Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. മുൻ വർഷത്തേക്കാൾ ഭക്തരുടെ എണ്ണത്തിൽ ഇക്കുറി വർദ്ധനവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും വകുപ്പുകളുടെ ഏകോപനത്തോടെ ഭക്തർക്ക് സുഖദർശനമൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലകാലത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ രണ്ടാം തവണയാണ് മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. ഓണത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പമ്പയിലെത്തി പ്രത്യേക അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
പ്രസാദം തയ്യാറാക്കുന്നതിനുള്ള സാധനങ്ങളുടെ ടെണ്ടർ നടപടികളിൽ ഇക്കുറി കാലാമസമുണ്ടായെന്നും അപ്പം, അരവണ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സജ്ജമാക്കും. പ്രസാദ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തീർത്ഥാടകർക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയും നടത്തുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.
മഴക്കാലത്ത് തകർന്ന ഇടറോഡുകൾ ഉൾപ്പെടെ ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രായോഗ്യമാക്കും. ദേവസ്വത്തിന്റെ കീഴിലുള്ള ചാലക്കയം - പമ്പ റോഡിന്റെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തിയാക്കും. കെ.എസ് ആർ.ടി.സി കൂടുതൽ ബസ് സർവീസുകൾ ഒരുക്കും.
പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പമ്പ നദി ശുചീകരിക്കുന്നതിനൊപ്പം പമ്പയിലെ ശൗചാലയങ്ങൾ, തുണിവാരൽ തുടങ്ങിയ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും. സന്നിധാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിനും ഹോട്ടലുകളിലും സ്ഥാപനങ്ങളിലും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിനും നടപടിയെടുക്കും. ശുചിത്വ മിഷന്റെ സഹകരണത്തോടെ ത്രീ ബിൻ സംവിധാനം കർശനമായി നടപ്പാക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി അംഗീകൃത ലാബ് സജ്ജീകരിക്കും.
ആശുപത്രി, ആംബുലൻസ് സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. തീർത്ഥാടന ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പോലീസുകാർക്ക് ആവശ്യമായ പെരുമാറ്റ പരിശീലനം ഉറപ്പാക്കാനും യോഗത്തിൽ നിർദേശം നൽകി. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ പ്രത്യേക സ്‌കൂബ ടീമിനെ സജ്ജമാക്കും. ഭക്തരുടെ സുരക്ഷ മുൻനിർത്തി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കും.
ദേവസ്വം ബോർഡ് നേരിട്ട് നടത്തുന്ന ഇടത്താവളങ്ങളിൽ പന്തൽ, വിശ്രമകേന്ദ്രം, അന്നദാനം, ശൗചാലയം, പാർക്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള മുറികൾ തിട്ടപ്പെടുത്തി കുറഞ്ഞത് 500 മുറികൾ ലഭ്യമാക്കാനും റൂം അലോട്ട്‌മെന്റ് പൂർണമായും ഓൺലൈനാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ ക്രൗഡ് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കും. എ.ഐ സാങ്കേതികവിദ്യയും ക്യാമറകളും ഉപയോഗിച്ച് തിരക്ക് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പോലീസുമായി സഹകരിച്ച് പൈലറ്റ് അടിസ്ഥാനത്തിൽ മേജർ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തീർത്ഥാടകർക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കി സുഗമവും സുരക്ഷിതവുമായ ശബരിമല തീർത്ഥാടനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പഴകുളം മധു, കെ.യു.ജെനിഷ് കുമാർ, സി.വി.ശാന്തകുമാർ, ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ വിവിധ വകുപ്പ് മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S