഗായകർ അണിനിരക്കുന്ന സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പാട്ടിൻ്റെ കൂട്ടുകാർ എന്ന കൂട്ടായ്മയാണ് കേരളം പാടുന്നു ദേശത്തിനായി എന്ന പേരിൽ ദേശീയോദ്ഗ്രഥന പരിപാടി ഒരുക്കുന്നത്. ബീച്ചിലെ ഫ്രീഡം സ്ക്വയറിന് മുൻപിലായി ഇന്ത്യയുടെ ഭൂപട മാതൃകയിൽ അണിനിരന്നാണ് ഗായകർ ദേശഭക്തിഗാനങ്ങൾ ആലപിക്കുക.
പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. മന്ത്രി എപി അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാട്ടിൻ്റെ കൂട്ടുകാർ പബ്ലിക്കേഷൻസിൻ്റെ ആദ്യ പുസ്തകമായ ഗാനമേളകളുടെ ചരിത്രം മന്ത്രി കെഎം ഷാജി പ്രകാശനം ചെയ്യും. ബി വേണുഗോപാലൻ നായരാണ് പുസ്തകം രചിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയും പ്രശസ്തമായ ദേശഭക്തിഗാനമായ സാരേ ജഹാം സേ അച്ഛായുമാണ് 10,000 പേർ ചേർന്ന് ആലപിക്കുന്നത്. എട്ട് മിനിറ്റാണ് ഈ പരിപാടിയുടെ ദൈർഘ്യം. തുടർന്ന് 20 പേർ ചേർന്ന് വേദിയിൽ വന്ദേമാതരം ആലപിക്കും. ഇതിനുശേഷം അരമണിക്കൂർ നീളുന്ന സ്വാതന്ത്ര്യ സമര സംഗമവും നടക്കുമെന്ന് പരിപാടിയുടെ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാനും ചീഫ് കോർഡിനേറ്റർ നയാസ് ഇല്യാസും വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് 1210 ഗായകരെ പങ്കെടുപ്പിച്ച് സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടാലൻ്റ് റെക്കോഡ് ബുക്കിൻ്റെ ലോക റെക്കോഡ് ലക്ഷ്യമിട്ട് ഇത്തവണ വിപുലമായ രീതിയിൽ സംഗീതവിരുന്ന് ഒരുക്കുന്നത്.
വിപുലമായ ഒരുക്കങ്ങൾ
ഡോക്ടർ ബി വേണുഗോപാൽ നായരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിൽ നിന്നുമുള്ള സാധാരണക്കാരായ ആളുകളാണ് ഗായകരായി എത്തുന്നത്. യാത്രാസൗകര്യം പരിഗണിച്ചാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നാണ് കൂടുതൽ പേർ പങ്കെടുക്കുന്നത്. ആറുമാസം മുൻപാണ് ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ആളുകളെ ആകർഷിക്കുന്നതിനായി ജില്ലകൾ തോറും കരോക്കെ ഗാനമേളകളും സൗജന്യ ഗാനമേള മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മലബാർ മേഖലയിൽ പ്രത്യേകിച്ച് മലപ്പുറത്ത് മാപ്പിളപ്പാട്ട് മത്സരങ്ങളും നടത്തി. തുടർന്ന് ചെറിയ കമ്മിറ്റികൾ രൂപീകരിക്കുകയും കൂടുതൽ പേരെ കൂട്ടായ്മയിലേക്ക് ആകർഷിക്കുകയും ചെയ്തു. 25 പേർക്ക് ഒരു കോർഡിനേറ്റർ എന്ന നിലയിലാണ് ക്രമീകരണം. ഇത്തരം 10 കോർഡിനേറ്റർമാർക്ക് ഒരു ടീം കോർഡിനേറ്ററെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12ന് രജിസ്ട്രേഷൻ ആരംഭിക്കും. കൗണ്ടറിൽ വച്ച് പാടുന്നവർക്കുള്ള യൂണിഫോം വിതരണം ചെയ്യും. ദേശീയ പതാകയുടെ നിറങ്ങളായ കുങ്കുമം, വെള്ള, പച്ച എന്നിവ സംയോജിപ്പിച്ചാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം തൊപ്പിയും നൽകും. ഓരോ വ്യക്തിയുടെയും വസ്ത്രത്തിൻ്റെ അളവ് ജില്ലകളിലെ അതാത് കമ്മിറ്റികൾ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി കോഴിക്കോട് കേന്ദ്രീകരിച്ച് വിപുലമായ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടിൻ്റെ സാംസ്കാരിക പൈതൃകവും രാജ്യസ്നേഹവും വിളിച്ചോതുന്ന ഈ വലിയ സംഗീത വിരുന്നിൽ പങ്കാളികളാകാനും ആസ്വദിക്കാനുമായി നിരവധി ആളുകളാണ് ബീച്ചിലേക്ക് എത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR