Enter your Email Address to subscribe to our newsletters

Kochi, 14 ഓഗസ്റ്റ് (H.S.)
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി നിലപാട് കടുപ്പിക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി എസ്. ശശിധരനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും കുറ്റപത്രം നൽകാൻ അനാവശ്യമായി വൈകുന്നതായും നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കർശന നിർദ്ദേശം നൽകിയത്.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി നബാർഡും പിന്നാക്ക വികസന കോർപ്പറേഷനും അനുവദിച്ച ഗ്രാൻഡുകളും കുറഞ്ഞ പലിശയ്ക്കുള്ള വായ്പകളും വിനിയോഗിച്ച് അഴിമതി നടത്തി എന്നാണ് കേസ്. എസ്എൻഡിപി യോഗത്തിന്റെ വിവിധ യൂണിയനുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ നൽകേണ്ട തുക അമിത പലിശ ഈടാക്കി ഗുണഭോക്താക്കൾക്ക് നൽകുകയും, വ്യാജ സ്വയംസഹായ സംഘങ്ങളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് സർക്കാരിനെ വഞ്ചിക്കുകയും ചെയ്തതായി വിജിലൻസ് കണ്ടെത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതിൽ 17 കേസുകളിൽ കുറ്റപത്രം പൂർത്തിയായതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. മൊത്തമുള്ള 124 കേസുകളിൽ സമാനമായ ആരോപണങ്ങളുള്ള കേസുകൾ ഏകീകരിച്ച് ഒറ്റ കുറ്റപത്രമായി നൽകാനാണ് ശ്രമിക്കുന്നതെന്നും, പുൽപള്ളി, റാന്നി, മാനന്തവാടി തുടങ്ങിയ യൂണിയനുകളിലെ ക്രമക്കേടുകളിൽ അഴിമതി നിരോധന നിയമപ്രകാരം തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വിജിലൻസ് വ്യക്തമാക്കി. അതേസമയം, 30 പരാതികളിൽ നിയമനടപടിക്കുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ, വിജിലൻസിന്റെ ഈ റിപ്പോർട്ട് അപൂർണ്ണമാണെന്നും എത്ര കേസുകളിൽ കൃത്യമായ നടപടിയുണ്ടായി എന്നതിൽ കൃത്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും വിചാരണ ഘട്ടത്തിലേക്ക് കടക്കാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വെള്ളാപ്പള്ളി നടേശനു പുറമേ എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ. സോമൻ, മൈക്രോ ഫിനാൻസ് മുൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ.കെ. മഹേശൻ, പിന്നാക്ക വികസന കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥർ എന്നിവരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. അന്വേഷണം വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആജ്ഞാപിച്ചത്
---------------
Hindusthan Samachar / Roshith K