Enter your Email Address to subscribe to our newsletters

New delhi, 14 ഓഗസ്റ്റ് (H.S.)
രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരീക്ഷാക്രമക്കേടുകള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം. രാജ്യത്തെ പൊതുപരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും പൂര്‍ണമായി തടയുന്നതിനായി സര്‍ക്കാര്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. വിദ്യാര്‍ഥികളാണ് ഭാരതത്തിന്റെ നാളത്തെ ശില്‍പികളെന്നും, പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിശ്വസനീയവുമാക്കുകയാണ് ഈ പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്കായി സര്‍ക്കാരും സമൂഹവും ഒന്നിച്ചുനില്‍ക്കുന്നത് പോലെ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വസനീയത ഉറപ്പാക്കാനും ഏവരുടെയും കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
യുവാക്കള്‍ക്കിടയില്‍ തൊഴിലന്വേഷകര്‍ക്ക് പകരം സംരംഭകരാകാനുള്ള സംസ്‌കാരം വളര്‍ന്നുവരുന്നത് പ്രതീക്ഷാജനകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്ത് രൂപപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്നത് ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തുന്നു. കൂടാതെ യുവാക്കളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് പ്രാധാന്യം നല്‍കണമെന്നും 'ഖേലോ ഇന്ത്യ' പോലുള്ള പദ്ധതികളിലൂടെ കായിക മേഖലയില്‍ വലിയ നിക്ഷേപങ്ങളാണ് രാജ്യം നടത്തുന്നതെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സായുധസേനയുടെ സമാനതകളില്ലാത്ത ധീരതയെ രാഷ്ട്രപതി പ്രശംസിച്ചു. ഭീകരവാദത്തിനെതിരെയുണ്ടായ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈന്യത്തിന്റെ കൃത്യതയാര്‍ന്ന ശേഷിയും നിശ്ചയദാര്‍ഢ്യവും തെളിയിക്കുന്നതായിരുന്നു. ഭീകരര്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും എവിടെ ഒളിച്ചാലും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കിയത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് രാജ്യത്തിന്റെയും കര്‍ഷകരുടെയും താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിര്‍ണ്ണായക തീരുമാനമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി വലിയ വെല്ലുവിളിയായിരുന്ന നക്സലിസം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചത് വലിയൊരു നേട്ടമാണ്. മുന്‍പ് അശാന്തമായിരുന്ന നക്സല്‍ ബാധിത മേഖലകള്‍ ഇന്ന് വികസനത്തിന്റെയും ഉല്ലാസത്തിന്റെയും പുതിയ പാതയിലാണ്. ബുദ്ധഭഗവാന്റെ ആദ്യ പ്രസംഗ പീഠമായ സാരാനാഥ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചതും വികസനത്തിനൊപ്പം പൈതൃകം സംരക്ഷിക്കുന്നതിന്റെ തെളിവാണ്. 'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നിയുള്ള സമാധാനപരമായ നയതന്ത്രബന്ധങ്ങള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.
സാമ്പത്തിക രംഗത്ത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി തുടരുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ടായിരുന്ന 25 കോടിയിലധികം ആളുകളെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതും പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ കോടിക്കണക്കിന് ആളുകളെ ബാങ്കിംഗ് ശൃംഖലയുടെ ഭാഗമാക്കിയതും വലിയ നേട്ടങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇടപാട് ശൃംഖല കൈയാളുന്ന രാജ്യമായി ഇന്ത്യ മാറി. മൂന്ന് കോടി 'ലഖ്പതി ദീദി'മാരെ സൃഷ്ടിക്കാനായെന്നും ആ ലക്ഷ്യം ഇനി ആറ് കോടിയായി ഉയര്‍ത്തുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു.
കായിക രംഗത്തും ഭരണരംഗത്തും സ്ത്രീ ശാക്തീകരണം ഉറപ്പാക്കാന്‍ കൊണ്ടുവന്ന 'നാരി ശക്തി വന്ദന്‍ അധീനിയം ' ജനകീയ ജനാധിപത്യത്തെ കൂടുതല്‍ പങ്കാളിത്തമുള്ളതാക്കി മാറ്റുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം വേഗത്തില്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി.
---------------
Hindusthan Samachar / Sreejith S