തലസ്ഥാനത്ത് രാത്രി നടത്തവുമായി വനിത കൂട്ടായ്മ
Thiruvananthapuram, 14 ഓഗസ്റ്റ് (H.S.) സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് വിപുലമായ വനിത കൂട്ടായ്മ സംഘടിപ്പിക്കുന്നു. റീസർജ് സെയ്ഫ് വിമെൻ സെയ്ഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഓഗസ്റ്റ്
Women Safety Event Kerala


Thiruvananthapuram, 14 ഓഗസ്റ്റ് (H.S.)

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് വിപുലമായ വനിത കൂട്ടായ്മ സംഘടിപ്പിക്കുന്നു. റീസർജ് സെയ്ഫ് വിമെൻ സെയ്ഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഓഗസ്റ്റ് 14ന് രാത്രി 9.30ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. 15ന് പുലർച്ചെ ഒരുമണിവരെ നീളുന്ന പരിപാടിയിൽ പ്രവേശനം പൂർണമായും സൗജന്യമാണ്.

ലക്ഷ്യവും സന്ദേശവും

തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്സിറ്റി കോളജ് ജംഗ്ഷന് മുതൽ ആയുർവേദ കോളജ് ജംഗ്ഷന് വരെയുള്ള പാതയിലാണ് വിവിധ പരിപാടികൾ അരങ്ങേറുന്നത്. പുനരുത്ഥാനം, പുതുജീവൻ എന്നീ ആശയങ്ങളെയാണ് റീസർജ് എന്ന വാക്കിലൂടെ പ്രതിനിധീകരിക്കുന്നത്. ഭയത്തിൻ്റെ അതിർവരമ്പുകൾ മറികടന്ന് സ്വന്തം ഇടം സ്വയം ഏറ്റെടുത്ത് മുന്നോട്ടുവരുന്ന സ്ത്രീശക്തിയെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യം പകലിൽ മാത്രമല്ല രാത്രിയിലും എന്നതാണ് പരിപാടിയുടെ പ്രധാന സന്ദേശമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സെയ്ഫ് വിമെൻ സെയ്ഫ് കേരള എന്ന ആശയത്തിലൂന്നിയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.

സ്ത്രീ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും തൊഴിൽ പങ്കാളിത്തത്തിലും കേരളം രാജ്യത്ത് തന്നെ മുൻപന്തിയിലാണ്. എങ്കിലും രാത്രിയിൽ പൊതുസ്ഥലങ്ങളിലൂടെ ഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുമോ എന്ന ചോദ്യം സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഐടി, ആരോഗ്യ മേഖലകളിൽ ഉൾപ്പെടെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരും പഠനത്തിനും ചികിത്സയ്ക്കുമായി യാത്ര ചെയ്യുന്നവരുമായ ആയിരക്കണക്കിന് സ്ത്രീകൾക്ക് രാത്രിയും ജീവിതത്തിൻ്റെ ഭാഗമാണ്. രാത്രിയിലെ പൊതു ഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സാമൂഹിക ബോധം ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സ്ത്രീകളുടെ സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കാൻ സാധിക്കും. സ്ത്രീസുരക്ഷ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം നൽകൽ, സ്വയരക്ഷ, ആരോഗ്യം, കായികക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കൽ എന്നിവയും ലക്ഷ്യമിടുന്നു. ഇതിന് പുറമെ വനിത സംരംഭകർക്ക് മികച്ച വിപണനാവസരം ഒരുക്കാനും വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും കൂട്ടായ്മയിലൂടെ സ്ത്രീസൗഹൃദ നഗരമെന്ന ആശയം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും പരിപാടിയിലൂടെ സാധിക്കും.

വിവിധ കലാപരിപാടികൾ

വനിത ബുള്ളറ്റ് റൈഡേഴ്സിൻ്റെ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഷീ സൈക്ലിങ് കൂട്ടായ്മയിലെ 25 വനിതകളുടെ സൈക്കിൾ റാലി, ടീം പൂജപ്പുരയിലെ 40 പെൺകുട്ടികളുടെ സ്കേറ്റിങ്, 40 പെൺകുട്ടികളുടെ കളരിപ്പയറ്റ് പ്രകടനം എന്നിവ അരങ്ങേറും. കേരള പൊലീസ് നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക സ്വയരക്ഷ പരിശീലനവും നൽകും. ഇന്ത്യൻ എയർഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ പ്രദർശന സ്റ്റാളുകൾ, കലാകാരികളുടെ നൃത്താവതരണം, വിവിധ കോളജുകളിലെ വിദ്യാർഥിനികളുടെ നൃത്തം, സംഗീതം, കവിതാവതരണം തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും.

എല്ലാവർക്കും പങ്കെടുക്കാവുന്ന സൂംബ സെഷനും സംഘടിപ്പിക്കുന്നുണ്ട്. 30 വനിത സംരംഭകർ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന സംരംഭക പ്രദർശനം, സ്ത്രീകൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള വാൾ ഓഫ് ഫ്രീഡം എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ത്രീസുരക്ഷ ആപ്പുകളുടെയും ഹെൽപ് ലൈനുകളുടെയും പ്രദർശനം, പൊലീസ് ഹെൽപ് ഡെസ്ക്, ഷീ ടീം സംവിധാനം എന്നിവയും ഉണ്ടാകും. ഭക്ഷണശാലകളും രാത്രിച്ചന്തയും ഒരുക്കുന്നതിനൊപ്പം പ്രഥമശുശ്രൂഷ, ആംബുലൻസ്, കുടിവെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കും.

വനിത ശിശുവികസന വകുപ്പ്, ആഭ്യന്തര വകുപ്പ്, കേരള പൊലീസ്, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഗതാഗത വകുപ്പുകൾ എന്നിവർ ചേർന്നാണ് പരിപാടി ഏകോപിപ്പിക്കുന്നത്. കൂടാതെ വനിത കമ്മിഷൻ, യുവജന കമ്മിഷൻ, കുടുംബശ്രീ, ഇന്ത്യൻ എയർഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷൻ, കോളജ് വിദ്യാർഥിനികൾ, വനിത സംരംഭകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News