Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ഓഗസ്റ്റ് (H.S.)
ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകും.
ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ-പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ ഉണ്ടായിരിക്കും. ശബരിമല തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്.
മുൻകൂട്ടി ബുക്കിങ് സൗകര്യം
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ തിരക്ക്, യാത്രാ ആവശ്യം എന്നിവ നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിനും കെഎസ്ആർടിസി നടപടി സ്വീകരിക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി വിവിധ യൂണിറ്റുകളുമായും കൺട്രോൾ റൂമുമായും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി പമ്പ: 04735203445, 9497024092. കെഎസ്ആർടിസി ചെങ്ങന്നൂർ: 9188933750. കെഎസ്ആർടിസി പത്തനംതിട്ട: 9188933744. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂം: 9447071021, 04712463799.
ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ (ആഗസ്റ്റ് 17) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.
ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം 1 ന് നടക്കും. രാവിലെ ഉഷ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്റെ ചുമതല. ചിങ്ങം 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്റ്റ് 24 ന് ശബരിമല നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR